തിരുവനന്തപുരം: സി.പി.എമ്മിനെ രാഷ്ട്രീയമായി പ്രതിരോധത്തിലാക്കിയ സംഭവമാണ് ആർ.എം.പി നേതാവ് ടി.പി ചന്ദ്രശേഖരന്റെ കൊലപാതകം. മറ്റു രാഷ്ട്രീയ കൊലപാതകങ്ങളിൽ നിന്നും വ്യത്യസ്തമായി പൊലീസ് അന്വേഷണം പാർട്ടി ഗൂഡാലോചനയിലേക്ക് എത്തുകയും പി.കെ കുഞ്ഞനന്തനും പി മോഹനനും ഉൾപ്പെടെയുള്ള നേതാക്കൾ അറസ്റ്റിലാകുകയും ചെയ്തു. പാർട്ടി ഗ്രാമങ്ങളെ പോലും ഇളക്കി മറിച്ചുള്ള അന്നത്തെ പ്രത്യേക അന്വേഷണ സംഘത്തിൽ എ.പി ഷൗക്കത്ത് അലി എന്ന തലശേരി ഡിവൈ.എസ്.പിയും ഉൾപ്പെട്ടിരുന്നു.
ടി.പി കൊലക്കേസ് അന്വേഷണത്തിനു പിന്നാലെ ഷൗക്കത്ത് അലി എൻ.ഐ.എയിൽ ഡെപ്യൂട്ടേഷൻ നിയമനം നേടുകയായിരുന്നു. എന്നാൽ അതേ ഷൗക്കത്തലി തന്നെയാണ് സി.പി.എമ്മിനെയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും പ്രതിരോധത്തിലാക്കിയിരിക്കുന്ന സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന എൻ.ഐ.എ സംഘത്തിലുമുള്ളത്.
അന്വേഷണം ഏറ്റെടുത്തതിനു പിന്നാലെ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിന്റെ സെക്രട്ടേറിയറ്റിന് സമീപമുള്ള ഫ്ലാറ്റിൽ റെയ്ഡ് നടത്തിയതും ഷൗക്കത്ത് അലിയുടെ നേതൃത്വത്തിലായിരുന്നു.
കേരളത്തിൽ ഏറെ കോളിളക്കമുണ്ടാക്കിയ ടി.പി കൊലക്കേസ് അന്വേഷണത്തിനു പിന്നാലെ ഐ.എസ് തീവ്രവാദ സംഘടയ്ക്കെതിരായ എൻ.ഐ.എ അന്വേഷണങ്ങൾക്ക് നേതൃത്വം നൽകിയതും ഷൗക്കത്തായിരുന്നു. ദേശീയ അന്വേഷണ ഏജൻസിയിൽ തീവ്രവാദ വിരുദ്ധ ഓപ്പറേഷൻ സ്പെഷലിസ്റ്റായാണ് ഷൗക്കത്ത് അലി അറിയപ്പെടുന്നത്. അതുകൊണ്ടു തന്നെയാണ് തീവ്രവാദ ബന്ധം സംശയിക്കുന്ന സ്വർണക്കടത്ത് അന്വേഷിക്കുന്ന സംഘത്തിലും അദ്ദേഹത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്.
ആരാണ് ഷൗക്കത്ത് അലി
1995 ലെ കേരളപോലീസ് എസ്.ഐ ബാച്ചിലെ ഒന്നാം റാങ്കുകാരനായാണ് ഷൗക്കത്ത് അലി കേരള പൊലീസിന്റെ ഭാഗമാകുന്നത്. 2014 ല്‍ തലശ്ശേരി ഡി.വൈ.എസ്.പി ആയിരിക്കെയാണ് ദേശീയ അന്വേഷണ ഏജന്‍സിയിലേക്ക് ഡെപ്യൂട്ടേഷനിൽ പോയത്. നിലവിൽ എൻ.ഐ.എ കൊച്ചി യൂണിറ്റിലെ എ.എസ്.പിയാണ് ഷൗക്കത്ത് അലി.
പാരീസ് ഭീകരാക്രമണം
പാരീസ് ഭീകരാക്രമണ അന്വേഷണവുമായി ബന്ധപ്പെട്ട് ഇന്ത്യ അയച്ച എൻ.ഐ.എ സംഘത്തെ നയിച്ചതും ഷൗക്കത്ത് അലിയായിരുന്നു. ഐ.എസ് ബന്ധത്തിന്റെ പേരില്‍ എന്‍.ഐ.എ കനകമലയില്‍ നിന്നും അറസ്റ്റ് ചെയ്ത സുബ്ഹാനി ഹാജിയുമായി ബന്ധപ്പെട്ടവര്‍ക്ക് പാരീസ് ഭീകരാക്രമണവുമായി ബന്ധമുണ്ടെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് ഫ്രഞ്ച് രഹസ്യാന്വേഷണ വിഭാഗം അന്വേഷണവുമായി സഹകരിക്കാന്‍ എന്‍.ഐ.എയോട് ആവശ്യപ്പെട്ടത്. ഇതേ തുടര്‍ന്ന് ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള സംഘം ഫ്രാന്‍സിലെത്തി. 2015 നവംബറിലായിരുന്നു പാരീസില്‍ 150 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണമുണ്ടായത്.
