ഷാരോൺ വധക്കേസ്; അന്തർസംസ്ഥാന ആശയക്കുഴപ്പം പരിഹരിക്കാൻ ക്രൈംബ്രാഞ്ച് നിയമോപദേശം തേടി
- Published by:Rajesh V
- news18-malayalam
Last Updated:
ഷാരോണിന് വിഷം കലര്‍ന്ന കഷായം നല്‍കിയത് ഗ്രീഷ്മയുടെ കന്യാകുമാരി ജില്ലയിലെ വിളവൻകോട് താലൂക്കിലെ രാമവര്‍മന്‍ചിറയിലെ വീട്ടില്‍ വെച്ചാണ്. ഈ വീട് സ്ഥിതി ചെയ്യുന്നത് തമിഴ്‌നാട്ടിലെ പളുകല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ്
തിരുവനന്തപുരം: പാറശാല ഷാരോണ്‍ വധക്കേസില്‍ ക്രൈംബ്രാഞ്ച് നിയമോപദേശം തേടി. കൊലപ്പെടുത്തുന്നതിനായി കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കിയ സംഭവം തമിഴ്‌നാട്ടിലായതിനാല്‍ തുടരന്വേഷണത്തിലെ നിയമപരമായ ആശയക്കുഴപ്പം ദുരീകരിക്കുന്നതിനാണ് നിയമോപദേശം തേടിയത്. ഷാരോണിന് വിഷം കലര്‍ന്ന കഷായം നല്‍കിയത് ഗ്രീഷ്മയുടെ കന്യാകുമാരി ജില്ലയിലെ വിളവൻകോട് താലൂക്കിലെ രാമവര്‍മന്‍ചിറയിലെ വീട്ടില്‍ വെച്ചാണ്. ഈ വീട് സ്ഥിതി ചെയ്യുന്നത് തമിഴ്‌നാട്ടിലെ പളുകല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ്.
ഷാരോണ്‍ മരിച്ചത് കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ വെച്ചാണ്. ഷാരോണിന്റെ വീട് മുര്യങ്കരയിലാണ്. ഷാരോണിന്റെയും ഗ്രീഷ്മയുടെയും വീടുകൾ തമ്മിൽ ഏഴ് കിലോമീറ്റർ ദൂരമാണുള്ളത്.
ഷാരോണ്‍ വധക്കേസില്‍ പരാതി ലഭിച്ചതും കേസ് രജിസ്റ്റര്‍ ചെയ്തതും പാറശാല പൊലീസാണ്. ഈ സാഹചര്യത്തിലാണ് തുടരന്വേഷണത്തില്‍ നിയമ പ്രശ്‌നങ്ങളുണ്ടോ, തമിഴ്‌നാട് പൊലീസിന് കേസ് കൈമാറേണ്ടതുണ്ടോ തുടങ്ങിയ കാര്യങ്ങളില്‍ അന്വേഷണ സംഘം നിയമോപദേശം തേടിയത്.
advertisement
കേസില്‍ കൊല്ലപ്പെട്ട ഷാരോണിന്റെ പെണ്‍സുഹൃത്ത് ഗ്രീഷ്മ, അമ്മ സിന്ധു, അമ്മാവന്‍ നിര്‍മ്മല്‍ കുമാര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകത്തിന് ആസൂത്രണം ചെയ്തത് ഗ്രീഷ്മ തനിച്ചാണെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിച്ച കുറ്റത്തിനാണ് ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും പൊലീസ് അറസ്റ്റ് ചെയ്തത്.
ഷാരോണിന്റെ മരണശേഷം തെളിവ് നശിപ്പിക്കാന്‍ ഗ്രീഷ്മ ആസൂത്രിത നീക്കമാണ് നടത്തിയത്. ഇതിന്റെ ഭാഗമായി എസ് ഐയെ ഫോണില്‍ വിളിച്ച് ഗ്രീഷ്മ ആത്മഹത്യാ ഭീഷണി മുഴക്കി. തനിക്കുനേരേ ഉയരുന്ന ആരോപണങ്ങളിലും സംശയങ്ങളിലും അതീവ ദുഃഖിതയാണെന്നും പറഞ്ഞു. ഷാരോണിനെ അവസാന നിമിഷവും ഒഴിവാക്കാന്‍ ഗ്രീഷ്മ ശ്രമിച്ചിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
advertisement
ഒക്ടോബർ 14നാണ് ഗ്രീഷ്മയുടെ രാമവർമൻ ചിറയിലെ വീട്ടിൽ വെച്ച് ഷാരോണിന് കഷായം നല്‍കിയത്. തുടർന്ന് മൂന്ന് ആശുപത്രികളില്‍ ചികിത്സ തേടി. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കവെ 25നാണ് ഷാരോൺ മരിക്കുന്നത്.
Location :
First Published :
November 01, 2022 3:45 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഷാരോൺ വധക്കേസ്; അന്തർസംസ്ഥാന ആശയക്കുഴപ്പം പരിഹരിക്കാൻ ക്രൈംബ്രാഞ്ച് നിയമോപദേശം തേടി