കരിപ്പൂരിൽ സ്വർണ്ണക്കടത്തിന് സഹായം നൽകിയ കസ്റ്റംസ് സൂപ്രണ്ട് മുനിയപ്പൻ പോലീസ് കസ്റ്റഡിയിൽ
- Published by:user_57
- news18-malayalam
Last Updated:
വിമാനത്താവളത്തിനുള്ളിൽ വച്ച് സ്വർണ്ണക്കടത്തുകാരിൽ നിന്നും സ്വർണ്ണം മുനിയപ്പൻ ശേഖരിക്കും. വിമാനത്താവളത്തിലെ പരിശോധനകൾ പൂർത്തിയായി പുറത്ത് കടക്കുന്ന കാരിയർ പിന്നീട് മുനിയപ്പനെ വന്ന് കണ്ടു പണം നൽകി സ്വർണ്ണം കൊണ്ടു പോവുകയാണ് പതിവ്
കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണ്ണക്കള്ളക്കടത്തുകാർക്ക് (gold smugglers) ഒത്താശ ചെയ്ത കസ്റ്റംസ് സൂപ്രണ്ട് പോലീസ് കസ്റ്റഡിയിൽ. കസ്റ്റംസ് സൂപ്രണ്ട് മുനിയപ്പനെയാണ് കരിപ്പൂർ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളിൽ നിന്ന് അഞ്ച് ലക്ഷത്തോളം രൂപയും ദിർഹവും സ്വർണ്ണാഭരണങ്ങളും റാഡോ വാച്ച് പോലുള്ള വിലപിടിപ്പുള്ള വസ്തുക്കളും കണ്ടെത്തി.
വിമാനത്താവളത്തിന് മുൻപിലുള്ള പോലീസ് എയ്ഡ് പോസ്റ്റിൽ നടത്തിയ പരിശോധനയിൽ യാത്രക്കാരിൽ ഒരാളിൽ നിന്നും 320 ഗ്രാം സ്വർണം പോലീസ് പിടിച്ചെടുത്തിരുന്നു. ഇയാളുടെ കൂടെയുള്ള ആളുടെ മൊബൈലിലേക്ക് തുടർച്ചയായി ഫോൺ വരുന്നത് ശ്രദ്ധിച്ച പോലീസ് അയാളെ മാറ്റി നിർത്തി ചോദ്യം ചെയ്തു. കസ്റ്റംസ് ഉദ്യോഗസ്ഥനാണ് ഫോണിൽ എന്നറിഞ്ഞ പോലീസ് അയാളുടെ റൂമിൽ എത്തി പരിശോധിക്കുകയായിരുന്നു.
കസ്റ്റംസ് സൂപ്രണ്ട് മുനിയപ്പനായിരുന്നു സ്വർണ്ണക്കടത്ത് കാരിയറെ തുടർച്ചയായി വിളിച്ചത്. ഇയാളുടെ റൂമിലെത്തി പരിശോധന നടത്തിയ പോലീസ് കണ്ടെത്തിയത് 5 ലക്ഷത്തോളം രൂപയും, ദിർഹങ്ങളും, 320 ഗ്രാം സ്വർണവും, റാഡോ വാച്ചും അടക്കം നിരവധി വിലപിടിപ്പുള്ള സാധനങ്ങൾ ആണ്. സ്വർണ്ണക്കടത്ത് സംഘവുമായി ഇയാൾക്ക് അവിശുദ്ധ ബന്ധമുണ്ടെന്ന് പോലീസ് പറഞ്ഞു.
advertisement
വിമാനത്താവളത്തിനുള്ളിൽ വച്ച് സ്വർണ്ണക്കടത്തുകാരിൽ നിന്നും സ്വർണ്ണം മുനിയപ്പൻ ശേഖരിക്കും. വിമാനത്താവളത്തിലെ പരിശോധനകൾ പൂർത്തിയായി പുറത്ത് കടക്കുന്ന കാരിയർ പിന്നീട് മുനിയപ്പനെ വന്ന് കണ്ടു പണം നൽകി സ്വർണ്ണം കൊണ്ടു പോവുകയാണ് പതിവ്. അങ്ങനെ സ്വർണ്ണം കൊണ്ടുവരുന്ന കാരിയർമാരുടെ പാസ്പോർട്ടുകളും ഇയാൾ കൈവശം വയ്ക്കും. സ്വർണ്ണത്തിനൊപ്പമാണ് പാസ്പോർട്ടും തിരിച്ചു കൊടുക്കുക.
നാല് പാസ്പോർട്ടുകളും ഇയാളുടെ മുറിയിൽ നിന്നും കണ്ടെത്തി. മുനിയപ്പനെ പോലീസ് കസ്റ്റഡിയിലെടുത്ത് കരിപ്പൂർ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു. ഇയാൾക്കെതിരെ വിശദമായ റിപ്പോർട്ട് പോലീസ് കസ്റ്റംസിന് കൈമാറും. മറ്റ് നിയമ നടപടികൾ ഇയാൾക്കെതിരെ സ്വീകരിക്കാൻ പോലീസിന് നിർവാഹമില്ല. പോലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസാണ് നടപടി എടുക്കേണ്ടത്.
advertisement
കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ സ്വർണ്ണക്കടത്ത് സംഘവുമായി വഴിവിട്ട ബന്ധം പുലർത്തുന്നതിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണ് കസ്റ്റംസ് സൂപ്രണ്ടിനെ കസ്റ്റഡിയിലെടുത്ത സംഭവം. കരിപ്പൂരിലെ സ്വർണ്ണക്കടത്ത് പിടികൂടുന്നതിൽ പോലീസ് ഫലപ്രദമായി ഇടപെടുന്നതിന്റെ തെളിവ് കൂടിയാണ് ഈ സംഭവം. ഇതുവരെ 53 സ്വർണക്കടത്ത് കേസുകളാണ് കരിപ്പൂർ വിമാനത്താവളത്തിന് പുറത്ത് നിയോഗിച്ച പ്രത്യേക പോലീസ് സംഘം ഇത് വരെ കണ്ടെത്തിയത്.
കരിപ്പൂരിൽ പോലീസിൻ്റെ സ്വർണ്ണവേട്ട തുടരുകയാണ്. സംസ്ഥാനത്തെ മറ്റ് വിമാനത്താവളങ്ങളിൽ നിന്ന് വ്യത്യസ്തമായി ഏർപ്പെടുത്തിയ സംവിധാനമാണ് കരിപ്പൂർ വിമാനത്താവളത്തിലെ പോലീസ് എയ്ഡ് പോസ്റ്റ്. കസ്റ്റംസിൻ്റെ പരിശോധന പൂർത്തിയാക്കി, സ്വർണ്ണം അവരിൽ നിന്നും വെട്ടിച്ച് വരുന്നവരിൽ നിന്നാണ് പോലീസ് സ്വർണ്ണം പിടികൂടുന്നത് എന്നത് ഏറ്റവും ശ്രദ്ധേയം.
advertisement
വിമാനത്താവളത്തിന് പുറത്തെ പോസ്റ്റ് വഴിയുള്ള പോലീസിന്റെ ഈ സ്വർണ്ണവേട്ട കസ്റ്റംസിനെ സംബന്ധിച്ച് തലവേദനയാണ്. പോലീസ് പിടികൂടിയ സ്വർണ്ണത്തിന് തുടരന്വേഷണ നടപടികളാണ് കസ്റ്റംസിന് ബുദ്ധിമുട്ടുണ്ടാക്കുന്നത്. സ്വർണ്ണം പോലീസ് പിടികൂടിയാലും തുടരന്വേഷണം കസ്റ്റംസിൻ്റെ ഉത്തരവാദിത്തമാണ്. പ്രതികളെയും തൊണ്ടി വാഹനങ്ങളും റിപ്പോർട്ട് സഹിതം പോലീസ് കസ്റ്റംസിന് കൈമാറും. പക്ഷേ സ്വർണ്ണം കോടതിയിലാണ് ഹാജരാക്കുക. കസ്റ്റംസ് കോടതിയിൽ അപേക്ഷ നൽകി സ്വർണ്ണം വാങ്ങിയ ശേഷമേ അന്വേഷണം തുടങ്ങൂ.
കസ്റ്റംസിനെ വെട്ടിച്ച് പുറത്തെത്തിക്കുന്ന സ്വർണ്ണമാണ് പോലീസ് പിടികൂടുന്നത്. ഇത് കസ്റ്റംസിനെ സംബന്ധിച്ച് ക്ഷീണമാണ്. പിടികൂടിയ സ്വർണ്ണം യാത്രക്കാർ ക്യാപ്സൂൾ രൂപത്തിൽ ശരീരത്തിനകത്ത് ഒളിപ്പിച്ചുകൊണ്ട് വരുന്നവയാണ്. രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് പലപ്പോഴും സ്വർണ്ണം പിടികൂടുന്നതെങ്കിൽ, വിമാനത്താവള പരിസരത്ത് നിരീക്ഷണത്തിലൂടെയും സംശയമുള്ളവരെ പിന്തുടർന്ന് ചോദ്യം ചെയ്തുമാണ് പോലീസ് സ്വർണ്ണം പിടികൂടുന്നത്.
advertisement
കസ്റ്റംസ് അന്വേഷണം സ്വർണ്ണക്കടത്തുകാരിൽ ഒതുങ്ങുമ്പോൾ, സ്വീകരിക്കാനെത്തിയവരും വാഹനങ്ങളും എല്ലാം പോലീസിന്റെ അന്വേഷണത്തിൽ പിടിയിലാകുന്നു. ജനുവരി 21ന് ഹെൽപ്പ് ഡെസ്ക് ആരംഭിച്ചശേഷം കസ്റ്റംസ് പിടികൂടിയതിനേക്കാളും സ്വർണ്ണം പോലീസ് കരിപ്പൂരിൽനിന്ന് പിടികൂടിയിട്ടുണ്ട് എന്നാണ് കണക്കുകൾ.
Location :
First Published :
August 18, 2022 4:15 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കരിപ്പൂരിൽ സ്വർണ്ണക്കടത്തിന് സഹായം നൽകിയ കസ്റ്റംസ് സൂപ്രണ്ട് മുനിയപ്പൻ പോലീസ് കസ്റ്റഡിയിൽ