• HOME
  • »
  • NEWS
  • »
  • crime
  • »
  • മ്യതദേഹവുമായി 40 കിലോമീറ്ററോളം ഡ്രൈവ്; പിന്നീട് ശരീരം ഫ്രിഡ്‍ജിൽ ഒളിപ്പിച്ച ശേഷം മറ്റൊരു വിവാഹം; ഡൽഹിയെ നടുക്കിയ കൊലപാതകം ഇങ്ങനെ

മ്യതദേഹവുമായി 40 കിലോമീറ്ററോളം ഡ്രൈവ്; പിന്നീട് ശരീരം ഫ്രിഡ്‍ജിൽ ഒളിപ്പിച്ച ശേഷം മറ്റൊരു വിവാഹം; ഡൽഹിയെ നടുക്കിയ കൊലപാതകം ഇങ്ങനെ

തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ മിത്രോൺ ഗ്രാമത്തിലുള്ള ഇയാളുടെ ധാബയിലെ റഫ്രിജറേറ്ററിൽ നിന്നാണ് നിക്കി യാദവിന്റെ മൃതദേഹം കണ്ടെത്തിയത്.

  • Share this:

    ഡൽഹിയെ നടുക്കിയ ശ്രദ്ധ വാൽക്കർ കൊലപാതകത്തിനു ശേഷം ‍രാജ്യ തലസ്ഥാനത്ത് സമാനമായ രീതിയിൽ മറ്റൊരു കൊലപാതകം. 24 കാരിയായ നിക്കി യാദവ് എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. കാമുകനായിരുന്ന സഹിൽ ഗെഹ്‍ലോട്ടാണ് അരുംകൊലക്കു പിന്നിലെന്ന് പോലീസ് കണ്ടെത്തി. തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ മിത്രോൺ ഗ്രാമത്തിലുള്ള ഇയാളുടെ ധാബയിലെ റഫ്രിജറേറ്ററിൽ നിന്നാണ് നിക്കി യാദവിന്റെ മൃതദേഹം കണ്ടെത്തിയത്. ഫെബ്രുവരി ഒൻപതിനാണ് സംഭവം നടന്നത്.

    മിത്രോൺ സ്വദേശിയായ പ്രതി സഹിൽ ഗഹ്‌ലോട്ടിന്റെ വിവാഹം ഈ മാസം നടത്താൻ നിശ്ചയിച്ചിരുന്നു. എന്നാൽ ഇയാളുമായി ദീർഘനാളായി പ്രണയത്തിലായിരുന്നതിനാൽ  നിക്കി യാദവ് ഈ വിവാഹത്തെ എതിർത്തു. ഇതേത്തുടർന്നുണ്ടായ തർക്കങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്.

    Also Read-കാമുകിയെ കൊന്ന് ഫ്രിഡ്ജില്‍ കയറ്റിയ അന്ന് മറ്റൊരു യുവതിയെ വിവാഹം ചെയ്ത യുവാവ് അറസ്റ്റില്‍

    സഹീല്‍ ഗെഹ്‌ലോട്ടിനൊപ്പം ഗോവയിൽ അവധിക്കാലം ആഘോഷിക്കാൻ നിക്കി യാദവിന് പദ്ധതിയുണ്ടായിരുന്നെന്നും അതിനായി വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്‌തിരുന്നു എന്നും ചില സ്രോതസുകൾ ന്യൂസ് 18-നോട് പറഞ്ഞു. പക്ഷേ സഹീല്‍ വിവാഹം കഴിക്കുകയാണെന്ന് മനസിലാക്കിയ നിക്കി യാത്ര ഉപേക്ഷിച്ച് ഇയാളെ കാണാനായി എത്തി. വിവാഹക്കാര്യം യുവാവ് നിക്കിയിൽ നിന്നും മറച്ചു വെച്ചിരുന്നു. നിക്കി ഇക്കാര്യം അറിഞ്ഞ ശേഷം പ്രതിയുമായി വലിയ വാക്കുതർക്കമുണ്ടായെന്നും അവർ പറഞ്ഞു.

    Also Read-വെട്ടിനുറുക്കി കൊലപാതകം; ശ്രദ്ധ വാല്‍ക്കര്‍ കേസിന് സമാനമായി രാജ്യത്ത് നടന്ന ആറ് അരുംകൊലകള്‍

    ”ഇരുവരും ഫെബ്രുവരി ഒൻപതിന് ഒരുമിച്ച് പുറത്തേക്ക് പോയി. ഡൽഹിയിൽ അൽപനേരം കറങ്ങി. ഗെഹ്‌ലോട്ടിന്റെ വിവാഹത്തെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഇതിനിടെ ​ഗെഹ്‍ലോട്ട് തന്റെ മൊബൈൽ ഫോണിന്റെ ഡാറ്റ കേബിൾ ഉപയോഗിച്ച് നിക്കിയെ കഴുത്തു ഞെരിച്ച് കൊന്നു”, ചില വൃത്തങ്ങൾ ന്യൂസ് 18 നോട് പറഞ്ഞു. ഡൽഹിയിലെ കശ്മീരി ഗേറ്റിന് സമീപം വെച്ചായിരുന്നു കൊലപാതകം. നിക്കിയെ കാറിൽ വെച്ച് കൊലപ്പെടുത്തിയ ശേഷം പ്രതി മൃതദേഹം മുൻ സീറ്റിൽ തന്നെ കിടത്തിയാണ് യാത്ര തുടർന്നതെന്ന് ഡൽഹി പോലീസ് വൃത്തങ്ങൾ അറിയിച്ചു. ഏകദേശം 40 കിലോമീറ്ററോളം ഡ്രൈവ് ചെയ്ത് ഇയാൾ മിത്രോൺ ഗ്രാമത്തിലെ തന്റെ ധാബയിൽ എത്തി. അതിനു ശേഷം മൃതദേഹം പുറത്തെടുത്ത് ഫ്രീസറിൽ സൂക്ഷിച്ചതായും പോലീസ് പറഞ്ഞു.

    മൃതദേഹം ഫ്രിഡ്‍ജിൽ ഒളിപ്പിച്ച ശേഷം പ്രതി വീട്ടിലെത്തി വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങളിൽ പങ്കെടുത്തതായും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. പിറ്റേദിവസം തന്നെ ഇയാൾ വിവാഹിതനാകുകയും ചെയ്തു. കുറച്ചു ദിവസത്തേക്ക് ഇയാളുടെ ധാബ അടച്ചിട്ടിരിക്കുകയായിരുന്നു. ഗഹ്‌ലോട്ടിന്റെ വീട്ടിൽ നിന്ന് പോലീസ് കാർ പിടിച്ചെടുത്തിട്ടുണ്ട്.

    നിക്കിയെക്കുറിച്ചുള്ള വിവരം ലഭിക്കാതെ വന്നതോടെ ബന്ധുക്കൾ പോലീസിനെ വിവരം അറിയിച്ചിരുന്നു. തുടർന്നു നടന്ന അന്വേഷണത്തിലാണ് കൊലപാതകത്തിൻ്റെ ചുരുളഴിഞ്ഞത്. 2018 ൽ ഒരു കോച്ചിംഗ് സെന്ററിൽ വെച്ചാണ് നിക്കി യാദവും സഹിൽ ​ഗെഹ്‍ലോട്ടും തമ്മിൽ ആദ്യമായി പരിചയപ്പെട്ടത്. തുടർന്ന് ഈ പരിചയം സൗഹൃദത്തിലേക്കും പിന്നീട് പ്രണയത്തിലേക്ക് എത്തുകയായിരുന്നു.

    Published by:Arun krishna
    First published: