വസ്ത്രമഴിച്ച് പരിശോധനയും 25 ലക്ഷം കൈക്കൂലിയും; വനിതാ വ്യവസായി ജീവനൊടുക്കിയതില്‍ പരാതിയുമായി കുടുംബം
- Published by:meera_57
- news18-malayalam
Last Updated:
ജീവയുടെ സഹോദരി എസ്. സംഗീത നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സിഐഡി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് കനകലക്ഷ്മിക്കെതിരെ ബനശങ്കരി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു
കർണാടക ഭോവി ഡവലപ്മെന്റ് കോർപറേഷൻ അഴിമതിയുടെ പേരില്‍ സിഐഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെ 33കാരിയായ വനിതാ വ്യവസായി ജീവനൊടുക്കിയ സംഭവത്തില്‍ വഴിത്തിരിവ്. മുതിർന്ന പോലീസ് ഉദ്യോഗസ്ഥയിൽ നിന്ന് നേരിട്ട മോശം അനുഭവമാണ് എസ്. ജീവയെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം. ഉദ്യോഗസ്ഥ ജീവയുടെ വസ്ത്രം അഴിപ്പിച്ച് പരിശോധന നടത്തിയെന്നും കൈക്കൂലിയായി 25 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും കുടുംബം നൽകിയ പരാതിയിൽ പറയുന്നു.
ജീവയുടെ സഹോദരി എസ്. സംഗീത നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സിഐഡി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് കനകലക്ഷ്മിക്കെതിരെ ബനശങ്കരി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. " നവംബർ 14നും 23നും ഇടയില്‍ വീഡിയോ കോണ്‍ഫറൻസ് വഴി ജീവയെ ചോദ്യം ചെയ്യാനായിരുന്നു ഹൈക്കോടതിയുടെ നിർദേശം. എന്നാല്‍ 14ന് ഡിഎസ്പി കനകലക്ഷ്മിയ്ക്ക് മുന്നിൽ നേരിട്ടു ഹാജരാകാൻ ജീവയോട് ആവശ്യപ്പെട്ടു. അതനുസരിച്ചാണ് ജീവ നവംബർ 14 ന് സിഐഡി ആസ്ഥാനത്തേക്ക് പോയത്. അടിവസ്ത്രത്തിനിടയിൽ സയനൈഡ് ഒളിപ്പിച്ചിട്ടുണ്ടെന്ന് പറഞ്ഞ് ഉദ്യോഗസ്ഥയായ കനകലക്ഷ്മി ജീവയുടെ വസ്ത്രം അഴിപ്പിച്ച് പരിശോധന നടത്തി.
advertisement
അതിനുശേഷം പീനിയയിലെ തടിക്കടയില്‍ ജീവയുമായി പോയി പരിശോധന നടത്തി. അവിടെവച്ച് എല്ലാവരുടെയും മുന്നിൽ വെച്ചും ജീവയെ അപമാനിച്ചു", സംഗീതയുടെ പരാതിയിൽ പറയുന്നു. നിലവിൽ ആത്മഹത്യാ പ്രേരണക്കുറ്റവും അഴിമതി നിരോധനക്കുറ്റവും ചുമത്തിയാണ് കനകലക്ഷ്മിക്കെതിരെ കേസെടുത്തിരിക്കുന്നത്.
അതേസമയം ഇവർ ആവശ്യപ്പെട്ട രേഖകളെല്ലാം ജീവ സമർപ്പിച്ചിട്ടും 25 ലക്ഷം രൂപ കൈക്കൂലി നൽകാൻ കനകലക്ഷ്മി പറഞ്ഞിരുന്നതായും സംഗീത ആരോപിച്ചു. ഈ ആരോപണങ്ങളിൽ കനകലക്ഷ്മി ഇതുവരെ പ്രതികരിച്ചിട്ടില്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.
advertisement
നിയമ ബിരുദധാരിയായ ജീവയെ വെള്ളിയാഴ്ചയാണ് കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 11 പേജുള്ള യുവതിയുടെ ആത്മഹത്യ കുറിപ്പിൽ പോലീസ് അന്വേഷണത്തെ തുടർന്ന് അപമാനം നേരിടേണ്ടി വന്നു എന്ന് വ്യക്തമാക്കിയിരുന്നു. ജീവയെ ഫോണിൽ വിളിച്ചിട്ട് കിട്ടാതായതോടെ സംഗീത ഈ വിവരം ഒരു സുഹൃത്തിനെ അറിയിച്ചു.
സുഹൃത്ത് വീട്ടിലെത്തി ജനലിലൂടെ നോക്കിയപ്പോഴാണ് ജീവയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കർണാടക ഭോവി ഡവലപ്മെന്റ് കോർപറേഷന് തടി വിതരണം ചെയ്തിരുന്നത് ജീവയുടെ കമ്പനിയായിരുന്നു. നവംബറിൽ കണ്ടെത്തിയ തട്ടിപ്പ് കേസിൽ 97 കോടിയുടെ അനധികൃത ഇടപാട് നടന്നതായും 500-ലധികം വ്യാജ അക്കൗണ്ടിലേക്ക് പണം മാറ്റിയതായും ആരോപണമുണ്ട്.
Location :
Thiruvananthapuram,Kerala
First Published :
November 25, 2024 1:02 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
വസ്ത്രമഴിച്ച് പരിശോധനയും 25 ലക്ഷം കൈക്കൂലിയും; വനിതാ വ്യവസായി ജീവനൊടുക്കിയതില്‍ പരാതിയുമായി കുടുംബം