മലപ്പുറം: ആട് പാടത്ത് കയറി നെല്ല് തിന്നു എന്ന് ആരോപിച്ച് 13 കാരിയെ അക്രമിച്ച പ്രതിയെ പോലീസ് ദുർബല വകുപ്പുകൾ മാത്രംവെച്ച് കേസ് എടുത്തതായി ആക്ഷേപം. കുട്ടിയുടെ കഴുത്തിന് പിടിച്ച് പൊക്കുകയും ശ്വാസം മുട്ടിക്കുകയും ആടിൻ്റെ അകിട് അടിച്ച് പൊട്ടിക്കുകയും ചെയ്തു എന്നാണ് പരാതി. മലപ്പുറം നിലമ്പൂർ മമ്പാട് ആണ് കേസിന് ആസ്പദമായ സംഭവം. പോലീസ് നടപടിക്ക് എതിരെ എസ്പിക്കും ശിശു ക്ഷേമ സമിതിക്കും പരാതി നൽകിയെങ്കിലും ഫലം ഉണ്ടായില്ല എന്ന് കുടുംബം പറയുന്നു. അതേസമയം പ്രതി സ്ഥാനത്തുള്ള നിലമ്പൂര് മമ്പാട് സ്വദേശി ചാത്തോലി അബ്ദുൾ ഗഫൂർ ഈ ആക്ഷേപങ്ങൾ നിഷേധിച്ചു.
നടന്ന കാര്യങ്ങളെപ്പറ്റി മമ്പാട് ചെറുമല സ്വദേശി മുസ്തഫയും ഷക്കീനയും ഇങ്ങനെ പറയുന്നു. ഒന്നാം തീയതി വൈകുന്നേരം ആയിരുന്നു സംഭവം. ആടിനെ തീറ്റാൻ പോയ 13 കാരിയായ മകൾക്ക് നേരെയാണ് അക്രമം നടന്നത്. ആട് നെല്ല് തിന്നു എന്ന് പറഞ്ഞ് ഗഫൂർ കഴുത്തിന് പിടിച്ച് ഉയർത്തി എന്നും ആടിനെ ക്രൂരമായി അടിച്ചു എന്നും പെൺകുട്ടി പറഞ്ഞു.
“ആടിനെ തല്ലുമ്പോൾ ഞാൻ തടയാൻ നോക്കി. അടി കൊണ്ട് ആടിൻ്റെ അകിട് പൊട്ടി. ആടിനെ തല്ലരുത് എന്ന് പറഞ്ഞ എൻ്റെ കഴുത്തിന് പിടിച്ച് പൊക്കി താഴേക്ക് ഇട്ടു. എൻ്റെ അനിയത്തി കൂടെ ഉണ്ടായിരുന്നു. ഞാൻ ആകെ പേടിച്ചു, ശ്വാസം മുട്ടുന്നുണ്ടായിരുന്നു” പെൺകുട്ടി പറയുന്നു. അന്നുതന്നെ നിലമ്പൂര്‍ പോലീസിന് പരാതി നൽകി. എന്നാല്‍ പ്രതിക്ക് എതിരെ ഗുരുതര വകുപ്പുകൾ ചുമത്താതിരുന്ന പോലീസ് അയാളെ ജാമ്യത്തിൽ വിട്ടു എന്നും പെൺകുട്ടിയുടെ കുടുംബം പറയുന്നു.
പ്രതിയുടെ ബന്ധുവായ പോലീസുകാരന്റെ സമ്മർദ്ദം കൊണ്ടാണ് നിലമ്പൂർ പോലീസ് ഇത്തരത്തിൽ പെരുമാറിയതെന്നും കുടുംബം ആരോപിക്കുന്നു. ജില്ലാ പോലീസ് മേധാവിക്കും ശിശുക്ഷേമ സമിതിക്കും പരാതി നൽകിയെങ്കിലും തുടർ നടപടികൾ ഉണ്ടായില്ല. കേസ് പിൻവലിക്കാൻ പ്രതിയുടെ ഭാഗത്തുനിന്നും സമ്മർദ്ദവും ഭീഷണിയും ഉണ്ടാകുന്നതായും മുസ്തഫയും ഷക്കീനയും പറയുന്നു.
“ഇപ്പൊ പല ഭാഗത്ത് നിന്നാണ് ഭീഷണി. ഞങ്ങൾ പശുവിനെയും ആടിനെയും ഒക്കെ വളർത്തി ജീവിക്കുന്നവരാണ്. ഇതെല്ലാം മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എന്ന് പറഞ്ഞാണ് പരാതി. ഞങ്ങൾ ഈ കേസ് പിൻവലിക്കാൻ വേണ്ടിയുള്ള സമ്മർദ്ദം ആണ്” മുസ്തഫയും ഷക്കീനയും പറഞ്ഞു.
എനിക്ക് ഇപ്പൊൾ നല്ല പേടി ഉണ്ട്. ഉറങ്ങാൻ ഒന്നും പറ്റുന്നില്ല, സ്കൂളിൽ പോയി ഇരുന്നു പഠിക്കാൻ പറ്റുന്നില്ല. അയാള് കഴുത്തിന് പിടിച്ച് പൊക്കിയത് ഇടക്ക് ഇടക്ക് ഓർമ വരിക ആണ്. 13 കാരിയായ ആ പെൺകുട്ടി പറഞ്ഞു.എന്നാല്‍ പരാതി വ്യാജമാണെന്നും കുട്ടിയോട് പരാതിയിൽ പറയുംവിധം പെരുമാറിയിട്ടില്ലെന്നും പ്രതിയായ ഗഫൂർ പറയുന്നു.ആട് നെല്ല് നശിപ്പിച്ച സമയത്ത് വഴക്ക് പറഞ്ഞിട്ടുണ്ട് എന്നാല്‍ മറ്റൊന്നും ചെയ്തിട്ടില്ല എന്നും ആണ് ഗഫൂർ പറയുന്നത്. കേസിൽ നിയമപരമായി മുന്നോട്ടുപോകാനുള്ള ഒരുക്കത്തിലാണ് മുസ്തഫയും ഷക്കീനയും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.