ദുബായ്: ഇന്ത്യക്കാര്‍ക്കുള്ള പ്രവേശന വിലക്ക് നീട്ടി യുഎഇ. മെയ് 14 വരെയാണ് വിലക്ക് നീട്ടിയിരിക്കുന്നത്. മെയ് നാലിന് വിലക്ക് അവസാനിക്കാനിരിക്കെയാണ് വിലക്ക് നീട്ടിയത്. ഏപ്രില്‍ 22നാണ് ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് യുഎഇ വിലക്കേര്‍പ്പെടുത്തിയത്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് വിലക്ക് നീട്ടിയത്. മെയ് 14 വരെ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് യുഎഇയിലേക്ക് നേരിട്ട് പ്രവേശിക്കാന്‍ കഴിയില്ല. വിവിധ എയര്ലൈുകള് ഇതു സംബന്ധിച്ചുള്ള അറിയിപ്പ് ട്രാവല്‍ ഏജന്‍സികള്‍ക്ക് കൈമാറിയിട്ടുണ്ട്.
അതേസമയം രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം നാല് ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഇന്നലെ രോഗം സ്ഥിരീകരിച്ചത് 3,79,257 പേര്‍ക്കാണ്. 3,645 പേര് ഇന്നെ മരിച്ചതായും ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പറയുന്നു.
Also Read-Covid 19 | കോവിഡ് വ്യാപനം; മെയ് ഒന്നു മുതല്‍ സ്വകാര്യ ബസ് സര്‍വീസുകള്‍ നിര്‍ത്തിവെയ്ക്കുന്നു
നിലവില്‍ ഇന്ത്യയിലെ ആക്ടീവ് കേസുകളുടെ എണ്ണം 30 ലക്ഷമാണ്. രാജ്യത്തെ മൊത്തം മരണനിരക്കും രണ്ട് ലക്ഷം കടന്നു. 2,04,832 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ലോകത്ത് കോവിഡ് ബാധിച്ച് രണ്ട് ലക്ഷത്തിന് മേല്‍ മരിക്കുന്ന രാജ്യങ്ങില്‍ ഇന്ത്യ നാലാമതായി. യുഎസ്, ബ്രസീല്‍, മെക്സിക്കോ എന്നീ രാജ്യങ്ങളിലാണ് മരണസംഖ്യ 2 ലക്ഷത്തിന് മുകളിലുള്ളത്.
അതേസമയം, രാജ്യത്ത് വാക്സിന് സ്വീകരിച്ചവരുടെ എണ്ണം 15 കോടി കടന്നു. 15,00,20,648 പേരാണ് ഇതുവരെ വാക്സിന് എടുത്തത്. 1,50,86,878 പേര് ഇതുവരെ രോഗമുക്തിയും നേടി.
മഹാരാഷ്ട്രയില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ മെയ് 15 വരെ നീട്ടിയതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നത് പരിഹരിക്കുന്നതിനായി ലക്ഷ്യമിട്ടുള്ള ബ്രേക്ക് ദി ചെയിന്‍ കാമ്പയിന് ഭാഗമായി നിലവിലുള്ള കോവിഡ് നിയന്ത്രണങ്ങള്‍ മെയ് 15 രാവിലെ ഏഴു മണിവരെ തുടരുമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി.
Also Read-സംസ്ഥാനത്ത് സ്വകാര്യ ലാബുകളിലെ ആര്‍ടിപിസിആര്‍ പരിശോധന നിരക്ക് കുറച്ചു; 500 രൂപയായി കുറച്ചതായി ആരോഗ്യമന്ത്രി
നേരത്തെ പ്രഖ്യാപിച്ചതുപോലെ തന്നെ അവശ്യ സേവനങ്ങളില്‍ ഉള്ളവരെ മാത്രമേ പൊതുഗതാഗതത്തിന് അനുവദിക്കൂ. എല്ലാ സര്‍ക്കാര്‍ ഓഫീസുകളും 15 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാനും വിവാങ്ങളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 25 ആയി പരമിതപ്പെടുത്താനും ഉത്തരവിട്ടു.
സംസ്ഥാനത്ത് ഇന്ന് 63,309 പുതിയ കോവിഡ് കേസുകളും 985 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് കേസുകളുടെ എണ്ണം 44,73,394 ആയും മരണസംഖ്യ 67,214 ആയും ഉയര്‍ന്നു. അതേസമയം നിയന്ത്രണങ്ങള്‍ തുടരുന്നതിനോടൊപ്പം തന്നെ 2005ലെ ദുരന്തനിവാരണ നിയമ പ്രകാരമുള്ള നടപടികള്‍ തുടരുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
അതേസമയം കേരളത്തില്‍ ഇന്ന് 38,607 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5369, കോഴിക്കോട് 4990, തൃശൂര്‍ 3954, തിരുവനന്തപുരം 3940, മലപ്പുറം 3857, കോട്ടയം 3616, പാലക്കാട് 2411, കൊല്ലം 2058, ആലപ്പുഴ 2043, കണ്ണൂര്‍ 1999, പത്തനംതിട്ട 1245, ഇടുക്കി 1153, കാസര്‍ഗോഡ് 1063, വയനാട് 909 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,57,548 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.5 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,56,50,037 സാമ്പിളുകളാണ് പരിശോധിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.