വയനാട്ടിൽ ലോഡ്ജിന് പുറകിലെ കുറ്റിക്കാട്ടിൽ ഏഴ് കഞ്ചാവ് ചെടികൾ
- Published by:Anuraj GR
- news18-malayalam
Last Updated:
ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് സുൽത്താൻ ബത്തേരി ചുങ്കം ഭാഗത്തുള്ള ഏഷ്യന്‍ ടൂറിസ്റ്റ് ഹോം വളപ്പിലെ പുറകുവശത്ത് ഏഴ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്
കൽപ്പറ്റ: വയനാട്ടിൽ ലോഡ്ജിന് പുറകിലെ കുറ്റിക്കാട്ടിൽ ഏഴ് കഞ്ചാവ് ചെടികൾ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. സുൽത്താൻ ബത്തേരിയിലെ ലോഡ്ജ് വളപ്പിലാണ് പൂർണവളർച്ചയെത്തിയ കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് സുൽത്താൻ ബത്തേരി ചുങ്കം ഭാഗത്തുള്ള ഏഷ്യന്‍ ടൂറിസ്റ്റ് ഹോം വളപ്പിലെ പുറകുവശത്ത് ഏഴ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്.
ഇതിൽ ഒരു കഞ്ചാവ് ചെടിക്ക് രണ്ട് മീറ്റര്‍ വരെ വലിപ്പമെത്തിയതാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഉപയോഗിക്കാൻ പാകമായ കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്. എല്ലാം പൂര്‍ണമായും നശിപ്പിച്ചതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു. എങ്ങനെയാണ് കഞ്ചാവ് ചെടികൾ ഇവിടെ മുളച്ചതെന്ന് എക്സൈസ് പരിശോധിക്കുന്നുണ്ട്. സമീപത്തെ രണ്ട് റെസിഡൻസികളിലെ താമസക്കാരിൽ ആരെങ്കിലും വലിച്ചെറിഞ്ഞ കഞ്ചാവ് അവശിഷ്ടം വിത്ത് വീണ് മുളച്ചതാകാമെന്നാണ് സംശയം.
സംഭവത്തിൽ ഇതുവരെ ആർക്കെതിരെയും കേസെടുത്തിട്ടില്ല. എന്നാൽ മൂന്ന് ലോഡ്ജുകളിലും കഴിഞ്ഞ കുറച്ചുകാലം വന്നുപോയവരുടെ പട്ടിക എക്സൈസ് ശേഖരിച്ചിട്ടുണ്ട്. ഇവരിൽ ആരെങ്കിലും മുമ്പ് കഞ്ചാവ് കേസിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നാണ് എക്സൈസ് പരിശോധിക്കുന്നത്. കൂടാതെ ലോഡ്ജുകളിലെയും സമീപത്തെ വ്യാപാരസ്ഥാപനങ്ങളിലെയും സിസിടിവി ദൃശ്യങ്ങളും എക്സൈസ് ശേഖരിച്ചിട്ടുണ്ട്.
advertisement
പ്രദേശവാസികൾ നൽകിയ വിവരം അനുസരിച്ചാണ് എക്സൈസ് ലോഡ്ജ് വളപ്പിൽ പരിശോധന നടത്തി കഞ്ചാവ് ചെടി കണ്ടെത്തി നശിപ്പിച്ചത്. പ്രിവന്റീവ് ഓഫീസര്‍ വി.ആര്‍. ബാബുരാജ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി.വി രജിത്ത്, കെ.എ. അര്‍ജുന്‍, ആര്‍.സി. ബാബു എന്നിവരും പരിശോധനയില്‍ പങ്കെടുത്തിരുന്നു.
Location :
Delhi Cantonment,New Delhi,Delhi
First Published :
July 01, 2023 9:51 AM IST