എങ്കിലും സാമീ! ആശ്രമ മേധാവി പെൺകുട്ടികൾക്ക് അയച്ച അശ്ളീല മെസ്സേജുകളുമായി എഫ്.ഐ.ആർ. പുറത്ത്
- Published by:meera_57
- news18-malayalam
Last Updated:
നിലവിൽ ഇയാള്‍ ഒളിവിലാണ്. പ്രതിയെ പിടികൂടാന്‍ പോലീസ് ഒന്നിലധികം അന്വേഷണ സംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്
ഡല്‍ഹിയിലെ ഒരു സ്വകാര്യ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ മേധാവിയായ സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരെ വിദ്യാര്‍ത്ഥിനികള്‍ നല്‍കിയ പീഡനപരാതിയില്‍ അന്വേഷണം ഊര്‍ജിതമായി പുരോഗമിക്കുന്നു. വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിക്കുകയും അവര്‍ക്ക് മോശം ഭാഷയില്‍ സന്ദേശങ്ങള്‍ അയക്കുകയും ശാരീരിക ബന്ധത്തിന് നിര്‍ബന്ധിക്കുകയും ചെയ്തതായാണ് സ്വാമി പാര്‍ത്ഥസാരഥി എന്നറിയപ്പെടുന്ന ചൈതന്യാനന്ദ സരസ്വതിക്കെതിരെയുള്ള പരാതി.
17 വിദ്യാര്‍ത്ഥിനികളെ ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചതായാണ് കേസ്. നിലവിൽ ഇയാള്‍ ഒളിവിലാണ്. പ്രതിയെ പിടികൂടാന്‍ പോലീസ് ഒന്നിലധികം അന്വേഷണ സംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്. രാജ്യം വിടുന്നത് തടയാന്‍ ലുക്ക്ഔട്ട് സര്‍ക്കുലറും പുറപ്പെടുവിച്ചിട്ടുണ്ട്. ദേശീയ വനിതാ കമ്മീഷനും വിഷയത്തില്‍ സ്വമേധയാ കേസെടുത്തു.
സംഭവത്തിന്റെ എഫ്‌ഐആര്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. എഫ്‌ഐആറിലെ വിവരങ്ങള്‍ പ്രകാരം സ്വയം പ്രഖ്യാപിത ആള്‍ദൈവവും ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാനുമായ പ്രതി ചൈതന്യാനന്ദ സരസ്വതി ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥിനികളെ, പ്രത്യേകിച്ച് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ ലൈംഗികമായി പീഡിപ്പിക്കുകയും മാനസികമായി സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്തതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.
advertisement
62 വയസ്സുള്ള ചൈതന്യാനന്ദ സരസ്വതി ആക്ഷേപകരമായ ഭാഷയില്‍ തനിക്ക് സന്ദേശങ്ങള്‍ അയച്ചതായി 21 വയസ്സുള്ള ഒരു വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷമാണ് ഇയാളുമായി ആദ്യം സംസാരിക്കുന്നത്. അന്ന് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചാന്‍സലറായിരുന്നു പ്രതിയെന്നും ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ അദ്ദേഹം വിചിത്രമായി തന്നെ നോക്കിയെന്നും പെണ്‍കുട്ടി പരാതിയില്‍ ആരോപിക്കുന്നുണ്ട്.
ചില പരിക്കുകളുമായി ബന്ധപ്പെട്ട് തന്റെ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ പങ്കിടാന്‍ അദ്ദേഹത്തിന് സന്ദേശം അയച്ചിരുന്നതായും ചില സമയങ്ങളില്‍ പ്രതി മറുപടി നല്‍കിയതായും പെണ്‍കുട്ടി പറഞ്ഞു. "ബേബി ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു. ഇന്ന് നീ വളരെ സുന്ദരിയാണ്", എന്നിങ്ങനെയുള്ള സന്ദേശങ്ങള്‍ പ്രതി അയച്ചതായാണ് വെളിപ്പെടുത്തല്‍. അവളുടെ മുടിയഴകിനെ അയാള്‍ പ്രശംസിച്ചതായും പരാതിയില്‍ പെണ്‍കുട്ടി പറഞ്ഞിട്ടുണ്ട്. ഇതിന് മറുപടി അയക്കാന്‍ നിര്‍ബന്ധിച്ചുകൊണ്ടുള്ള സന്ദേശവും പ്രതി അയച്ചതായാണ് വിവരം.
advertisement
ഇക്കാര്യം അസോസിയേറ്റ് ഡീനിനോട് പരാതിപ്പെട്ടപ്പോള്‍ മറുപടി നല്‍കണമെന്നാണ് അദ്ദേഹവും തന്നോട് പറഞ്ഞതെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തി. മറ്റ് പല വിദ്യാര്‍ത്ഥിനികള്‍ക്കും സ്ത്രീകള്‍ക്കും സമാനമായ അനുഭവം ഇയാളില്‍ നിന്ന് നേരിട്ടതായാണ് ആരോപണം.
വിദേശ യാത്രകളില്‍ അയാള്‍ക്കൊപ്പം പോകാനും വിദ്യാര്‍ത്ഥിനികളില്‍ പലരെയും പ്രതി നിര്‍ബന്ധിച്ചു. രാത്രി വൈകിയുള്ള സമയങ്ങളില്‍ വിദ്യാര്‍ത്ഥിനികളെ തന്റെ മുറിയിലേക്ക് ഇയാള്‍ ക്ഷണിക്കുന്നതായും എഫ്‌ഐആറില്‍ പറയുന്നുണ്ട്. ഈ ആവശ്യങ്ങള്‍ നിരസിക്കുന്ന വിദ്യാര്‍ത്ഥിനികളുടെ ബിരുദങ്ങളും സര്‍ട്ടിഫിക്കറ്റുകളും തടഞ്ഞുവെക്കുന്നതായും ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്.
