31 ഗ്രാം സ്വർണ്ണം പണയം വെച്ച് ഒന്നര ലക്ഷം എടുത്തു; ഒരു വർഷമായിട്ടും കാണാതായ പ്രതി വച്ചത് മുക്കുപണ്ടം
- Published by:Sarika N
- news18-malayalam
Last Updated:
കഴിഞ്ഞ വർഷം ജനുവരി 11-നാണ് കേസിനാസ്പദമായ സംഭവം നടന്നത്
തിരുവനന്തപുരം: സ്വകാര്യ ധനമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ബാലരാമപുരം പോലീസ് അറസ്റ്റ് ചെയ്തു. കട്ടച്ചൽകുഴി പുത്തൻകാനം സ്വദേശി സജു (50) ആണ് പിടിയിലായത്. കോട്ടുകാൽ പഴയ പഞ്ചായത്ത് ഓഫീസിന് സമീപം ഒളിവിൽ കഴിയുന്നതിനിടെയാണ് പോലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വർഷം ജനുവരി 11-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മംഗലത്ത്കോണം ജങ്ഷനിലെ സ്വകാര്യ ഫിനാൻസ് സ്ഥാപനത്തിൽ 31.90 ഗ്രാം തൂക്കം വരുന്ന രണ്ട് വളകൾ പണയം വെച്ച് സജു ഒരു ലക്ഷത്തി അറുപതിനായിരം രൂപ തട്ടിയെടുക്കുകയായിരുന്നു. പിന്നീട് സ്ഥാപനത്തിലെ ജീവനക്കാർ നടത്തിയ വിശദമായ പരിശോധനയിലാണ് പണയം വെച്ച വളകൾ സ്വർണ്ണമല്ലെന്നും മുക്കുപണ്ടമാണെന്നും തിരിച്ചറിഞ്ഞത്.
സ്ഥാപന ഉടമകൾ ബാലരാമപുരം പോലീസിൽ പരാതി നൽകിയതോടെ പ്രതി ഒളിവിൽ പോവുകയായിരുന്നു. ഒരു വർഷത്തിലേറെയായി പോലീസിനെ വെട്ടിച്ച് കഴിഞ്ഞിരുന്ന ഇയാൾ കഴിഞ്ഞ ദിവസം കോട്ടുകാൽ ഭാഗത്ത് എത്തിയതായി രഹസ്യവിവരം ലഭിച്ചതോടെ പോലീസ് സ്ഥലത്തെത്തി പിടികൂടുകയായിരുന്നു.
advertisement
ബാലരാമപുരം എസ്എച്ച്ഒ അഭിലാഷ്, പ്രിൻസിപ്പൽ എസ്ഐ അനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്. സജു മുൻപും സമാനമായ രീതിയിൽ വിവിധ ജ്വല്ലറികളിലും ധനമിടപാട് സ്ഥാപനങ്ങളിലും തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
Apr 02, 2026 7:25 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
31 ഗ്രാം സ്വർണ്ണം പണയം വെച്ച് ഒന്നര ലക്ഷം എടുത്തു; ഒരു വർഷമായിട്ടും കാണാതായ പ്രതി വച്ചത് മുക്കുപണ്ടം







