എറണാകുളം സ്ത്രീധന പീഡന കേസ്: യുവതിയുടെ ഭർത്താവും പിതാവും അറസ്റ്റിൽ
- Published by:Naseeba TC
- news18-malayalam
Last Updated:
ജിപ്സന്റെ അമ്മ ജൂലി കേസിലെ മൂന്നാം പ്രതിയാണ്. ഇവരുടെ അറസ്റ്റും ഉടൻ ഉണ്ടായേക്കും
കൊച്ചി: യുവതിയെ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ച കേസിൽ ഭർത്താവും ഭർതൃപിതാവും അറസ്റ്റിൽ. പച്ചാളം പനച്ചിക്കൽ വീട്ടിൽ ജിപ്സൺ, പിതാവ് പീറ്റർ എന്നിവരാണ് അറസ്റ്റിലായത്. ഭാര്യയെ സ്ത്രീധനത്തിന്റെ പേരിൽ മർദിക്കുകയും പട്ടിണിക്കിടുകയും മകളുടെ ദുരവസ്ഥ ചോദ്യം ചെയ്ത ഭാര്യാപിതാവിന്റെ കാലു തല്ലി ഒടിക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്.
ജിപ്സന്റെ അമ്മ ജൂലി കേസിലെ മൂന്നാം പ്രതിയാണ്. ഇവരുടെ അറസ്റ്റും ഉടൻ ഉണ്ടായേക്കും. ഇന്നലെ അന്വേഷണ ഉദ്യോഗസ്ഥൻ വനിതാ കമ്മീഷനു മുന്നിൽ ഹാജരായി നിലവിലെ കാര്യങ്ങൾ ബോധിപ്പിച്ചിരുന്നു. ഇതിന് ശേഷമാണ് ഇന്ന് അറസ്റ്റ് നടന്നത്. എറണാകുളം നോർത്ത് പോലീസ് സ്റ്റേഷൻ സർക്കിൾ സിബി ടോമാണ് വനിതാ കമ്മീഷനു മുന്നിൽ ഹാജരായി വിശദീകരണം നൽകിയത്.
പരാതിക്കാരിയായ യുവതിയെ സന്ദർശിച്ച കമ്മീഷൻ അംഗം അഡ്വ. ഷിജി ശിവജി പോലീസിനെ നിശിതമായി വിമർശിച്ചിരുന്നു. ആദ്യ പരാതിയിൽ ഗാർഹിക പീഡന നിരോധന നിയമ വകുപ്പുകൾ ചേർക്കാത്ത നടപടിയെയും അവർ ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷമാണ് തിരുവനന്തപുരത്തെ മുഖ്യ ഓഫിസിൽ നേരിട്ടത്തി വിശദീകരണം നൽകാൻ ആവശ്യപ്പെട്ടത്.
advertisement
കഴിഞ്ഞ ദിവസം കമ്മീഷൻ മുൻപാകെ ഹാജരായ അന്വേഷണ ഉദ്യോഗസ്ഥൻ തന്റെ ഭാഗത്ത് നിന്നുള്ള കാരണങ്ങൾ ബോധിപ്പിച്ചിട്ടുണ്ട്. ഇത് പരിശോധിച്ച ശേഷം തുടർ നടപടികൾ ഉണ്ടാകുമെന്നു കമ്മീഷൻ മുന്നറിയിപ്പ് നൽകിയിരുന്നു. സ്ത്രീധന പീഡന പരാതിയിൽ നടപടി വൈകുന്നതിനെതിരെ യുവതിയും രംഗത്ത് വന്നിരുന്നു.
Also Read- എറണാകുളം സ്ത്രീധന പീഡന കേസ് : ആരോപണ വിധേയനായ അന്വേഷണ ഉദ്യോഗസ്ഥന് വനിതാ കമ്മീഷനു മുന്നില് ഹാജരായി
പരാതിയിൽ കേസെടുത്ത് ഒരാഴ്ചയായിട്ടും പ്രതികളെ ചോദ്യം ചെയ്തിട്ടില്ലന്നും പ്രതികളുടെ ബന്ധുവായ പോലീസ് ഉദ്യോഗസ്ഥൻ കേസ് അട്ടിമറിക്കാൻ ഇടപെടുന്നതായും പീഡനത്തിനിരയായ പെൺകുട്ടി ആരോപിച്ചിരുന്നു. ഭാര്യയെ സ്ത്രീധനത്തിന്റെ പേരിൽ മർദിക്കുകയും പട്ടിണിക്കിടുകയും ചെയ്ത പച്ചാളം സ്വദേശി ജിപ്സൺ മകളുടെ ദുരവസ്ഥ ചോദ്യം ചെയ്ത ഭാര്യാപിതാവിന്റെ കാലു തല്ലി ഒടിക്കുകയും ചെയ്തിരുന്നു.
advertisement
ആദ്യ പരാതിയിൽ നടപടി എടുക്കാത്ത പൊലീസ് വീണ്ടും കേസെടുത്തെങ്കിലും ഇരയായ പെൺകുട്ടിയുടെയും ബന്ധുക്കളുടെയും മൊഴിയെടുപ്പ് ഇപ്പോഴും തുടരുകയായിരുന്നു. ഇതിനിടെ പെൺകുട്ടിയുടെ ഭർത്താവും മാതാപിതാക്കളും മുൻകൂർ ജാമ്യപേക്ഷയും നൽകി. പ്രതികളുടെ ബന്ധുവായ പോലീസ് ഉദ്യോഗസ്ഥൻ ഇടപെടുന്നതിനാലാണ് അറസ്റ്റ് നടക്കാത്തതെന്ന് പെൺകുട്ടി ആരോപിച്ചിരുന്നു.
പ്രതികൾക്ക് ജാമ്യം ലഭിക്കാൻ പോലീസ് ഒത്തുകളിക്കുന്നതായി ആക്ഷൻ കൗൺസിലും ആരോപിച്ചു. ആദ്യ പരാതിയിൽ നടപടിയെടുക്കാത്തതിന് വനിത കമ്മീഷനും പോലീസിനെ വിമർശിച്ചിരുന്നു.
Location :
First Published :
July 30, 2021 1:13 PM IST