മലപ്പുറം: കുടുംബ വഴക്കിനെ തുടർന്ന് പോക്സോ വകുപ്പ് (Pocso Act) ദുരുപയോഗം ചെയ്ത സംഭവത്തിൽ കർശന നടപടികളുമായി മലപ്പുറം (Malappuram) ജില്ലാ ശിശു ക്ഷേമ സമിതി. വഴിക്കടവ് ഭാര്യ സഹോദരനെതിരെ നാല് വയസുകാരിയെ കൊണ്ട് മൊഴി നൽകിച്ച ആൾക്ക് എതിരെ നടപടി എടുക്കാൻ ശിശു ക്ഷേമ സമിതി പോലീസിന് നിർദേശം നൽകി. പോക്സോ വകുപ്പുകൾ ദുരുപയോഗം ചെയ്യുന്ന പ്രവണത വർദ്ധിച്ചു വരുന്നുണ്ട് എന്ന് ജില്ലാ ശിശു ക്ഷേമ സമിതി അധ്യക്ഷൻ അഡ്വ.ഷാജേഷ് ഭാസ്കർ ന്യൂസ് 18 നോട് പറഞ്ഞു.
മലപ്പുറം നിലമ്പൂർ വഴിക്കടവ് പോലീസ് സ്റ്റേഷൻ പരിധിയിൽ ആണ് കുടുംബ പ്രശ്നങ്ങളെ തുടർന്നുള്ള വ്യക്തി വിരോധം തീർക്കാൻ പോക്‌സോ ദുരുപയോഗം ചെയ്തത്. കഴിഞ്ഞ ജനുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. നാല് വയസ്സുള്ള പെൺകുട്ടിക്കെതിരെ അമ്മാവൻ ലൈംഗികാതിക്രമം നടത്തിയെന്ന് കാണിച്ച് പിതാവ് വഴിക്കടവ് പൊലീസിൽ പരാതി നൽകി. ചൈൽഡ് വെൽഫെയർ കമ്മിറ്റിയും പിന്നാലെ പോലീസും വ്യാജ പരാതിയാണെന്ന് സംശയം പ്രകടിപ്പിച്ചതോടെ പെൺകുട്ടിയെ ശിശുസംരക്ഷണ യൂണിറ്റ് കൗൺസലിങ് നടത്തി. പിതാവ് പറഞ്ഞിട്ടാണ് താൻ അമ്മാവനെതിരെ മൊഴി നൽകിയതെന്ന് കുട്ടി കൗൺസലിങ്ങിൽ തുറന്നു പറഞ്ഞു. മജിസ്ട്രേറ്റിന് മുമ്പിൽ രഹസ്യമൊഴി നൽകിയപ്പോഴും കുട്ടി മൊഴി ആവർത്തിച്ചു. ഇതോടെയാണ് കുടുംബവഴക്കിനെച്ചൊല്ലി പിതാവ് ഭാര്യാസഹോദരനെ കുടുക്കാൻ കുട്ടിയെ കരുവാക്കുക ആണെന്ന് തെളിഞ്ഞത്
"കുട്ടിയുടെ പിതാവ് തന്നെ കുട്ടിയെ കൊണ്ട് മൊഴി കൊടുപ്പിക്കുക ആയിരുന്നു . ജനുവരി 24 ന് കൗൺസിലിംഗ് നടത്തിയപ്പോൾ തന്നെ ഇത് വ്യക്തമായി. തുടർന്ന് ഇയാൾക്ക് എതിരെ നടപടി എടുക്കണം എന്ന് ജില്ലാ പോലീസ് മേധാവിക്ക് സി ബ്ലു സി നിർദേശം നൽകിയിട്ടുണ്ട്."
മിഠായിയും കളിപ്പാട്ടങ്ങളും വാങ്ങി നൽകാമെന്ന് പറഞ്ഞാണ് കുട്ടിയെക്കൊണ്ട് മൊഴി നൽകിച്ചതെന്ന് പിന്നീട് നടന്ന അന്വേഷണത്തിൽ വ്യക്തമായി. ഇത്തരം നിയമലംഘനങ്ങൾ ഗൗരവത്തോടെയാണ് ശിശുക്ഷേമസമിതി കാണുന്നതെന്ന് ചെയർമാൻ അഡ്വ. ഷാജേഷ് ഭാസ്കർ പറഞ്ഞു, "ഇത് വളരെ ഗൗരവം ഏറിയ ഒരു കാര്യമാണ്. രണ്ട് പ്രശ്നങ്ങൾ ആണ് ഇതിൽ കാണുന്നത്. ഒന്ന് ഈ നിയമം ദുരുപയോഗം ചെയ്യുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം ആണ് നൽകുക. മറ്റൊന്ന് കുട്ടികളെ കൊണ്ട് തെറ്റായ കാര്യങ്ങൾ പറയിപ്പിക്കുക, പഠിപ്പിച്ച് പറയിക്കുക, അത് കുട്ടികളിൽ വലിയ ആത്മ സംഘർഷം ആണ് ഉണ്ടാക്കുന്നത്.
പോക്സോ വളരെ ഗൗരവം ഉള്ള ഒരു വകുപ്പാണ്. അതിനെ ഇത്തരത്തിൽ ദുരുപയോഗം ചെയ്യുന്നത് നിയമ സംവിധാനങ്ങൾ വെല്ലുവിളിക്കുന്നത് പോലെയാണ്. ഇത്തരത്തിൽ വളച്ചൊടിക്കുമ്പോൾ നിയമത്തിൻ്റെ പ്രസക്തി തന്നെ ആണ് ചോദ്യം ചെയ്യപ്പെടുന്നത്. അത് കുട്ടികളുടെ അവകാശ ലംഘനം കൂടിയാണ്. "- അഡ്വ ഷാജേഷ് ഭാസ്കർ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Malappuram, Malappuram news, Pocso act