ലക്നൗ: ഉത്തര്‍പ്രദേശിൽ മുസ്ലീം വയോധികന് നേരെ ക്രൂര അതിക്രമം. മർദ്ദനത്തിന് പുറമെ താടി മുറിക്കുകയും ജയ് ശ്രീറാം വിളിക്കാൻ ആവശ്യപ്പെടുകയും ചെയ്തു എന്നാണ് ആരോപണം. ബുലന്ദ്ഷഹർ സ്വദേശിയായ അബ്ദുൾ സമദ് എന്ന വയോധികനാണ് ഒരു സംഘം ആളുകളുടെ അതിക്രമങ്ങള്‍ക്കിരയായത്.
ഇക്കഴിഞ്ഞ ജൂൺ അഞ്ചിനായിരുന്ന സംഭവം. ഇതിന്‍റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കാൻ തുടങ്ങിയതോടെയാണ് സംഭവം പുറത്തറിയുന്നത്. പാകിസ്ഥാൻ ചാരൻ എന്ന് ആരോപിച്ചു കൊണ്ടായിരുന്നു മർദനം എന്നാണ് പറയപ്പെടുന്നത്. കമ്പുകളും മറ്റും ഉപയോഗിച്ചുള്ള മര്‍ദനത്തിന് പുറമെ ഒരു കത്തി ഉപയോഗിച്ച് ഇയാളുടെ താടിയും മുറിച്ചു കളഞ്ഞുവെന്നാണ് ആരോപണം.
ജൂൺ അഞ്ചിന് രാത്രിയോടെയായിരുന്നു സംഭവം. ലോണിയേല്ക്ക് പോവുകയായിരുന്ന സമദിനെ ഒരു സംഘം ആളുകൾ ചേർന്ന് തട്ടിക്കൊണ്ടു പോവുകയായിരുന്നു എന്നാണ് എൻഡിറ്റിവി റിപ്പോർട്ട് ചെയ്യുന്നത്. ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുകയായിരുന്ന സമദിനെ തട്ടിക്കൊണ്ടു പോയി സമീപത്തുള്ള വനപ്രദേശത്തെ ഒരു മുറിയിലെത്തിച്ചു. ഇവിടെ വച്ചായിരുന്നു അതിക്രമം.
Also Read-
തമിഴ്നാട്ടിൽ മദ്യശാലകൾ തുറന്നു; മദ്യകുപ്പികൾക്ക് ആരതി നടത്തി ആഘോഷം
'ജയ് ശ്രീറാം', 'വന്ദേമാതരം' വിളികൾ മുഴക്കിയ അക്രമികൾ സമദിനോടും ഇത് പറയാൻ ആവശ്യപ്പെട്ടു. ഇയാളുടെ കരണത്തടിക്കുന്നതും തടിക്കഷണം ഉപയോഗിച്ച് മർദ്ദിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. തന്‍റെ വിശ്വാസത്തിന്‍റെ പേരിലാണ് തനിക്ക് നേരെ അതിക്രമം ഉണ്ടായതെന്നാണ് സമദ് ആരോപിക്കുന്നത്. തന്‍റെ മൊബൈൽ ഫോണും ആക്രമികൾ തട്ടിയെടുത്തെന്നും ഇയാൾ പറയുന്നു.
വീഡിയോ ദൃശ്യങ്ങൾ വൈറലായതോടെ താൻ നേരിടേണ്ടി വന്ന അക്രമങ്ങൾ വിവരിച്ച് കൊണ്ട് അബ്ദുൾ സമദും ഒരു വീഡിയോ പുറത്ത് വിട്ടു. 'അവർ എന്നെ തൊഴിക്കുകയും അടിക്കുകയും ചെയ്തു. ജയ് ശ്രീറാം എന്ന് വിളിക്കാൻ ആവശ്യപ്പെട്ടു. തലയ്ക്ക് നേരെ തോക്ക് ചൂണ്ടി കൊല്ലുമെന്ന് പറഞ്ഞു. മണിക്കൂറുകളോളം ക്രൂരമായി മർദിച്ചു' വീഡിയോ സന്ദേശത്തിൽ കരഞ്ഞു കൊണ്ട് സമദ് വിവരിക്കുന്നു.
അതേസമയം വയോധികൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് മുഖ്യപ്രതിയായ പർവേശ് ഗുജ്ജാർ എന്നയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അക്രമി സംഘത്തിലെ മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തെന്നും മറ്റ് പ്രതികളെയും ഉടൻ തന്നെ കസ്റ്റഡിയിലെടുക്കുമെന്നുമാണ് ലോനി സർക്കിൾ ഇൻസ്പെക്ടർ അതുൽ കുമാർ അറിയിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.