തിരുവനന്തപുരം യുണിവേഴ്സിറ്റി കോളേജിൽ ഭിന്നശേഷി യുവാവിനെ മർദ്ദിച്ച SFI നേതാക്കന്മാർക്കെതിരെ കേസെടുത്തു
- Published by:Vishnupriya S
- news18-malayalam
Last Updated:
എസ്എഫ്ഐ യൂണിറ്റ് ഭാരവാഹികൾ വിദ്യാർത്ഥിയെ ഭീഷണിപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്
തിരുവനന്തപുരം യുണിവേഴ്സിറ്റി കോളേജിൽ ഭിന്നശേഷി യുവാവിനെ മർദ്ദിച്ച സംഭവത്തിൽ എസ്എഫ്ഐ നേതാക്കന്മാർക്കെതിരെ കേസെടുത്തു. തിരുവനന്തപുരം കൻ്റോൺമെൻ്റ് പോലീസാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം മർദ്ദനമേറ്റ വിദ്യാർത്ഥി ഭിന്നശേഷി കമ്മീഷന് പരാതി നൽകിയിരുന്നു. ഭിന്നശേഷിക്കാരനായ യുവാവിന്റെ കാല് മൂന്ന് എസ്എഫ്ഐ നേതാക്കന്മാർ ചേർന്ന് ചവിട്ടി പിടിച്ച ശേഷം കമ്പി കൊണ്ട് അടിച്ചതായാണ് പരാതി.
എസ്എഫ്ഐ യൂണിറ്റ് ഭാരവാഹികൾ വിദ്യാർത്ഥിയെ ഭീഷണിപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. വിദ്യാർത്ഥി പോലീസിൽ പരാതി നൽകി രണ്ടു ദിവസം കഴിയുമ്പോഴാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം വിദ്യാർത്ഥി ഭിന്നശേഷി കമ്മീഷനിൽ നേരിട്ട് പരാതി നൽകിയിരുന്നു. യൂണിവേഴ്സിറ്റി കോളേജിനുള്ളിൽ എസ്എഫ്ഐയുടെ നേതൃത്വത്തിൽ ഇപ്പോഴും ഇടിമുറിയുണ്ടെന്നും ആരോപണം ഉയരുന്നുണ്ട്.
കോളേജിലെ എസ്എഫ്ഐ യൂണിറ്റിൽ ചേരാത്തതിന് ഭിന്നശേഷിക്കാരൻ കൂടിയായ പൂവച്ചൽ സ്വദേശിയായ വിദ്യാർത്ഥി മുഹമ്മദ് അനസിനെയും സുഹൃത്തിനെയുമാണ് യൂണിറ്റ് ഭാരവാഹികൾ ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തത്. ഒന്നാംവർഷ ഇസ്ലാമിക് ഹിസ്റ്ററി വിദ്യാർത്ഥിയായ അനസിനെ കോളേജിലെ ഇടിമുറിയിലേക്ക് കൊണ്ടുപോയി വൈകല്യത്തെ കളിയാക്കി സംസാരിക്കുകയും പിന്നീട് ക്രൂരമായി മർദ്ദിക്കുകയും ചെയ്തുവെന്നാണ് ആരോപണം.
advertisement
യൂണിറ്റ് സെക്രട്ടറിയായ വിധു ഉദയ, പ്രസിഡൻറ് അമൽ ചന്ദ്, യൂണിറ്റ് അംഗമായ മിഥുൻ ഇവർ മൂന്നുപേരും ചേർന്ന് വിദ്യാർത്ഥിയെ അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്തതെന്നും പരാതിയിൽ പറയുന്നു. എസ്എഫ്ഐ യൂണിറ്റിൽ ചേരാത്ത വിദ്യാർത്ഥികളെ യൂണിവേഴ്സിറ്റി കോളേജിലെ ഇടിമുറികളിൽ ഇപ്പോഴും അതിക്രൂരമായി മർദ്ദിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്നുവെന്നും പരാതിയിൽ പറയുന്നു.
Location :
Thiruvananthapuram,Kerala
First Published :
December 05, 2024 2:44 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
തിരുവനന്തപുരം യുണിവേഴ്സിറ്റി കോളേജിൽ ഭിന്നശേഷി യുവാവിനെ മർദ്ദിച്ച SFI നേതാക്കന്മാർക്കെതിരെ കേസെടുത്തു