ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കോവിഡ് വാക്സിൻ നൽകിയ സംഘത്തിൽ ഉൾപ്പെട്ടതിന്‍റെ സന്തോഷത്തിലാണ് മലയാളി നഴ്സായ റോസമ്മ അനിൽ. എയിംസിലെ നഴ്സായ ഇവർ തൊടുപുഴ സ്വദേശിനിയാണ്. കഴിഞ്ഞ ദിവസം രാവിലെയാണ് കോവിഡ് വാക്സിൻ സ്വീകരിക്കുന്നതിനായി പ്രധാനമന്ത്രി ആശുപത്രിയിലെത്തിയത്.
പ്രധാനമന്ത്രിക്ക് വാക്‌സിൻ നൽകിയ സംഘത്തിൽ ഉൾപ്പെടാൻ കഴിഞ്ഞത് അപ്രതീക്ഷിതമായിരുന്നുവെന്നും വളരെ സന്തോഷമുള്ള ദിവസമായിരുന്നു ഇതെന്നുമാണ് റോസമ്മ പറയുന്നത്. 'കൈകൂപ്പി വണക്കം എന്നു പറഞ്ഞാണ് പ്രധാനമന്ത്രി വന്നത്. നാട് എവിടെയാണെന്നും എത്രനാളായി ഇവിടെ ജോലി ചെയ്യുന്നുവെന്നുമൊക്കെ ചോദിച്ചറിഞ്ഞു. വാക്സിന്‍ സ്വീകരിച്ച് അരമണിക്കൂർ നിരീക്ഷണത്തിലിരുന്നു മറ്റ് ബുദ്ധിമുട്ടുകൾ ഒന്നും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. പോകാന്‍ നേരം നന്ദി പറഞ്ഞാണ് മടങ്ങിയത്' എന്നാണ് റോസമ്മ പറയുന്നത്.
കോവിഡ് വാക്സിൻ ദൗത്യം രണ്ടാംഘട്ടത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം വാക്സിന്‍ സ്വീകരിച്ചത്. ഇന്ത്യ തദ്ദേശീയമായി ഉൽപാദിപ്പിച്ച കോവാക്സിന്റെ ആദ്യ ഡോസാണ് മോദി സ്വീകരിച്ചത്. യോഗ്യരായ പൗരന്മാരെല്ലാം വാക്സീന്‍ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു.
പുതുച്ചേരി സ്വദേശിനിയായ നഴ്‌സ് പി. നിവേദയാണ് നരേന്ദ്ര മോദിക്ക് വാക്സിൻ കുത്തിവയ്പ്പെടുത്തത്. "ഭാരത് ബയോടെക്കിന്റെ കോവാക്സിൻ ആദ്യ ഡോസാണ് പ്രധാനമന്ത്രിക്ക് നൽകിയത്. രണ്ടാമത്തെ ഡോസ് 28 ദിവസത്തിനുള്ളിൽ നൽകും. വാക്സിൻ നൽകിയതിനു ശേഷം ഞങ്ങളുടെ സ്ഥലം എവിടെയാണെന്ന് ആദ്ദേഹം തിരക്കി" - പി നിവേദ പറഞ്ഞു. ‘'വാക്‌സീന്‍ എടുത്തു കഴിഞ്ഞു അല്ലേ, എനിക്കു തോന്നിയതേയില്ല" എന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു എന്നാണ് ഇതിനെക്കുറിച്ച് നിവേദയുടെ പ്രതികരണം.
#WATCH: Prime Minister Narendra Modi took his first dose of the #COVID19 vaccine at AIIMS Delhi today. He was administered Bharat Biotech's COVAXIN. pic.twitter.com/VqqBYZDTFU
'എയിംസില്‍ നിന്ന് കോവിഡ് വാക്‌സിന്റെ ആദ്യഡോസ് സ്വീകരിച്ചു. കോവിഡിനെതിരേയുള്ള ആഗോള പോരാട്ടം ശക്തിപ്പെടുത്തുന്നതിന് നമ്മുടെ ഡോക്ടര്‍മാരും ശാസ്ത്രജ്ഞരും ഉണർന്നു പ്രവർത്തിച്ചത് ശ്രദ്ധേയമാണ്. അര്‍ഹരായ എല്ലാവരും വാക്‌സിന്‍ സ്വീകരിക്കണം. നമുക്ക് ഒറ്റക്കെട്ടായി ഇന്ത്യയെ കോവിഡ് മുക്തമാക്കാം' - എന്നായിരുന്നു വാക്സിൻ സ്വീകരിച്ച ശേഷം മോദി ട്വീറ്റ് ചെയ്തത്.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.