ബംഗളൂരു: രാഷ്ട്രീയ ഭാവിയ്ക്ക് ഭീഷണിയാകുമെന്ന ഭയത്തിൽ രഹസ്യബന്ധത്തിലുണ്ടായ മകളെ കൊലപ്പെടുത്തി പിതാവ്. കർണാടക ചിത്രദുർഗ സ്വദേശിയായ നിങ്കപ്പ എന്ന മുപ്പത്തിയഞ്ചുകാരനാണ് രാഷ്ട്രീയ ഭാവി തകരാതിരിക്കാൻ രണ്ടുവയസുകാരിയായ മകളെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയത്. ഒരു മാസം മുമ്പ് നടന്ന സംഭവം കുട്ടിയുടെ അമ്മ പരാതിയുമായി പൊലീസിനെ സമീപിച്ചതോടെയാണ് പുറത്തറിയുന്നത്.
പൊലീസ് പറയുന്നതനുസരിച്ച് നിങ്കപ്പയും ശശികല എന്ന യുവതിയും തമ്മിൽ പത്തുവർഷം മുമ്പ് അടുപ്പത്തിലായിരുന്നു. എന്നാൽ വീട്ടുകാര്‍ എതിർത്തതോടെ ഇവര്‍ പിരിഞ്ഞു. തുടർന്ന് ശശികല നഴ്സിംഗ് കോഴ്സ് പഠിക്കുന്നതിനായി ബംഗളൂരുവിലേക്ക് പോയി. നങ്കപ്പ നാട്ടിൽ തന്നെ ഒരു തയ്യൽക്കടയും ആരംഭിച്ചു. കുറച്ച് നാൾ കഴിഞ്ഞ് ഇയാൾ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചു. ഇതിനിടെ വിവാഹിതനാവുകയും ചെയ്തിരിന്നു. എന്നാൽ നാല് വർഷം മുമ്പ് ഇയാൾ ശശികലയുമായി വീണ്ടും ബന്ധം സ്ഥാപിച്ചു.
ഇവരെ രഹസ്യമായി വിവാഹം കഴിക്കുകയും ചെയ്തു. ഈ ബന്ധത്തിലെ ശിരിഷ എന്ന മകളെയാണ് ഇയാൾ ദാരുണമായി കൊലപ്പെടുത്തിയത്. വിവാഹം കഴിഞ്ഞെങ്കിലും ഈ വിവരം ആരോടും പറഞ്ഞിരുന്നില്ല. ഈയടുത്ത് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നിങ്കപ്പ തീരുമാനിച്ചിരുന്നു. ഈ സമയത്താണ് ശശികലയുടെ വീട്ടുകാർ വിവാഹത്തിന് സമ്മർദ്ദം ചെലുത്താൻ തുടങ്ങിയത്. ഇതോടെ വിവാഹക്കാര്യം എല്ലാവരെയും അറിയിക്കാൻ ശശികലയും നിര്‍ബന്ധിച്ചു തുടങ്ങി.
തുടർന്ന് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പോകുന്ന കാര്യം നിങ്കപ്പ ശശികലയോട് പറഞ്ഞു. വിവാഹക്കാര്യം ഇപ്പോൾ പുറത്ത് പറഞ്ഞാൽ അത് പ്രതിച്ഛായയെ ബാധിക്കുമെന്ന് അറിയിച്ച ഇയാൾ, ശശികലയോട് കുറച്ച് നാൾ ഗ്രാമത്തിലേക്ക് പോയി നിൽക്കാൻ നിര്‍ദേശിച്ചു. മകളെ തന്നോടൊപ്പം നിർത്തണമെന്നും അവളുടെ കാര്യം നോക്കിക്കൊള്ളാമെന്നുമാണ് പറഞ്ഞത്. ഭർത്താവിന്‍റെ വാക്കു വിശ്വസിച്ച ഇവർ മകളെ പിതാവിനൊപ്പം ആക്കി ഗ്രാമത്തിലേക്ക് പോയി. ഈ സമയത്ത് ഇയാൾ കുഞ്ഞിനെ ഇല്ലാതാക്കിയത്. കുട്ടിയെ ഒരു ഒഴിഞ്ഞ പ്രദേശത്തെത്തിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കുഴിച്ചു മൂടുകയായിരുന്നു.
ഇതിനിടെ നിങ്കപ്പയുമായി ഫോണില്‍ സംസാരിച്ച ശശികല, പല തവണ മകളോട് സംസാരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചുവെങ്കിലും നിങ്കപ്പ പല കാരണങ്ങൾ നിരത്തി. ഇതിൽ സംശയം തോന്നിയാണ് ഇവർ ഭർത്താവിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. പരാതിയിൽ കേസെടുത്ത പൊലീസ് നിങ്കപ്പയെ ചോദ്യം ചെയ്തതോടെ ഇയാൾ കുറ്റസമ്മതം നടത്തി. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ശശികലയുമായുള്ള ബന്ധം പുറത്തറിഞ്ഞ് രാഷ്ട്രീയ ഭാവി തകരാതെയിരിക്കാനാണ് ഇത്തരമൊരു കൃത്യത്തിന് മുതിർന്നതെന്നായിരുന്നു മൊഴി.
കോടതിയിൽ ഹാജരാക്കിയ ഇയാളെ പിന്നീട് റിമാൻഡ് ചെയ്തു.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.