News18 MalayalamNews18 Malayalam
|
news18-malayalam
Updated: March 2, 2021, 11:33 PM IST
kk shailaja vaccine
തിരുവനന്തപുരം; ആരോഗ്യമന്ത്രി കെ കെ ശൈലജ വാക്സിൻ എടുത്തതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ ഉയർന്ന പ്രചരണങ്ങൾക്ക് മറുപടിയുമായി മന്ത്രി രംഗത്തെത്തി. 'ഞാൻ കോവിഡ് വാക്സിനേഷൻ എടുത്തതിനെ പരിഹസിച്ചുകൊണ്ട് ചിലർ പോസ്റ്റ് ഇടുന്നതായി കണ്ടു. അത്തരക്കാരോട് പ്രതികരിക്കേണ്ടതില്ലെന്ന് അറിയാം. എങ്കിലും ഒരു മഹാമാരിക്കെതിരായ പ്രതിരോധപ്രവർത്തനത്തെ പോലും പരിഹസിക്കുന്ന രാഷ്ട്രീയ ദുഷ്ടലാക്ക് ജനങ്ങൾ തിരിച്ചറിയണം. ബ്ളൗസ് മുതുകിൽ നിന്ന് താഴ്ത്തി ഇഞ്ചക്ഷൻ എടുക്കുമ്പോൾ സാരി കൊണ്ട് മറയും എന്ന് അറിയായ്കയല്ല. കിട്ടിയത് ആയുധമാക്കാമോ എന്ന് നോക്കിയതാണ്. വാക്സിൻ എടുക്കാൻ ആർക്കെങ്കിലും മടിയുണ്ടെങ്കിൽ അവരെ പ്രേരിപ്പിക്കുന്നതിനാണ് മന്ത്രിമാരും മറ്റും വാക്സിൻ എടുക്കുന്ന വാർത്ത കൊടുക്കുന്നത്. ഏതു നല്ല കാര്യത്തെയും പരിഹസിക്കാൻ ചുമതലയെടുത്തവരോട് സഹതാപമേയുള്ളു'- മന്ത്രി കെ കെ ശൈലജ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കോവിഡ്-19 വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ നിന്നും കോവിഡ് വാക്‌സിന്‍ സ്വീകരിച്ചുവെന്ന് നേരത്തെ ഫോട്ടോ സഹിതം ഫേസ്ബുക്കിൽ മന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രി വാക്സിൻ എടുത്തപ്പോൾ ബ്ലൌസ് മാറ്റിയില്ലെന്ന വിമർശനവും പരിഹാസവും സോഷ്യൽ മീഡിയയിൽ നിറഞ്ഞത്. ഇതേത്തുടർന്നാണ് വിശദീകരണവുമായി മന്ത്രി രംഗത്തെത്തിയത്.
You May Also Read-
'സന്തോഷകരമായ അനുഭവം; പ്രധാനമന്ത്രി കൈകൂപ്പി, വണക്കം പറഞ്ഞു': വാക്‌സിന്‍ എടുത്ത മലയാളി നഴ്സ്
'ഇതുവരെ നാല് ലക്ഷത്തിലധികം പേര്‍ വാക്‌സിനെടുത്തു കഴിഞ്ഞു. ആര്‍ക്കും തന്നെ ഗുരുതര പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആയിരത്തിലധികം സെന്ററുകള്‍ വാക്‌സിനെടുക്കാന്‍ വിവിധ ജില്ലകളില്‍ തയ്യാറാക്കിയിട്ടുണ്ട്. ഇതുകൂടാതെ പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരത്ത് മാസ് വാക്‌സിനേഷന്‍ കേന്ദ്രം സംഘടിപ്പിച്ചിരുന്നു. അതുപോലെ മാസ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ സാധ്യതയും നോക്കുന്നതാണ്. ഇതോടെ കൂടുതല്‍ ആളുകള്‍ക്ക് ഒരേസമയം വാക്‌സിന്‍ നല്‍കാന്‍ സാധിക്കും. മുന്‍ഗണനാക്രമം അനുസരിച്ച് എല്ലാവരും വാക്‌സിന്‍ എടുക്കേണ്ടതാണ്. പേര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തുവേണം വാക്‌സിന്‍ എടുക്കാന്‍'- മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
'വാക്‌സിന്റെ ആദ്യ ഡോസ് എടുത്ത് കഴിഞ്ഞാല്‍ പ്രതിരോധമായെന്ന് കരുതരുത്. 28 ദിവസം കഴിഞ്ഞ് രണ്ടാമത്തെ ഡോസ് എടുക്കണം. അതുകഴിഞ്ഞ് 14 ദിവസം കഴിഞ്ഞേ പ്രതിരോധശേഷി കൈവരികയുള്ളൂ. അത്രയും ദിവസം ജാഗ്രത തുടരേണ്ടതാണ്. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും തൊട്ടടുത്ത ദിവസങ്ങളില്‍ വാക്‌സിന്‍ എടുക്കുന്നതാണെന്ന് അറിയിച്ചിട്ടുണ്ട്'- മന്ത്രി വ്യക്തമാക്കി.
കേരളത്തില്‍ ഇന്ന് 2938 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 354, മലപ്പുറം 344, കോഴിക്കോട് 334, എറണാകുളം 306, കൊല്ലം 271, പത്തനംതിട്ട 238, കണ്ണൂര്‍ 225, കോട്ടയം 217, തിരുവനന്തപുരം 190, ആലപ്പുഴ 161, പാലക്കാട് 99, കാസര്‍ഗോഡ് 80, ഇടുക്കി 62, വയനാട് 57 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. സൗത്ത് ആഫ്രിക്കയില്‍ നിന്നും വന്ന ഒരാള്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. ഇതോടെ അടുത്തിടെ ഈ രാജ്യങ്ങളില്‍ നിന്നും വന്ന 95 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 82 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
Published by:
Anuraj GR
First published:
March 2, 2021, 11:33 PM IST