മാങ്ങ പാതി കഴിച്ച് ഉപേക്ഷിച്ച നിലയിൽ; അലമാരയിലുണ്ടായിരുന്ന 89 പവൻ സ്വർണം കാണാനില്ല; തിരുവനന്തപുരത്ത് വൻ കവർച്ച
- Published by:Naseeba TC
- news18-malayalam
Last Updated:
. ഫ്രിഡ്ജിൽ ഉണ്ടായിരുന്ന മാങ്ങ പകുതി കഴിച്ച് ഉപേക്ഷിച്ച് നിലയിൽ കണ്ടെത്തി. ഒരു ദിവസം മാത്രമാണ് വീട്ടുകാർ മാറി നിന്നത്
തിരുവനന്തപുരം നഗരത്തിൽ വൻകവർച്ച. മണക്കാട് മുക്കോലയ്ക്കലിൽ ബാലസുബ്രഹ്മണ്യൻ എന്നയാളുടെ വീട്ടിൽ നിന്ന് 89 പവൻ സ്വർണമാണ് മോഷണം പോയത്. ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് വീട്ടുകാർ മോഷണത്തെ കുറിച്ച് അറിയുന്നത്. സംഭവത്തിൽ ഫോർട്ട് പോലീസ് അന്വേഷണം ആരംഭിച്ചു.
ബാലസുബ്രഹ്മണ്യന്റെ ചെറുമകന്റെ ഉപനയന ചടങ്ങ് രണ്ട് ദിവസം മുമ്പ് നടന്നിരുന്നു. ലോക്കറിൽ ഉണ്ടായിരുന്ന സ്വർണ്ണം ഈ ചടങ്ങിന് വേണ്ടി വീട്ടുകാർ എടുത്തു. ചടങ്ങുകൾ കഴിഞ്ഞതിന് പിന്നാലെ ബാലസുബ്രഹ്മണ്യന്റെ മകനും ചെറുമകനും മറ്റു കുടുംബാംഗങ്ങളും ഉൾപ്പെടെയുള്ളവർ തൃച്ചന്തൂർ ക്ഷേത്രദർശനത്തിൽ പോയി. ഇന്നലെ രാവിലെ എട്ടു മണിക്കാണ് തിരുവനന്തപുരത്തുനിന്ന് ഇവർ പുറപ്പെട്ടത്.
Also Read- വിമാനത്തിൽ കേരളത്തിലെത്തി ആഡംബര ഹോട്ടലിൽ താമസിച്ച്, സ്വർണം മാത്രം മോഷ്ടിച്ച് മടങ്ങുന്ന കള്ളൻ പിടിയിൽ
ദർശനം പൂർത്തിയാക്കി ഉച്ചയ്ക്ക് 12 മണിയോടെ മടങ്ങിയെത്തി. വീട് തുറന്നു നോക്കിയപ്പോഴാണ് സ്വർണ്ണം നഷ്ടമായ വിവരം മനസ്സിലായത്. രണ്ടാം നിലയിൽ അലുമിനിയം ഫാബ്രിക്കേഷൻ ചെയ്ത വാതിൽ തുറന്ന നിലയിലായിരുന്നു. ഇതുവഴിയാണ് മോഷ്ടാവ് അകത്തു കടന്നതെന്ന് കരുതുന്നു. രണ്ട് കിടപ്പ് മുറികളിലെ വസ്തുക്കൾ വാരിവലിച്ചിട്ട നിലയിലായിരുന്നു.
advertisement
ഒരു മുറിയിലെ അലമാര തകർത്താണ് സ്വർണ്ണം കവർന്നത്. മറ്റു വാതിലുകളെല്ലാം താക്കോൽ കൊണ്ട് തുറന്ന നിലയിലാണ്. മുറികളുടെ താക്കോൽ വീടിനുള്ളിൽ തന്നെ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഫ്രിഡ്ജിൽ ഉണ്ടായിരുന്ന മാങ്ങ പകുതി കഴിച്ച് ഉപേക്ഷിച്ച് നിലയിൽ കണ്ടെത്തി. ഒരു ദിവസം മാത്രമാണ് വീട്ടുകാർ മാറി നിന്നത്. ഫോർട്ട് പോലീസ് സ്ഥലത്ത് പരിശോധന നടത്തി. ഫിംഗർ പ്രിൻറ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
July 07, 2023 5:47 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
മാങ്ങ പാതി കഴിച്ച് ഉപേക്ഷിച്ച നിലയിൽ; അലമാരയിലുണ്ടായിരുന്ന 89 പവൻ സ്വർണം കാണാനില്ല; തിരുവനന്തപുരത്ത് വൻ കവർച്ച