• HOME
 • »
 • NEWS
 • »
 • crime
 • »
 • പതിനാല് ലക്ഷം രൂപയുടെ കാർ സമ്മാനമായി ലഭിച്ചെന്ന് വിശ്വസിപ്പിച്ച് അധ്യാപികയിൽനിന്ന് 14.72 ലക്ഷം തട്ടിയെടുത്ത നാലുപേർ അറസ്റ്റിൽ

പതിനാല് ലക്ഷം രൂപയുടെ കാർ സമ്മാനമായി ലഭിച്ചെന്ന് വിശ്വസിപ്പിച്ച് അധ്യാപികയിൽനിന്ന് 14.72 ലക്ഷം തട്ടിയെടുത്ത നാലുപേർ അറസ്റ്റിൽ

പരാതിക്കാരിയായ യുവതിക്ക് MEESHO എന്ന ഓൺലൈൻ ഷോപ്പിംഗ് കമ്പനിയിൽ നിന്നും മഹിന്ദ്ര XUV 7OO കാർ സമ്മാനം ആയി ലഭിച്ചിട്ടുണ്ടെന്ന് വിശ്വസിപ്പിച്ചാണ് 14.72 ലക്ഷം രൂപ തട്ടിയെടുത്തത്...

 • Last Updated :
 • Share this:
  കൊല്ലം: ഓൺലൈൻ ഷോപ്പിംഗ് കമ്പനിയുടെ വാർഷികാഘോഷത്തിന്‍റെ ഭാഗമായി നടത്തിയ നറുക്കെടുപ്പിൽ 14 ലക്ഷം രൂപ വിലയുള്ള കാർ സമ്മാനം ലഭിച്ചു എന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തിയ നാലുപേർ അറസ്റ്റിൽ. കാർ സമ്മാനം ലഭിച്ചെന്ന് വാട്സാപ്പ് മെസ്സഞ്ചറിലൂടെയും മൊബൈൽഫോണിലൂടെയും വ്യാജ ലിങ്കുകളിലൂടെയും തെറ്റിദ്ധരിപ്പിച്ചാണ് അധ്യാപികയുടെ പക്കൽ നിന്നും 1472400 രൂപ പ്രതികൾ തട്ടിയെടുത്തത്. കൊല്ലം റൂറൽ സൈബർ ക്രൈം പോലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

  പരാതിക്കാരിയായ യുവതിക്ക് MEESHO എന്ന ഓൺലൈൻ ഷോപ്പിംഗ് കമ്പനിയിൽ നിന്നും മഹിന്ദ്ര XUV 7OO കാർ സമ്മാനം ആയി ലഭിച്ചിട്ടുണ്ടെന്ന് വിവിധ ഫോൺ നമ്പറുകളിൽ നിന്നും വാട്സാപ്പ് മെസ്സേജ് മുഖേനയും അറിയിച്ചതിൽ വിശ്വസിച്ച യുവതി തനിക്കു കാർ വേണ്ട എന്നും തത്തുല്യമായ പണം മതിയെന്നും അറിയിക്കുകയായിരുന്നു. ഇതേത്തുടർന്ന് TDS (Tax Deducted at Source), ഇൻകം ടാക്സ്, Money Security Fund മുതലായ ആവശ്യങ്ങളിലേക്കായി എന്ന് പറഞ്ഞു ഈ വർഷം മെയ് 19 മുതൽ ജൂലൈ 26 വരെ യുവതി തൻറെ നെടുമൺകാവ് ഫെഡറൽ ബാങ്കിലെ അക്കൗണ്ടിൽ നിന്നും 41 തവണകളായി ഡൽഹി, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിലുള്ള ആറു ബാങ്ക് അക്കൗണ്ടുകളിലേക്ക് മൊത്തം 1472400 രൂപ അയച്ചു കൊടുത്തു. മലയാളത്തിലാണ് യുവതിയോട് പ്രതികൾ ആശയ വിനിമയം നടത്തിയിരുന്നത്.

  തട്ടിപ്പിന് ഇരയായത് മനസിലാക്കിയ യുവതി ജൂലൈ 26ന് കൊല്ലം റൂറൽ ജില്ലാ പോലീസ്‌ മേധാവി കെ.ബി രവി IPS നു നൽകിയ പരാതിയിൽ അന്ന് തന്നെ FIR രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു. പ്രതികളുടെ ലൊക്കേഷൻ ഡൽഹി പിതംപുര ആണെന്നും പണം അയച്ചു കൊടുത്ത ബാങ്ക് അക്കൗണ്ടുകൾ ഡൽഹി, ഉത്തർപ്രദേശ്, ഹരിയാന എന്നിവിടങ്ങളിലാണെന്നും പൊലീസ് മനസിലാക്കി. ഇന്ത്യൻ സൈബർക്രൈം കോർഡിനേഷൻ സെന്‍ററിന്‍റെ (I 4C) യുടെ സഹായത്തോടു കൂടി അന്വേഷണം നടത്തിവരുകയായിരുന്നു പൊലീസ്. അതിനിടെ സമാനമായ കേസിൽ വയനാട് സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ പ്രതികളെ അറസ്റ്റ് ചെയ്ത വിവരം അറിഞ്ഞ് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിയത്.