ഡീന്‍ അസോസിയേറ്റിനെതിരെയും മറ്റ് രണ്ട് പേര്‍ക്കെതിരെയും എഫ്ഐആറിൽ ആരോപണങ്ങളുണ്ട്. സസ്‌പെന്‍ഷന്‍ അടക്കം നേരിടേണ്ടി വരുമെന്ന് പറഞ്ഞ് ഇവര്‍ വിദ്യാര്‍ത്ഥിനികളെ ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ പറയുന്നു. ഒരു വിദ്യാര്‍ത്ഥിനിയെ പേര് മാറ്റാന്‍ നിര്‍ബന്ധിച്ചതായും ആരോപണമുണ്ട്. സരസ്വതിയുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങാന്‍ നിര്‍ബന്ധിക്കുകയും അയാള്‍ അയച്ച സന്ദേശങ്ങള്‍ നീക്കം ചെയ്യാന്‍ വിദ്യാര്‍ത്ഥിനികളെ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്യുന്ന മൂന്ന് വാര്‍ഡന്‍മാരെയും എഫ്‌ഐആറില്‍ സഹപ്രതികളായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
advertisement
ജൂലായ് 31-ന് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ് ചൈതന്യാനന്ദയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മാനേജ്‌മെന്റിനെ ആദ്യം അറിയിച്ചതെന്ന് കേസിലെ അന്വേഷണത്തില്‍ കണ്ടെത്തിയതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. താമസിയാതെ വ്യോമസേനാ ആസ്ഥാനത്ത് നിന്നും ഇന്‍സ്റ്റിറ്റ്യൂട്ടിന് പരാതികള്‍ ലഭിച്ചു. കാരണം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികളില്‍ പലരും വ്യോമസേനാ ഉദ്യോഗസ്ഥരുടെ കുടുംബങ്ങളില്‍ നിന്നുള്ളവരായിരുന്നു.
പൂര്‍വ്വ വിദ്യാര്‍ത്ഥി ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്‌മെന്റിന് അയച്ച കത്തില്‍ ചൈതന്യാനന്ദ അവിടെയുള്ള വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിക്കുന്നുണ്ടെന്ന് ആരോപിച്ചു. അടുത്ത ദിവസം വ്യോമസേനയിലെ വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ഗ്രൂപ്പ് ക്യാപ്റ്റന്‍ റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനില്‍ നിന്ന് ഇന്‍സ്റ്റിറ്റ്യൂട്ടിന് ഒരു ഇമെയില്‍ ലഭിച്ചുവെന്നും എന്‍ഡിടിവി റിപ്പോര്‍ട്ടില്‍ പറയുന്നു. ചൈതന്യാനന്ദ തങ്ങളെ ഭീഷണിപ്പെടുത്തുകയും അപമാനകരമായ സന്ദേശങ്ങള്‍ അയയ്ക്കുകയും ചെയ്തുവെന്ന് ആരോപിച്ച് നിരവധി വിദ്യാര്‍ത്ഥിനികള്‍ നല്‍കിയ പരാതികള്‍ ഈ ഇമെയിലില്‍ പരാമര്‍ശിച്ചിരുന്നു.
advertisement
അന്വേഷണത്തില്‍ 32 വിദ്യാര്‍ത്ഥിനികളുടെ മൊഴി പോലീസ് രേഖപ്പെടുത്തി. 17 പേര്‍ ലൈംഗിക പീഡന ആരോപണത്തില്‍ മജിസ്‌ട്രേറ്റിനുമുന്നില്‍ മൊഴി നല്‍കി. പ്രതിയുടെ വാഹനം പോലീസ് പിടിച്ചെടുത്തു. ഓഗസ്റ്റ് നാലിനാണ് ആദ്യ എഫ്‌ഐആര്‍ ഫയല്‍ ചെയ്തത്. അന്നുമുതല്‍ പ്രതി ഒളിവിലാണ്. പ്രതിയെ അവസാനമായി ആഗ്രയില്‍ നിന്ന് കണ്ടെത്തിയെങ്കിലും അറസ്റ്റ് ഒഴിവാക്കാന്‍ അയാള്‍ ഇടയ്ക്കിടെ സ്ഥലം മാറുകയാണ്. ലൊക്കേഷൻ ട്രാക്കിംഗ് തടയാന്‍ മൊബൈല്‍ ഫോണും ഉപയോഗിക്കുന്നില്ലെന്നാണ് വിവരം.
28 പുസ്തകങ്ങള്‍ പ്രതി രചിച്ചിട്ടുണ്ട്. ഇയാള്‍ക്കെതിരെ ആരോപണങ്ങള്‍ വരുന്നത് ഇതാദ്യമായല്ല. 2009-ലും 2016-ലും ലൈംഗിക പീഡന പരാതികള്‍ ഇയാള്‍ക്കെതിരെ വന്നിട്ടുണ്ട്. ഒഡീഷയില്‍ നിന്നുള്ള ചൈതന്യാനന്ദ കഴിഞ്ഞ 12 വര്‍ഷമായി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കെയര്‍ടേക്കറാണ്.
Location :
Thiruvananthapuram,Kerala
First Published :
September 25, 2025 4:56 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
എങ്കിലും സാമീ! ആശ്രമ മേധാവി പെൺകുട്ടികൾക്ക് അയച്ച അശ്ളീല മെസ്സേജുകളുമായി എഫ്.ഐ.ആർ. പുറത്ത്