വഴി ചോദിക്കാനെന്ന വ്യാജേന കാർ നിർത്തിയ ലോട്ടറി വിൽപ്പനക്കാരനെ ഇടിച്ച് വീഴ്ത്തി പണം കവർന്ന സംഘം പിടിയിൽ
- Published by:user_57
- news18-malayalam
Last Updated:
എടത്വാ പൊലീസ് പ്രതികളെ പിടികൂടിയത് തിരുവനന്തപുരം കാട്ടാക്കടയിൽ നിന്ന്
ആലപ്പുഴ: ലോട്ടറി വിൽപ്പനക്കാരനെ കാർ ഇടിച്ച് വീഴ്ത്തി പേഴ്സ് തട്ടിയെടുത്ത പ്രതികൾ പിടിയിൽ. ആലപ്പുഴ എടത്വായിലാണ് കേസിന് ആസ്പദമായ സംഭവം. ലോട്ടറി വിൽപ്പനക്കാരനെ കാർ കൊണ്ട് ഇടിച്ച ശേഷം പേഴ്സുമായി കടന്നു കളഞ്ഞ പ്രതികളെ തിരുവനന്തപുരം കാട്ടാക്കടിയിൽ വെച്ച് എടത്വാ പോലീസ് പിടികൂടുകയായിരുന്നു.
തിരുവനന്തപുരം കാട്ടാക്കട കുളത്തുമ്മേൽ അഭിലാഷ് (30), സുരേഷ് ഭവനിൽ ജോൺ (കണ്ണൻ, 28), പുത്തൻ വീട്ടിൽ ലിനു (ബിനുക്കുട്ടൻ, 44) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. എടത്വാ അമ്പ്രമൂലയിൽ വെച്ച് കാറിലെത്തിയ മൂവർ സംഘം ലോട്ടറി വിൽപ്പനക്കാരനായ മിത്രക്കരി കൈലാസം ഗോപകുമാറിനെ (53) കാർ ഇടിപ്പിച്ച ശേഷം പേഴ്സ് തട്ടിയെടുത്ത് കടന്നുകളഞ്ഞിരുന്നു. സി.സി.ടി.വി. ദൃശ്യം പരിശോധിച്ച പോലീസിന് മോഷണ ശേഷം ഇവർ ആലപ്പുഴ പെട്രോൾ പമ്പിൽ എത്തിയതായി സൂചന ലഭിച്ചു.
ജില്ലാ പോലീസ് മേധാവിയുടെ നിയന്ത്രണത്തിലുള്ള പോലീസ് കൺട്രോൾ ക്യാമറയിൽ ഓച്ചിറ ഭാഗത്തുവെച്ച് കാറിന്റെ ചിത്രം പതിഞ്ഞു. ജില്ലാ പോലീസ് മേധാവി ജി. ജയദേവിന്റെ നിർദ്ദേശ പ്രകാരം സംസ്ഥാന സ്പെഷ്യൽ സ്ക്വോഡിന് നിർദ്ദേശം കൈമാറി. സ്പെഷ്യൽ സ്ക്വോഡിന്റെ അന്വേഷണത്തിൽ കാർ തിരുവനന്തപുരം കാട്ടാക്കട ഭാഗത്ത് നിന്ന് കണ്ടെത്തി.
advertisement
ഡിവൈഎസ്പി സുരേഷ് കുമാർ എസ്.ടിയുടെ നേതൃത്വത്തിൽ അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ തിരച്ചിലിലിൽ ബുധനാഴ്ച രാത്രി 8.30ഓടെ പ്രതികൾ സഞ്ചരിച്ചിരുന്ന കാറും പ്രതികളേയും പോലീസ് പിടികൂടി. പ്രതികൾ സഞ്ചരിച്ചിരുന്ന കാറിന്റെ പിന്നിൽ കർട്ടൻ ഇട്ടിരുന്നതാണ് പിടികൂടാൻ സഹായിച്ചത്.
കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ 6.30നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാറിലെത്തിയ സംഘം ഗോപകുമാറിനോട് റോഡിൽ വെള്ളം കെട്ടിക്കിടക്കുന്നുണ്ടോയെന്ന് തിരക്കി. ഇല്ലെന്നു പറഞ്ഞതോടെ കാറിലെത്തിയവർ അല്പദൂരം മുന്നോട്ട് പോയിട്ട് തിരികെ വന്നു. എടത്വാ ജംഗ്ഷനിലേക്കാണെങ്കിൽ കാറിൽ കയറിയാൽ അവിടെ വിടാമെന്ന് അറിയിച്ചതിനെ തുടർന്ന് ഗോപകുമാർ കാറിൽ കയറി. അൽപത് മീറ്റർ ദൂരെ എത്തിയപ്പോൾ വിജനമായ സ്ഥലത്തുവെച്ച് ഗോപകുമാറിനെ പുറത്തേയ്ക്ക് വലിച്ചിട്ടു.
advertisement
എതിർക്കാൻ ശ്രമിച്ച ഗോപകുമാറിനെ ഇടിച്ചു വീഴ്ത്തി മൂവരും കടന്നു കളഞ്ഞിരുന്നു. ഗോപകുമാറിന്റെ കാലിന് ഒടിവ് സംഭവിച്ചിരുന്നു. ഇയാൾ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. സി.ഐ. ആനന്ദ ബാബുവിന്റെ നേതൃത്വത്തിൽ എടത്വാ എസ്.ഐ. ഷാംജി, സീനിയർ സി.പി.ഒ. ഗോപൻ, സിപിഒമാരായ പ്രേംജിത്ത്, ശ്യംകുമാർ, സനീഷ് എന്നിവരാണ് അന്വഷണം നടത്തിയത്.
കഴിഞ്ഞ ദിവസങ്ങളിലായി വാഹനങ്ങളിലെത്തി അക്രമിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി കേസുകളാണ് ആലപ്പുഴയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഞായറാഴ്ച ജോലി കഴിഞ്ഞ് മടങ്ങിയ വണ്ടാനം മെഡിക്കൽ കോളേജിലെ നഴ്സിസിനെയും ഇരുചക്രവാഹനത്തിൽ എത്തിയ ആൾ മൂന്ന് തവണ ഇടിച്ച് വീഴ്ത്തിയിരുന്നു. അക്രമികൾക്കായുള്ള തിരച്ചിലിനിടയിലാണ് മൂവർ സംഘം പിടിയിലായത്.
advertisement
Summary: Accused who knocked down a lottery vendor to steal money arrested
Location :
First Published :
October 29, 2021 8:32 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
വഴി ചോദിക്കാനെന്ന വ്യാജേന കാർ നിർത്തിയ ലോട്ടറി വിൽപ്പനക്കാരനെ ഇടിച്ച് വീഴ്ത്തി പണം കവർന്ന സംഘം പിടിയിൽ