ഈസ്റ്റർ ദിനത്തിൽ കട്ടച്ചിറ പള്ളിയിൽ സംസ്കാരത്തിനിടെ സംഘർഷം;10 യാക്കോബായ വിശ്വാസികൾക്കും രണ്ട് പോലീസുകാർക്കും പരിക്ക്
- Published by:Sarika N
- news18-malayalam
Last Updated:
വാഹനാപകടത്തിൽ മരിച്ച വിദ്യാർത്ഥി ബേസിൽ ബിനുമോന്റെ മൃതദേഹം സംസ്കരിക്കാൻ വിശ്വാസികൾ സെമിത്തേരിയിൽ പ്രവേശിക്കാനെത്തിയപ്പോഴാണ് സംഭവം
ആലപ്പുഴ: സഭാതർക്കം നിലനിൽക്കുന്ന കായംകുളം കറ്റാനം കട്ടച്ചിറ സെയ്ന്റ് മേരീസ് യാക്കോബായ പള്ളിയിൽ മൃതദേഹ സംസ്കാരവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ പോലീസുകാർക്കും കുട്ടികളടക്കമുള്ള വിശ്വാസികൾക്കും പരിക്ക്. വാഹനാപകടത്തിൽ മരിച്ച വിദ്യാർത്ഥി ബേസിൽ ബിനുമോന്റെ മൃതദേഹം സംസ്കരിക്കാൻ വിശ്വാസികൾ സെമിത്തേരിയിൽ പ്രവേശിക്കാനെത്തിയപ്പോഴാണ് സംഭവം.
ഞായറാഴ്ച വൈകുന്നേരം നാലരയോടെയാണ് സംഘർഷം ആരംഭിച്ചത്. ബേസിലിന്റെ ബന്ധുക്കളായ വൈദികർ സെമിത്തേരിയിൽ പ്രവേശിക്കുന്നത് പോലീസ് തടഞ്ഞതാണ് വിശ്വാസികളെ പ്രകോപിപ്പിച്ചത്. തടസ്സം നീക്കി സെമിത്തേരിയിൽ പ്രവേശിക്കാൻ ശ്രമിച്ച വിശ്വാസികളും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
ഇതിനിടെയുണ്ടായ ലാത്തിച്ചാർജിൽ ഇടവകാംഗങ്ങളായ അനിയൻ ഫിലിപ്പോസ് (82), എമിൽ (11), ഷോണ (13), സ്നേഹ (21), എൽസ (24), ഷിബി (50), എൽദോ മോൻസി (20), ഡീക്കൻ എൽദോജി റോയ് (27), തെക്കേമങ്കുഴി സ്വദേശി തോമസ് (48), വാത്തികുളം സ്വദേശി ഷിബു ഡാനിയൽ (48) എന്നിവർക്ക് പരിക്കേറ്റു. കുറത്തികാട് പോലീസ് സ്റ്റേഷനിലെ എസ്.ഐ. എബി, എ.എസ്.ഐ. രാജേഷ് എന്നിവർക്കും സംഘർഷത്തിൽ പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ എല്ലാവരെയും കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
advertisement
സമാധാനപരമായി സംസ്കാരത്തിനെത്തിയ കുട്ടികളെയും പെൺകുട്ടികളെയും പോലീസ് ക്രൂരമായി മർദിച്ചുവെന്ന് പള്ളി മാനേജിങ് കമ്മിറ്റി ആരോപിച്ചു. സംസ്ഥാന സർക്കാരിന്റെ സെമിത്തേരി ബില്ലിനെ ഉദ്യോഗസ്ഥർ വെല്ലുവിളിക്കുകയാണെന്നും കുറ്റക്കാരായ പോലീസുകാർക്കെതിരെ നടപടി വേണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
എന്നാൽ, നിയമം ലംഘിച്ച് വൈദികർ സെമിത്തേരിയിൽ പ്രവേശിക്കുന്നത് തടഞ്ഞ പോലീസിനെ വിശ്വാസികൾ ആക്രമിക്കുകയായിരുന്നുവെന്നാണ് കുറത്തികാട് പോലീസിന്റെ വിശദീകരണം. പോലീസുകാരുടെ യൂണിഫോം വലിച്ചുകീറുകയും കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തതായും പോലീസ് അറിയിച്ചതായി മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.
സംഘർഷത്തിനിടെ തന്നെ മൃതദേഹം സെമിത്തേരിയിൽ സംസ്കരിച്ചു. സംഭവത്തിൽ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും പോലീസിനെ ആക്രമിച്ചതിനും വിശ്വാസികൾക്കെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു.
Location :
Alappuzha,Alappuzha,Kerala
First Published :
Apr 06, 2026 10:40 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഈസ്റ്റർ ദിനത്തിൽ കട്ടച്ചിറ പള്ളിയിൽ സംസ്കാരത്തിനിടെ സംഘർഷം;10 യാക്കോബായ വിശ്വാസികൾക്കും രണ്ട് പോലീസുകാർക്കും പരിക്ക്