  കുറ്റകൃത്യം ചെയ്യാൻ പ്രതികൾ ഉപയോഗിച്ച SIM കാർഡുകളും മൊബൈൽ ഡിവൈസുകളും ഒന്ന് തന്നെ ആണെന്ന് കണ്ടെത്തിയിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ ഡൽഹി പിതംപുര ശിവ മാർക്കറ്റിലെ മൂന്നു നില ബിൽഡിങ്ങിൽ പ്രവർത്തിച്ചു വന്നിരുന്ന വ്യാജ കാൾ സെൻററിൽ നിന്നും അറസ്റ്റ് ചെയ്യപ്പെട്ട പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തു. ഇതോടെയാണ് യുവതിയിൽനിന്ന് 14.72 ലക്ഷം രൂപ തട്ടിയെടുത്തത് ഈ സംഘം തന്നെയാണെന്ന് വ്യക്തമായത്. പ്രതികളായ ഡൽഹി സംഘം പാർക്ക് RP ബാഗ് സ്വദേശി പ്രവീൺ (24), ബീഹാർ ഗയ വസിർഗഞ്ച് പത്രോറ കോളനി സ്വദേശി സിന്റു ശർമ്മ (31), ഡൽഹി സരസ്വതി വിഹാർ ഷക്കുർപുർ കോളനിയിൽ അഭിഷേക് എസ് പിള്ള (24) , ഡൽഹി ജഹാൻഗീർപുരി സ്വദേശി അമൻ (19) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പരാതിക്കാരിയായ യുവതി തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികളിൽ രണ്ടു പേര് ഡൽഹിയിൽ സ്ഥിര താമസം ആക്കിയിട്ടുള്ള മലയാളികൾ ആണ്. പ്രതികളിൽ ബീഹാർ സ്വദേശിയും തമിഴ്നാട് സ്വദേശിയും ഉൾപ്പെടുന്നു.

  Also Read- ബൈക്കിന്റെ അമിതവേഗം ചോദ്യംചെയ്തതിന് യുവാക്കളും നാട്ടുകാരും ഏറ്റുമുട്ടി; ബൈക്ക് കത്തിച്ചു

  വ്യാജ കാൾ സെന്ററിന്റെ നടത്തിപ്പ് , വ്യാജ SMS, വ്യാജ പേരിൽ ഫോണിൽ വിളിക്കുക, വ്യാജ ലിങ്ക് ഉണ്ടാക്കി സമ്മാനങ്ങളുടെ ചിത്രം അപ്‌ലോഡ് ചെയ്യുക, വ്യാജ സിം കാർഡുകൾ എത്തിച്ചു നൽകുക, വ്യാജ ബാങ്ക് അക്കൗണ്ടുകൾ ഓപ്പൺ ചെയ്തു കൊടുക്കുക എന്നിങ്ങനെ വിവിധ ശ്രേണികളിലൂള്ള തട്ടിപ്പുകാരെ വ്യാജ കാൾ സെന്ററിലൂടെ ഏകോപിപ്പിച്ചായിരുന്നു ഇവർ ഓൺലൈൻ തട്ടിപ്പു നടത്തിയിരുന്നത്. ഇത്തരത്തിൽ ഇവർ മറ്റു സ്ഥലങ്ങളിൽ സമാനമായ ഓൺലൈൻ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോ എന്നുള്ള വിവരം അന്വേഷിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു. ഡൽഹി കേന്ദ്രീകരിച്ചു നടത്തിയ ഈ തട്ടിപ്പിൽ നിരവധി മലയാളികൾ പങ്കാളികളായിട്ടുള്ളതായി സംശയിക്കുന്നു.

  വഞ്ചന, ആൾമാറാട്ടം നടത്തി വഞ്ചിക്കുക, കമ്പ്യൂട്ടർ ഉപകരണം ഉപയോഗിച്ച് ആൾമാറാട്ടം നടത്തി വഞ്ചന നടത്തുക എന്നീ വകുപ്പുകൾ പ്രകാരം രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണം കൊല്ലം റൂറൽ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ഏലിയാസ് പി ജോർജ്, സബ് ഇൻസ്‌പെക്ടർ സരിൻ എ. എസ് , പ്രസന്ന കുമാർ. റ്റി, സിവിൽ പോലീസ് ഓഫീസർ സജിത്ത് ജി.കെ, രജിത് ബാലകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ നടന്നു വരുകയാണെന്ന് പൊലീസ് അറിയിച്ചു.
  Published by:Anuraj GR
  First published: