വാഹനാപകടത്തെത്തുടര്‍ന്ന് ഒരു ട്രാഫിക് ജാം; മകനെ കൊന്ന് ബാഗിലാക്കിയ സിഇഒ കുടുങ്ങിയത് ഇങ്ങനെ
- Published by:Naseeba TC
- news18-malayalam
Last Updated:
ട്രക്കിടിച്ചുണ്ടായ അപകടത്തെത്തുടര്‍ന്ന് 4 മണിക്കൂറോളമാണ് ട്രാഫിക് ജാമുണ്ടായത്
പനാജി: നാലുവയസ്സുകാരനായ മകനെ കൊന്ന് ബാഗിലാക്കി കടത്താന്‍ ശ്രമിച്ച കേസിലെ പ്രതിയായ സ്റ്റാര്‍ട്ട് അപ്പ് കമ്പനി സിഇഒ സുചന സേത്തിനെ പിടികൂടാന്‍ പോലീസിനെ സഹായിച്ചത് ഗോവയിലെ ചോര്‍ള ഗട്ടിലുണ്ടായ ഒരു വാഹനപകടമെന്ന് റിപ്പോര്‍ട്ട്.
ചോര്‍ള ഗട്ടില്‍ ട്രക്കിടിച്ചുണ്ടായ അപകടത്തെത്തുടര്‍ന്ന് 4 മണിക്കൂറോളമാണ് ട്രാഫിക് ജാമുണ്ടായത്. ഗോവ, കര്‍ണാടക, മഹാരാഷ്ട്ര അതിര്‍ത്തി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ചോര്‍ള ഗട്ട്. ഇതാണ് മകന്റെ മൃതദേഹവുമായുള്ള സുചനയുടെ യാത്രയ്ക്ക് തടസ്സമായത്. ഇവര്‍ക്ക് ബംഗളുരുവിലെത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍ കുട്ടിയുടെ മൃതദേഹം ഇത്രയെളുപ്പത്തില്‍ കണ്ടെത്താനാകുമായിരുന്നില്ലെന്ന് പോലീസ് വ്യക്തമാക്കി.
ഗോവയില്‍ നിന്ന് ബംഗളുരുലേക്ക് പോകും വഴിയാണ് സുചന പോലീസ് പിടിയിലാകുന്നത്. മകന്റെ മൃതദേഹം സ്യൂട്ട്‌കേസിലാക്കിയ നിലയിലായിരുന്നു. നിലവില്‍ പോലീസ് കസ്റ്റഡിയിലാണ് സുചന. ഗോവയിലെ അഞ്ജുനയില്‍ നിന്നുള്ള ക്യാബ് ഡ്രൈവറുടെ അവസരോചിതമായ ഇടപെടലും സുചനയെ പിടികൂടാന്‍ സഹായിച്ചു. ക്യാബ് ഡ്രൈവറായ റോയ്‌ജോണ്‍ ഡിസൂസയാണ് ഗ്രാന്‍ഡ് കാന്‍ഡോളിമിലെ ഹോട്ടല്‍ സോണ്‍ ബനിയനില്‍ നിന്ന് സുചനയെ ചിത്രദുര്‍ഗ്ഗിലേക്ക് എത്തിച്ചത്.
advertisement
ജനുവരി 7ന് പതിനൊന്ന് മണിയോടെയാണ് സുചനയെ ബംഗളുരുവിലെത്തിക്കണമെന്ന കോള്‍ ഡിസൂസയ്ക്ക് ലഭിച്ചത്. "ഞാനും എന്റെ സഹപ്രവര്‍ത്തകനും ഹോട്ടലിലെ പാര്‍ക്കിംഗ് ഏരിയയില്‍ എത്തിയിരുന്നു. ഒറ്റയ്ക്കാണ് യാത്ര ചെയ്യുന്നതെന്നാണ് സുചന പറഞ്ഞത്. പിന്നീട് ഒരു വലിയ സ്യൂട്ട്‌കേസുണ്ടെന്നും അത് കാറിലേക്ക് വെയ്ക്കണമെന്നും പറഞ്ഞു. വല്ലാത്ത കനമായിരുന്നു സ്യൂട്ട് കേസിന്. എന്നാല്‍ അപ്പോള്‍ അസ്വാഭാവികമായി ഒന്നും തോന്നിയില്ല,'' ഡിസൂസ പറഞ്ഞു.
advertisement
യാത്രയിലുടനീളം സുചന വളരെ നിശബ്ദയായിരുന്നുവെന്നും ഡിസൂസ പറഞ്ഞു. എന്നാല്‍ പതിനൊന്ന് മണിയോടെ കലാന്‍ഗ്യൂട്ട് പോലീസ് ഇന്‍സ്‌പെക്ടര്‍ ഇദ്ദേഹത്തെ വിളിച്ചതോടെയാണ് കാര്യങ്ങള്‍ വ്യക്തമായത്.
"സുചനയോടൊപ്പം കുട്ടികളാരെങ്കിലുമുണ്ടോയെന്ന് പോലീസുദ്യോഗസ്ഥന്‍ എന്നോട് ചോദിച്ചു. കൊങ്കിണിയിലാണ് ഇന്‍സ്‌പെക്ടറും ഞാനും സംസാരിച്ചത്. അത് അവര്‍ക്ക് മനസ്സിലായിരുന്നില്ല. സുചന ഒറ്റയ്ക്കാണെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. അപ്പോഴാണ് അവരുടെ ഹോട്ടല്‍ മുറിയില്‍ നിന്ന് രക്തക്കറ കണ്ടെത്തിയെന്നും അവരെ തങ്ങള്‍ക്ക് സംശയമുണ്ടെന്നും പോലീസ് പറഞ്ഞത്. അതോടെ ഞാന്‍ ഫോണ്‍ സുചനയ്ക്ക് കൊടുത്തു. പോലീസ് ഓഫീസര്‍ സുചനയോട് കുറച്ച് നേരം സംസാരിച്ചു. സുചന തന്റെ മേല്‍വിലാസം പറഞ്ഞുകൊടുക്കുകയും പിന്നീട് യാതൊരു ഭാവഭേദവുമില്ലാതിരിക്കുകയും ചെയ്തു," എന്നാണ് ഡിസൂസ പറഞ്ഞത്.
advertisement
എന്നാല്‍ സുചന നല്‍കിയ വിവരം തെറ്റാണെന്ന് മനസ്സിലാക്കിയ പോലീസ് ഡിസൂസയോട് അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് അവരെ എത്തിക്കണമെന്ന് പറയുകയായിരുന്നു.
ഉടന്‍ തന്നെ ഡിസൂസ അടുത്തുള്ള പോലീസ് സ്റ്റേഷന്‍ എവിടെയാണെന്ന് ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ നോക്കി. 150 കിലോമീറ്റര്‍ അകലെയായിരുന്നു പോലീസ് സ്റ്റേഷന്‍. ഇത് വളരെ അകലെയായിരുന്നു. ഉടനെ തന്നെ ഡിസൂസ ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തി.
advertisement
തനിക്കും തന്റെ സഹ ഡ്രൈവര്‍ക്കും ഒന്ന് ബാത്ത്‌റൂമില്‍ പോകണമെന്ന് ഡിസൂസ സുചനയോട് പറഞ്ഞു. ശേഷം അടുത്തുള്ള ഒരു റെസ്റ്റോറന്റില്‍ വണ്ടി നിര്‍ത്തുകയും ചെയ്തു. അവിടുത്തെ ജീവനക്കാരോട് ചോദിച്ചപ്പോഴാണ് ചിത്രദുര്‍ഗ്ഗില്‍ പോലീസ് സ്റ്റേഷനുണ്ടെന്ന കാര്യം വ്യക്തമായത്. തുടര്‍ന്ന് ഡിസൂസ ഈ വിവരം ഗോവ പോലീസിനെ അറിയിച്ച ശേഷം ചിത്രദുര്‍ഗ്ഗിലേക്ക് പോകുകയായിരുന്നു. ശേഷം ചിത്രദുര്‍ഗ്ഗിലെ പോലീസുദ്യോഗസ്ഥര്‍ സുചനയുടെ സ്യൂട്ട് കേസ് പരിശോധിക്കുകയും കുട്ടിയുടെ ശരീരം കണ്ടെത്തുകയും ചെയ്തു.
ചിത്രദുര്‍ഗ്ഗില്‍ വെച്ച് പോസ്റ്റ്‌മോര്‍ട്ടം ചെയ്തതിന് ശേഷമാണ് കുട്ടിയുടെ മൃതദേഹം ബംഗളുരുവിലെത്തിച്ചത്. കുട്ടിയുടെ പിതാവായ വെങ്കട്ട് രാമന്‍ ചൊവ്വാഴ്ച രാത്രി തന്നെ സ്ഥലത്തെത്തുകയും മൃതദേഹം ഏറ്റുവാങ്ങുകയുമായിരുന്നു. ശ്വാസം മുട്ടിച്ചാണ് കുട്ടിയെ കൊന്നതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.
advertisement
ആരാണ് സുചന സേത്ത് ?
