പാറശാല ഷാരോൺ കൊലക്കേസിൽ ഗ്രീഷ്മയെ അറസ്റ്റ് ചെയ്തു
- Published by:Naseeba TC
- news18-malayalam
Last Updated:
മജിസ്ട്രേറ്റ് മെഡിക്കൽ കോളേജിൽ എത്തി മൊഴി രേഖപ്പെടുത്തിയ ശേഷമാണ് അറസ്റ്റ്
തിരുവനന്തപുരം: പാറശാല ഷാരോൺ കൊലപാതകത്തിൽ പ്രതി ഗ്രീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി. മജിസ്ട്രേറ്റ് മെഡിക്കൽ കോളേജിൽ എത്തി മൊഴി രേഖപ്പെടുത്തിയ ശേഷമാണ് അറസ്റ്റ്. ഇന്ന് രാവിലെ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ വെച്ച് ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇതിനെ തുടർന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ഗ്രീഷ്മയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
ഷാരോണിന്റെ കൊലപാതകത്തിൽ അന്വേഷണം കൂടുതൽ പേരിലേക്ക് നീങ്ങിയേക്കുമെന്ന സൂചന വന്നതിനു പിന്നാലെയാണ് ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കൊലപാതകം ആസൂത്രണം ചെയ്യാൻ ഗ്രീഷ്മയെ സഹായിച്ചവരെ കേന്ദ്രീകരിച്ചാണ് ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നത്.
അതേസമയം, ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന. അന്വേഷണ റിപ്പോർട്ട് കിട്ടിയെന്നും ശക്തമായ നടപടിയുണ്ടാകുമെന്നും റൂറൽ എ സ് പി ഡി. ശിൽപ അറിയിച്ചു.
advertisement
സുരക്ഷ കണക്കിലെടുത്ത് ഗ്രീഷ്മയ്ക്ക് ഉപയോഗിക്കാനായി പ്രത്യേക ശുചിമുറി തയാറാക്കിയിരുന്നു. എന്നാൽ, മറ്റൊരു ശുചിമുറിയിൽവച്ചാണ് ഗ്രീഷ്മ അണുനാശിനി കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകിയിട്ടും വീഴ്ചയുണ്ടായ സാഹചര്യത്തിലാണ് പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കുന്നതെന്ന് റൂറൽ എസ് പി പറഞ്ഞു.
ഇന്നലെ രാത്രിയാണ് ഗ്രീഷ്മയെ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെത്തിച്ചത്. വനിതാ എസ് ഐയും മൂന്നു വനിതാ പൊലീസുകാരുമാണ് കാവലിന് ഉണ്ടായിരുന്നത്. ഗ്രീഷ്മയുടെ അച്ഛൻ, അമ്മ, അമ്മയുടെ സഹോദരൻ, അമ്മയുടെ സഹോദരന്റെ മകൾ എന്നിവരെ വെഞ്ഞാറമൂട്, അരുവിക്കര, വട്ടപ്പാറ, റൂറൽ എസ് പി ഓഫിസ് എന്നിവിടങ്ങളിലാണ് ചോദ്യം ചെയ്തത്.
Location :
First Published :
October 31, 2022 3:21 PM IST