കനകമലയില്‍ ഗൂഡാലോചന നടത്തുന്നതിനിടെ സുബ്ഹാനി ഹാജി ഉൾപ്പെടെ ആറ് പേരെ എന്‍.ഐ.എ സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ക്ക് ഇറാഖിലെ മൊസൂളിൽ നിന്ന് ഐ.എസിന്റെ ആയുധ പരിശീലനം ലഭിച്ചിരുന്നെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഇയാളുടെ കമാന്‍ഡറായിരുന്ന ഒരാളെ പാരീസ് ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ട രണ്ട് പേര്‍ കാണാന്‍ വന്നിരുന്നതായും മൊഴി ലഭിച്ചിരുന്നു. തുടര്‍ന്ന് എന്‍.ഐ.എ ഇക്കാര്യം ഫ്രാന്‍സ് രഹസ്യാന്വേഷണ വിഭാഗത്തെ അറിയിക്കുകയായിരുന്നു.
ടി.പി കൊലക്കേസ്
2012 മെയ് 4-നാണ് ആർ.എപി നേതാവായി ടി.പി ചന്ദ്രശേഖരൻ കൊല്ലപ്പെട്ടത്.സംഭവം അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക സംഘത്തിൽ തലശേരി ഡി.വൈ.എസ്പിയായിരുന്ന ഷൗക്കത്ത് അലിയെയും ഉൾപ്പെടുത്തി. കേസ് അന്വേഷണം കൊലയാളികളിൽ നിന്നും നേതാക്കളായ ആസൂത്രകരിലേക്ക് നീണ്ടത് പാർട്ടി കേന്ദ്രങ്ങളിൽ ഞെട്ടലുണ്ടാക്കി.
TRENDING:സംസ്ഥാനത്ത് ഇന്ന് 488 പേര്‍ക്ക് കോവിഡ്; സമ്പർക്കത്തിലൂടെ 234 പേർക്ക് [NEWS]അഴിമതിയെ കുറിച്ച് പറയുമ്പോൾ കോവിഡ് പറഞ്ഞ് പേടിപ്പിക്കുന്നു; രമേശ് ചെന്നിത്തല [NEWS]'സ്വർണക്കടത്ത് നയതന്ത്ര ബാഗിലല്ലെന്ന് പറഞ്ഞു'; വി.മുരളീധരന് സംശയനിഴലിലെന്ന് കോടിയേരി ബാലകൃഷ്ണൻ [NEWS]
മുടക്കോഴി മല ഓപ്പറേഷൻ
സി.പി.എം ശക്തികേന്ദ്രമായ മുടക്കോഴി മലയിൽ നിന്നും ടി.പി കൊലക്കേസിലെ കൊലയാളി സംഘത്തലവൻ കൊടി സുനി, കിർമാണി മനോജ്, മുഹമ്മദ് ഷാഫി എന്നിവരെ പിടികൂടിയ ഓപ്പറേഷനിന് പിന്നിലും ഷൗക്കത്തലിയായിരുന്നു.
അന്ന് ഷൗക്കത്തലിയുടെ നേതൃത്വത്തില്‍ ഇരുപതോളം പൊലീസുകാർ ചെങ്കൽ തൊഴിലാളികളുടെ വേഷത്തിലാണ് ടിപ്പര്‍ ലോറിയിൽ പുലര്‍ച്ചെ രണ്ടു മണിയോടെ മുഴക്കുന്നില്‍ എത്തിയത്. ചെങ്കുത്തായ വഴിയിലൂടെ ഏറെസാഹസികമായി പുലർച്ചെ നാലു മണിയോടെയാണ് കൊലയാളികളുടെ ഒളിസങ്കേതമായ മുടക്കോഴി മലയിലെ ലക്ഷ്യ സ്ഥാനത്തെത്തിയത്. പാർട്ടി ശക്തി കേന്ദ്രത്തിൽ പൊലീസ് നടത്തിയ നൈറ്റ് ഓപ്പറേഷൻ പ്രദേശിക നേതാക്കൾ പോലും മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ പി മോഹനനെ ടി.പി കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തതും ഷൗക്കത്ത് അലിയുടെ നേതൃത്വത്തിലായിരുന്നു.
സ്റ്റേഷൻ ആക്രമിച്ചരെ തേടി പാർട്ടി ഓഫീസിൽ
തലശേരി ഡിവൈ.എസ്.പിയായിരുന്ന കാലം മുതൽക്കെ ഷൗക്കത്ത് അലി കണ്ണൂരിലെ സി.പി.എം നേതാക്കളുടെ കണ്ണി ലെ കരടായിരുന്നു. പൊലീസ് സ്റ്റേഷൻ ആക്രമിച്ച പ്രതികളെ തേടി തലശേരി സിപിഎം ഏരിയ കമ്മറ്റി ഓഫീസിലെത്തിയ ചരിത്രവും ഷൗക്കത്ത് അലിയ്ക്കുണ്ട്. നിങ്ങൾക്ക് സ്റ്റേഷൻ ആക്രമിക്കാമെങ്കിൽ ഞങ്ങൾക്ക് പാർട്ടി ഓഫീസിലും കയറാമെന്ന് ഷൗക്കത്ത് അലി പറയുന്നതിന്റെ ദൃശ്യങ്ങൾ അന്ന് ചാനലുകളിൽ പ്രചരിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.