ലൈംഗിക പീഡന കേസിൽ സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യം ഹൈക്കോടതി റദ്ദാക്കി
- Published by:Rajesh V
- news18-malayalam
Last Updated:
സര്‍ക്കാരും പരാതിക്കാരിയും നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് നടപടി
കൊച്ചി: ദളിത് യുവതിക്കെതിരായ ലൈംഗിക പീഡനക്കേസില്‍ സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി റദ്ദാക്കി. സര്‍ക്കാരും പരാതിക്കാരിയും നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് നടപടി. പ്രായാധിക്യം പരിഗണിച്ച് സിവിക് ചന്ദ്രന് നേരത്തെ കോഴിക്കോട് സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. സെഷൻസ് കോടതി ഉത്തരവിൽ ഉണ്ടായിരുന്ന ചില പരാമർശങ്ങൾ ഹൈക്കോടതി നീക്കിയിരുന്നു. ഇരയുടെ വസ്ത്രധാരണം പ്രകോപനം ഉണ്ടാക്കുന്നതാണെന്നത് ഉൾപ്പെടെയുള്ള വിവാദ പരാമർശങ്ങളാണ് നീക്കിയത്.
2020 ഫെബ്രുവരി 8നു നടന്ന ക്യാംപിനുശേഷം പരാതിക്കാരി കടൽത്തീരത്തു വിശ്രമിക്കുമ്പോൾ സിവിക് ചന്ദ്രൻ കടന്നു പിടിച്ച് അപമര്യാദയായി പെരുമാറിയെന്നാണു പരാതി. 2022 ജൂലൈ 29ന് അതിജീവിത നൽകിയ പരാതിയിൽ കൊയിലാണ്ടി പൊലീസ് കേസെടുത്തെങ്കിലും കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. സമൂഹമാധ്യമങ്ങളിൽനിന്നുള്ള ഫോട്ടോകൾ പ്രതി ഹാജരാക്കിയതു പരിശോധിച്ച സെഷൻസ് കോടതി യുവതിയുടെ വസ്ത്രധാരണം പ്രകോപനപരമായിരുന്നു എന്നു പരാമർശിച്ചതു വിവാദമായിരുന്നു.
advertisement
രണ്ട് കേസുകളാണ് സിവികിനെതിരെയുള്ളത്. ഇതിൽ ഒരു കേസിൽ, സിവികിന്‍റെ പ്രായം പരിഗണിച്ച് അദ്ദേഹത്തിന് മുൻകൂർ ജാമ്യത്തിൽ തുടരാമെന്ന് ഹൈകോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
മുന്‍കൂര്‍ ജാമ്യം നല്‍കി കോഴിക്കോട് സെഷന്‍സ് കോടതി ജഡ്ജി എസ് കൃഷ്ണകുമാര്‍ പുറപ്പെടുവിച്ച ഉത്തരവിലെ പരാമര്‍ശങ്ങള്‍ വലിയ വിവാദമായിരുന്നു. പരാതിക്കാരി ലൈംഗിക പ്രകോപനം ഉണ്ടാക്കുന്ന വസ്ത്രം ധരിച്ചതിനാല്‍ ലൈംഗികാതിക്രമ കുറ്റം നിലനില്‍ക്കില്ലെന്നായിരുന്നു ജഡ്ജിയുടെ പരാമർശം. പ്രതിഷേധങ്ങളെ തുടർന്ന് കൃഷ്ണകുമാറിനെ സ്ഥലം മാറ്റിയിരുന്നു. പിന്നീട്, 'പ്രകോപനപരമായ വസ്ത്രധാരണം' സ്ത്രീകളെ അപമാനിക്കാനുള്ള ലൈസൻസല്ലെന്ന് ഹൈകോടതി വ്യക്തമാക്കുകയും പരാമർശം നീക്കുകയും ചെയ്തു.
Location :
First Published :
October 20, 2022 12:29 PM IST