എഐ എത്തിക്സ് വിദഗ്ധയും ഡാറ്റ സയന്റിസ്റ്റുമാണ് പോലീസ് പിടിയിലായ സുചന സേത്ത്. ഈ മേഖലയില്‍ 12 വര്‍ഷത്തിലധികമായി പ്രവര്‍ത്തിച്ചുവരുന്ന വ്യക്തികൂടിയാണിവര്‍. ടെക്നിക്കല്‍ കണ്‍സള്‍ട്ടന്‍സിയായ ദി മൈന്‍ഡ്ഫുള്‍ എഐ ലാബിന്റെ സ്ഥാപക കൂടിയാണ് സുചന. എഐ എത്തിക്സുമായി ബന്ധപ്പെട്ട സേവനങ്ങള്‍ നല്‍കുന്ന കമ്പനിയാണിത്.
2008-2011 കാലഘട്ടത്തില്‍ രാമന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ റിസര്‍ച്ച് ഫെല്ലോയായി ഇവര്‍ പ്രവര്‍ത്തിച്ചിരുന്നു. അവിടെ വെച്ചാണ് ഇവര്‍ തന്റെ ഭര്‍ത്താവിനെ കണ്ടുമുട്ടിയത്.
അതേസമയം സാത്വിക് മെഷീന്‍ ഇന്റലിജന്‍സ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടര്‍മാരിലൊരാളാണ് സുചന എന്നും പോലീസ് പറയുന്നു. 2020 സെപ്റ്റംബറിലാണ് ഈ സ്ഥാപനം രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനം ആരംഭിച്ചത്. ഇപ്പോഴും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം കൂടിയാണിതെന്നും പോലീസ് പറഞ്ഞു.
advertisement
വെങ്കിട്ടരാമന്‍ പിആര്‍ ആണ് സുചനയുടെ ഭര്‍ത്താവ്. ഒരു ഡാറ്റ സയന്റിസ്റ്റുകൂടിയായ ഇദ്ദേഹത്തിന് ഫിസിക്സില്‍ ഡോക്ടറേറ്റ് ബിരുദവുമുണ്ട്. നിലവില്‍ ഭര്‍ത്താവുമായി അകന്ന് കഴിയുകയായിരുന്നു സുചന.
വിവാഹമോചന കേസ് നടക്കുന്നതിനിടെ 2022 ആഗസ്റ്റ് 8ന് സുചന ഭര്‍ത്താവിനെതിരെ ഗാര്‍ഹിക പീഡനത്തിന് പരാതിയും നല്‍കിയിരുന്നു. മകന്റെ കസ്റ്റഡിയ്ക്കായുള്ള പോരാട്ടത്തിലായിരുന്നു സുചനയും ഭര്‍ത്താവും.
അതേസമയം അക്കാദമിക് രംഗത്ത് മികവ് പുലര്‍ത്തിയ വ്യക്തിത്വത്തിനുടമയായിരുന്നു സുചനയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 2021ല്‍ എഐ എത്തിക്സ് പട്ടികയിലെ 100 പ്രഗത്ഭരായ സ്ത്രീകളില്‍ സുചന സേത്തും ഉള്‍പ്പെട്ടിരുന്നു. കൂടാതെ ഹാര്‍വാര്‍ഡ് സര്‍വകലാശാലയ്ക്ക് കീഴിലുള്ള ബെര്‍ക്ക്മാന്‍ ക്ലെയിന്‍ സെന്ററില്‍ 2017-18 കാലത്ത് ഫെല്ലോയായും 2018-19 കാലത്ത് അഫിലിയേറ്റ് ആയും സുചന പ്രവര്‍ത്തിച്ചിരുന്നു.
Location :
Bangalore,Bangalore,Karnataka
First Published :
January 11, 2024 2:18 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
വാഹനാപകടത്തെത്തുടര്‍ന്ന് ഒരു ട്രാഫിക് ജാം; മകനെ കൊന്ന് ബാഗിലാക്കിയ സിഇഒ കുടുങ്ങിയത് ഇങ്ങനെ