കൊച്ചി: വാർത്ത സംപ്രേക്ഷണം ചെയ്തതുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസിന്റെ കൊച്ചി റീജിയണൽ ഓഫീസിലേക്ക് അതിക്രമിച്ചു കയറിയതിന് മുപ്പതോളം എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു.
വെള്ളിയാഴ്ച വൈകിട്ട് ഏഴേമുക്കാലോടെയാണ് മുപ്പതോളം പേർ പാലാരിവട്ടത്തെ ഓഫീസിൽ അതിക്രമിച്ച് കയറിയത്. ഓഫീസിനുളളിൽ കയറി മുദ്രാവാക്യം വിളിച്ച ഇവർ ജീവനക്കാരെ ഭീഷണിപ്പെടുത്തി എന്നാണ് പരാതി. പൊലീസെത്തിയാണ് പ്രവർത്തകരെ നീക്കിയത്.
പ്രവർത്തകർ ഏഷ്യാനെറ്റ് ന്യൂസിനെ അധിക്ഷേപിക്കുന്ന ബാനറും കെട്ടി. എസ്എഫ്‌ഐ എറണാകുളം ജില്ലാ കമ്മിറ്റിയുടെ പേരിലാണ് ബാനർ. അതിക്രമിച്ച് കയറി ഓഫീസിന്‍റെ പ്രവർത്തനം തടസപ്പെടുത്തിയത് സംബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് റസിഡന്‍റ് എഡിറ്റർ അഭിലാഷ് ജി നായർ നൽകിയ പരാതിയിൽ പാലാരിവട്ടം പൊലീസ് കേസെടുത്തു.
സെക്യൂരിറ്റി ജീവനക്കാരെ തളളിമാറ്റി ഓഫീസിലേക്ക് പ്രവർത്തകർ അതിക്രമിച്ചു കടന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും ക്യാമറാ ദൃശ്യങ്ങളും പരാതിക്കൊപ്പം തെളിവായി നൽകിയിട്ടുണ്ട്.
പ്രസ് ക്ലബ് ഓഫ് ഇന്ത്യ അപലപിച്ചു
ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ഓഫീസിലെ എസ്എഫ്ഐ അതിക്രമത്തെ അപലപിച്ച് പ്രസ് ക്ലബ് ഓഫ് ഇന്ത്യ രംഗത്തെത്തി. ഇത്തരം പ്രതികരണങ്ങൾക്ക് ജനാധിപത്യത്തിൽ സ്ഥാനമില്ല. സംഭവത്തിൽ കേരള സർക്കാർ അന്വേഷണം നടത്തണമെന്നും പ്രസ് ക്ലബ് ഓഫ് ഇന്ത്യ പ്രതികരിച്ചു.
We express concern and lodge our protest over SFI activists reportedly entering the @AsianetNewsML office in Ernakulam and intimidating the staff.
These strong arm tactics have no place in a democracy.
The Kerala government should probe this incident swiftly. pic.twitter.com/pLHmz3vWYN
— Press Club of India (@PCITweets) March 3, 2023
ഇത് പ്രതിഷേധമല്ല, ഗുണ്ടായിസം: കെയുഡബ്ല്യുജെ
ഏഷ്യാനെറ്റ് ന്യൂസിന്റെ കൊച്ചി റീജിയണൽ ഓഫീസിലേക്ക് അതിക്രമിച്ച് കയറി ഓഫീസ് പ്രവർത്തനം തടസപ്പെടുത്തുകയും ജീവനക്കാരെ ഭീഷണി പെടുത്തുകയും ചെയ്ത എസ് എഫ് ഐ നടപടിയെ കേരള പത്രപ്രവർത്തക യൂണിയൻ ശക്തമായി അപലപിച്ചു. വാർത്തകളോട് വിയോജിപ്പോ എതിർപ്പോ വരുന്ന ഘട്ടങ്ങളിൽ മുമ്പും പ്രതിഷേധങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷേ ഒരു മാധ്യമ സ്ഥാപനത്തിൻറെ ഓഫീസിനുള്ളിൽ അതിക്രമിച്ചു കയറി അവിടുത്തെ ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നത് പ്രതിഷേധമല്ല, ഗുണ്ടായിസമാണ്. കേരളം പോലെ ജനാധിപത്യ മൂല്യങ്ങൾക്ക് വില നൽകുന്ന ഒരു നാടിന് അംഗീകരിക്കാൻ കഴിയുന്നതല്ലിത്.
കുറ്റക്കാർക്കെതിരെ അടിയന്തരമായി ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് കെ യു ഡബ്ള്യു ജെ സംസ്ഥാന പ്രസിഡൻറ് എം വി വിനീതയും ജനറൽസെക്രട്ടറി ആർ കിരൺ ബാബുവും ആവശ്യപ്പെട്ടു.
തിരുവനന്തപുരം പ്രസ്ക്ലബ് പ്രതിഷേധിച്ചു
ഏഷ്യാനെറ്റ് ന്യൂസിന്റെ കൊച്ചി റീജിയണൽ ഓഫീസിനുള്ളിൽ എസ് എഫ് ഐ പ്രവർത്തകർ അതിക്രമിച്ചു കയറുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ തിരുവനന്തപുരം പ്രസ് ക്ലബ് ശക്തമായി പ്രതിഷേധിച്ചു. സംഘടനകളുടെ മറപിടിച്ച് ക്രിമിനലുകളെ വളരാൻ അനുവദിക്കരുത്. മാധ്യമ സ്വാതന്ത്ര്യം ഉറപ്പാക്കാൻ സർക്കാർ കർശന നടപടി സ്വീകരിക്കണം. കുറ്റക്കാരെ അറസ്റ്റ് ചെയ്ത് നിയമ നടപടി ഉറപ്പാക്കണമെന്ന് പ്രസ് ക്ലബ് പ്രസിഡൻ്റ് എം രാധാകൃഷ്ണനും സെക്രട്ടറി കെ എൻ സാനുവും ആവശ്യപ്പെട്ടു
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.