ന്യൂഡല്‍ഹി: ഭാരത് ബയോടെകിന്റെ കോവിഡ് വാക്സിനായ കോവാക്സിന് 77.8 ശതമാനം ഫലപ്രദമെന്ന് മൂന്നാം ഘട്ട പരീക്ഷണ ഫലത്തിന്റെ റിപ്പോര്‍ട്ട്. വാക്സിന് സ്വീകരിച്ചവരില്‍ രോഗബാധയുണ്ടായാല്‍ ആശുപത്രിയില്‍ ചികിത്സ തേടേണ്ട സാധ്യത 100 ശതമാനവും ഇല്ലാതായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക്കും ഐസിഎംആറും ചേര്‍ന്ന് ഇന്ത്യയില്‍ വികസിപ്പിച്ചെടുത്ത വാക്സിനാണ് കോവാക്സിന്.
25,800 പേരിലാണ് കോവാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം നടത്തിയത്. വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിന്റെ വിശദമായ റിപ്പോര്‍ട്ട് കഴിഞ്ഞാഴ്ചയാണ് ഭാരത് ബയോടെക് ഡ്രഗ്സ് കണ്ട്രോളര് ജനറലിന് സമര്‍പ്പിച്ചത്. വിശദമായ പഠനങ്ങള്‍ക്ക് ശേഷം വിദഗ്ധ സമിതി യോഗത്തിലാണ് ഡിസിജിഐ റിപ്പോര്‍ട്ട് അംഗീകരിച്ചത്.
മൂന്നാം ഘട്ട പരീക്ഷണ ഫലം ഡിസിജിഐ അംഗീകരിച്ചതോടെ ലോകാരോഗ്യ സംഘടനയുടെ അടിയന്തര ഉപയോഗത്തിനുള്ള അനുമതി തേടാന്‍ ഭാരത് ബയോടെക്കിന് സാധിക്കും. ക്ലിനിക്കല്‍ പരീക്ഷണം പൂര്‍ത്തിയാക്കും മുന്‍പേ കഴിഞ്ഞ ജനുവരിയില്‍ കോവാക്സിന് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിരുന്നു.
ഭാരത് ബയോടെകിന്റെ കോവിഡ് വാക്സിനായ കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിക്കുന്നതിനായി ലോകാരോഗ്യ സംഘടന ജൂണ്‍ 23ന് രേഖകള്‍ സമര്‍പ്പിക്കുന്നതിനുള്ള പ്രീ-സബ്മിഷന് യോഗം നിശ്ചയിച്ചു. യോഗത്തില്‍ വാക്സിന്റെ വിശദ വിവരങ്ങള്‍ അവതരിപ്പിക്കാന്‍ സാധിക്കില്ലെങ്കിലും സംഗ്രഹം സമര്‍പ്പിക്കാന്‍ അവസരം ലഭിക്കും.
ലോകാരോഗ്യ സംഘടന കോവാക്സിന് ജൂലൈ-സെപ്റ്റംബറോടെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഭാരത് ബയോടെക് കഴിഞ്ഞമാസം പ്രതികരിച്ചിരുന്നു. പുതിതയോ ലൈസെന്‍സില്ലാത്തതോ ആയ ഉല്പന്നം പൊതുജനാരോഗ്യ സംരക്ഷണത്തിന് ഉപയോഗിക്കാന്‍ ലോകാരോഗ്യ സംഘടന അനുമതി നല്‍കുന്നതിന്റെ പ്രധാനഘട്ടമാണ് അടിയന്തപ ഉപയോഗാനുമതി പട്ടികയില്‍ ഉള്‍പ്പെടുകയെന്നത്.
ഇതിനു മുന്നോടിയാണ് പ്രീ-സബ്മിഷന് നടത്തുക. ഇവിടെ വാക്സിന്റെ ഗുണവും പോരായ്മയും പരിശോധിക്കപ്പെടും. വാക്സിന്റെ 90 ശതമാനം വിവരങ്ങളും ഭാരത് ബയോടെക് സമര്‍പ്പിച്ചതയാണ് വിവരം.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.