മലപ്പുറത്ത് 13കാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസ്; അടുത്ത ബന്ധുവിന് 120 വർഷം കഠിന തടവ്
- Published by:Rajesh V
- news18-malayalam
Last Updated:
തിരുവോണ നാളില്‍ ഭാര്യാവീട്ടില്‍ വിരുന്നിനെത്തിയ വാഴക്കാട് സ്വദേശി തൊട്ടടുത്ത മുറിയിൽ ഉറങ്ങുകയായിരുന്ന പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു
മലപ്പുറത്ത് 13കാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസിൽ ബന്ധുവായ 48കാരന് 120 വര്‍ഷം കഠിന തടവ്. 2014 സെപ്റ്റംബറിലാണ് ഭാര്യയുടെ ബന്ധുവായ പെൺകുട്ടിയെ വാഴക്കാട് സ്വദേശി പീഡനത്തിന് ഇരയാക്കിയത്. പ്രതി എട്ട് ലക്ഷം രൂപ പിഴയടക്കാനും മഞ്ചേരി സ്‌പെഷ്യല്‍ പോക്‌സോ കോടതി ഉത്തരവിട്ടു.
2014 സെപ്തംബര്‍ മാസത്തിലാണ് കേസിനാസ്പദമായ സംഭവം. തിരുവോണ നാളില്‍ ഭാര്യാവീട്ടില്‍ വിരുന്നിനെത്തിയതായിരുന്നു വാഴക്കാട് സ്വദേശി. ഭാര്യയുടെ ബന്ധത്തിലുള്ള പെൺകുട്ടി രാത്രി തൊട്ടടുത്ത മുറിയില്‍ കിടന്നുറങ്ങുകയായിരുന്നു. സംസാരിക്കാന്‍ പ്രയാസമുള്ള കുട്ടിയെ പ്രതി വായ പൊത്തിപ്പിടിച്ച ശേഷം ബലാത്സംഗത്തിനിരയാക്കി.
രണ്ടാഴ്ചക്ക് ശേഷവും സമാനമായ രീതിയില്‍ കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കി. ആഴ്ചകള്‍ക്ക് ശേഷം ശാരിരിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച കുട്ടിയെ മാതാവ് ആശുപത്രിയില്‍ കൊണ്ടുപോയി. പരിശോധിച്ച ഡോക്ടര്‍ കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതരാണ് വിവരം പൊലീസില്‍ അറിയിച്ചത്.
advertisement
കൊണ്ടോട്ടി സബ് ഇന്‍സ്‌പെക്ടറായിനുന്ന കെ ശ്രീകുമാര്‍ രജിസ്റ്റര്‍ ചെയ്ത കേസ്സില്‍, ഇന്‍സ്‌പെക്ടര്‍മാരായിരുന്ന സണ്ണിചാക്കോ, ബി സന്തോഷ്, പി കെ സന്തോഷ്, എം സി പ്രമോദ് എന്നിവരാണ് അന്വേഷണം നടത്തിയത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ മൂന്നു വകുപ്പുകളിലും പോക്‌സോ ആക്ടിലെ ഒരു വകുപ്പിലുമായാണ് ശിക്ഷ. നാലു വകുപ്പുകളിലും 30 വര്‍ഷം വീതം കഠിന തടവ്, രണ്ടു ലക്ഷം രൂപ വീതം പിഴ എന്നിങ്ങനെയാണ് ശിക്ഷ. പിഴയടക്കാത്ത പക്ഷം ഓരോ വകുപ്പിലും മൂന്നു വര്‍ഷം വീതം അധിക തടവ് അനുഭവിക്കണം. തടവു ശിക്ഷ ഒരമിച്ചനുഭവിച്ചാല്‍ മതി.
advertisement
പ്രതി പിഴയടക്കുന്ന പക്ഷം തുക ഇരയ്ക്ക് നല്‍കാനും കോടതി വിധിച്ചു. സര്‍ക്കാരിന്റെ വിക്ടിം കോംപന്‍സേഷന്‍ ഫണ്ടില്‍ നിന്നും കുട്ടിക്ക് നഷ്ടപരിഹാരം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കി. പ്രോസിക്യൂഷനുവേണ്ടി ഹാജരായ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ സോമസുന്ദരന്‍ 26 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. 26 രേഖകളും ഹാജരാക്കി. അസി. സബ് ഇന്‍സ്‌പെക്ടര്‍മാരായ എന്‍ സല്‍മ, പി ഷാജിമോള്‍ എന്നിവര്‍ പ്രോസിക്യൂഷനെ സഹായിച്ചു. പ്രതിയെ ശിക്ഷയനുഭവിക്കുന്നതിനായി തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.
Location :
Manjeri,Malappuram,Kerala
First Published :
July 04, 2024 9:20 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
മലപ്പുറത്ത് 13കാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസ്; അടുത്ത ബന്ധുവിന് 120 വർഷം കഠിന തടവ്