തിരുവനന്തപുരം: ഡിപ്ലോമാറ്റിക് ബാഗേജിലൂടെ സ്വർണം കടത്തിയ കേസിൽ പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും ബെംഗളൂരുവിൽ ദേശീയ അന്വേഷണ ഏജൻസിയുടെ പിടിയിലായി. അതേസമയം കോവിഡ് പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് ഏർപ്പെടുത്തിയിരിക്കുന്ന ട്രിപ്പിൾ ലോക് ഡൗണും അതിർത്തികളിലെ കർശന പൊലീസ് പരിശോധനയും മറികടന്ന് ഇരുവരും കേരളം വിട്ടതെങ്ങനെയെന്ന ചോദ്യം വരും ദിവസങ്ങളിൽ സംസ്ഥാന സർക്കാരിനെ പ്രതിരോധത്തിലാക്കും.
കേരളത്തിലേക്ക് എത്താനും സംസ്ഥാനം വിടാനും കടുത്ത നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോഴാണ് പ്രതികൾ സംസ്ഥാനം വിട്ടത്. ഇതിന് സർക്കാരിലെ ഉന്നതരുടെ സഹായമുണ്ടായിട്ടുണ്ടെന്ന ആരോപണവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ രംഗത്തെത്തിയിട്ടുണ്ട്. പിന്നാലെ കോൺഗ്രസ് നേതാക്കളും ഇതേ ആരോപണമുന്നയിച്ചു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുമായി സ്വപ്നയ്ക്കുള്ള ബന്ധം പുറത്തുവന്നിരുന്നു. ഈ സാഹചര്യം കൂടി പരിഗണിച്ചാണ് പ്രതിപക്ഷ ആരോപണം.
കേസ് സംബന്ധിച്ച അന്വേഷണം കേന്ദ്ര ഏജൻസികൾക്കായതിനാൽ തന്നെ പ്രതികൾ എങ്ങനെ കേരളം വിട്ടു എന്നത് സംസ്ഥാന സർക്കാരിനും ഭരണകക്ഷിക്കും വരും ദിവസങ്ങളിൽ വിശദീകരിക്കേണ്ടി വരുമെന്നുറപ്പാണ്.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.