Actress Attack Case| 'ദിലീപിന്‍റെ വീട്ടിലും ഹോട്ടലിലും വെച്ച് സംവിധായകന്‍ ബാലചന്ദ്രകുമാറിനെ കണ്ടിട്ടുണ്ട്'; പള്‍സർ സുനിയുടെ ഫോൺ സംഭാഷണം പുറത്ത്
- Published by:Rajesh V
- news18-malayalam
Last Updated:
ദിലീപിനെതിരായ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ ബുധനാഴ്ച ബാലചന്ദ്രകുമാറില്‍ നിന്ന് പ്രത്യേക അന്വേഷണസംഘം രഹസ്യമൊഴി എടുക്കാനിരിക്കെയാണ് പ്രതിയും സാക്ഷിയും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്നത്.
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി (Actress Attack Case) ബന്ധപ്പെട്ട സംവിധായകൻ ബാലചന്ദ്രകുമാറിന്റെ (Balachandrakumar) വെളിപ്പെടുത്തലുകൾ സമ്മതിച്ചു പ്രതി പൾസർ സുനി (Pulsar Suni). കേസിലെ സാക്ഷിയും സുനിയുടെ സഹതടവുകാരനുമായിരുന്ന ജിൻസനുമായുള്ള ടെലിഫോൺ സംഭാഷണത്തിലാണ് ഇത് സമ്മതിക്കുന്നത്. ദിലീപിന്‍റെ വീട്ടിലും ഹോട്ടലിലും വെച്ച് സംവിധായകന്‍ ബാലചന്ദ്രകുമാറിനെ കണ്ടതായി ഫോണ്‍ സംഭാഷണത്തില്‍ പള്‍സര്‍ സുനി സമ്മതിക്കുന്നുണ്ട്. പിക് പോക്കറ്റ് സിനിമയുമായി ബന്ധപ്പെട്ടും ബാലചന്ദ്രകുമാറുമായി കണ്ടിട്ടുണ്ടെന്നും പള്‍സര്‍ സുനി ഫോണ്‍ സംഭാഷണത്തില്‍ പറയുന്നു.
കേസ് പുനരന്വേഷിക്കാന്‍ സാധ്യതയുണ്ടോ എന്ന പള്‍സര്‍ സുനിയുടെ ചോദ്യത്തിന് മാധ്യമങ്ങളില്‍ അത്തരത്തിലാണ് വരുന്നതെന്ന് ജിന്‍സണ്‍ പറയുന്നു. എല്ലാ തെളിവുകളും ഉള്ളതു പോലെയാണ് ബാലചന്ദ്രകുമാര്‍ പറയുന്നത്. സംഭവം നടന്നതായാണ് എല്ലാവരും വിശ്വസിക്കുന്നതെന്നും ജിന്‍സണ്‍ സംസാര മധ്യേ വ്യക്തമാക്കുന്നു.
ബാലചന്ദ്ര കുമാര്‍ പറഞ്ഞ കാര്യങ്ങളില്‍ വസ്തുതയുണ്ടെന്ന് മനസിലാക്കാന്‍ സാധിക്കുമെന്നും ജിന്‍സണ്‍ ഫോണ്‍ സംഭാഷണത്തില്‍ പറയുന്നു. ദിലീപിനെതിരായ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ ബുധനാഴ്ച ബാലചന്ദ്രകുമാറില്‍ നിന്ന് പ്രത്യേക അന്വേഷണസംഘം രഹസ്യമൊഴി എടുക്കാനിരിക്കെയാണ് പ്രതിയും സാക്ഷിയും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്നത്.
advertisement
പള്‍സര്‍ സുനിയുമായി ദിലീപിന് അടുത്ത സൗഹൃദമുണ്ടെന്നും പല തവണ ദിലീപിനൊപ്പം സുനിയെ കണ്ടിട്ടുണ്ടെന്നും ആണ് ബാലചന്ദ്രകുമാര്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ഇതുപ്രകാരം ദിലീപും കേസിലെ പ്രതിയും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന ബാലചന്ദ്രകുമാറിന്‍റെ മൊഴി ശരിവെക്കുന്നതാണ് പുറത്തുവന്ന ഫോണ്‍ സംഭാഷണം.
advertisement
നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് നടന് ദിലീപിനെതിരെ പുതിയ കേസ് കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്തിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതിന് ദിലീപ് ഉള്‍പ്പെടെ ആറു പേര്‍ക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്. ദിലീപിനെ ഒന്നാം പ്രതിയാക്കി രജിസ്റ്റര്‍ ചെയ്ത കേസില്‍ സഹോദരന് അനൂപ്, സഹോദരീഭര്‍ത്താവ് സുരാജ് എന്നിവരാണ് രണ്ടും മൂന്നും പ്രതികള്‍. ബന്ധുവായ അപ്പു, ബൈജു ചെങ്ങമനാട് എന്നിവരാണ് നാലും അഞ്ചും പ്രതികള്‍.
കണ്ടാലറിയാവുന്ന വ്യക്തിയെന്നാണ് ആറാം പ്രതിയെക്കുറിച്ച് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. നടിയെ ആക്രമിച്ച സംഭവത്തിലെ അന്വേഷണത്തിന് നേതൃത്വം നല്‍കിയിരുന്ന ഉദ്യോഗസ്ഥരായ ബി. സന്ധ്യ, എറണാകുളം മുന്‍ റൂറല്‍ എസ്.പിയും ഇപ്പോള്‍ ഐ.ജിയുമായ എ.വി. ജോര്‍ജ്, എസ്.പി. സുദര്ശന്, സോജന്, ബൈജു പൗലോസ് എന്നിവരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതിനാണ് കേസ്.
advertisement
Also Read- Actress assault case | നടിയെ ആക്രമിച്ച സംഭവം; നടൻ ദിലീപിനെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്തു
തന്റെ ദേഹത്ത് കൈവെച്ച ക്രൈംബ്രാഞ്ച് എസ്.പി സുദര്‍ശന്റെ കൈവെട്ടണം, അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ അപായപ്പെടുത്തണമെന്ന രീതിയില്‍ ദിലീപ് മറ്റുപ്രതികളുമായി സംഭാഷണം നടത്തിയെന്നും ഇതില്‍ ചൂണ്ടിക്കാട്ടുന്നു. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ പുറത്തുവന്ന ദിലീപിന്‍റെ ചില ഓഡിയോ ക്ലിപ്പുകളാണ് പുതിയ കേസിലേക്ക് വഴിവെച്ചിരിക്കുന്നത്. പ്രതികളുടെ ഗൂഢാലോചന ബാലചന്ദ്രകുമാര്‍ നേരിട്ട് കാണാനും കേള്‍ക്കാനും ഇടയായിട്ടുണ്ടെന്ന് എഫ്.ഐ.ആറില്‍ പറയുന്നു.
Location :
First Published :
January 10, 2022 9:47 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Actress Attack Case| 'ദിലീപിന്‍റെ വീട്ടിലും ഹോട്ടലിലും വെച്ച് സംവിധായകന്‍ ബാലചന്ദ്രകുമാറിനെ കണ്ടിട്ടുണ്ട്'; പള്‍സർ സുനിയുടെ ഫോൺ സംഭാഷണം പുറത്ത്