മലപ്പുറത്ത് സംശയത്തിൻ്റെ പേരിൽ ഭാര്യയെ കശാപ്പുശാലയിൽ കഴുത്തറുത്ത് കൊന്ന ഭര്‍ത്താവിന് വധശിക്ഷ
- Published by:Nandu Krishnan
- news18-malayalam
Last Updated:
2017 ജൂലായ് 23-ന് പുലര്‍ച്ചെയായിരുന്നു കൊലപാതകം നടന്നത്
മലപ്പുറത്ത് സംശയത്തിൻ്റെ പേരിൽ ഭാര്യയെ കശാപ്പുശാലയിൽ എത്തിച്ച് കഴുത്തറുത്ത് കൊന്ന കേസിൽ ഭര്‍ത്താവിന് വധശിക്ഷ. പരപ്പനങ്ങാടി നെടുവ ചുടലപ്പറമ്പ് പഴയകത്ത് നജ്ബുദ്ദീനെയാണ് (ബാബു-44) ശിക്ഷിച്ചത്. മഞ്ചേരി രണ്ടാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി എ.വി. ടെല്ലസ് ശിക്ഷ വിധിച്ചത്. നജ്ബുദ്ദീന്റെ ആദ്യ ഭാര്യയായ നരിക്കുനി കുട്ടമ്പൂർ സ്വദേശി റഹീനയെ (30) കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ.
2017 ജൂലായ് 23-ന് പുലര്‍ച്ചെയായിരുന്നു സംഭവം. പരപ്പനങ്ങാടി അഞ്ചപ്പുര ബീച്ച് റോഡിലുള്ള തന്റെ ഇറച്ചിക്കടയിലെത്തിച്ച് പ്രതി റഹീനയെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു. കൊലപാതകത്തിനു ശേഷം 36.43 ഗ്രാം തൂക്കം വരുന്ന സ്വര്‍ണാഭരണങ്ങളും പ്രതി മൃതദേഹത്തിൽ നിന്ന് കവർന്നിരുന്നു. കടയിലെ ജീവനക്കാരനാണ് മൃതദേഹം ആദ്യംകണ്ടത്.2017 ജൂലായ് 25 -നാണ് നജ്ബുദ്ദീൻ അറസ്റ്റിലായത്.
താനൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന സി. അലവിയാണ് കുറ്റപത്രം സമര്‍പ്പിച്ച കേസിൽ പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ.പി. ഷാജു ഹാജരായി. 41 സാക്ഷികളെ കോടതിയിൽ വിസ്തരിച്ചു. 66 രേഖകളും 33 തൊണ്ടിമുതലുകളും ഹാജരാക്കി. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.
advertisement
കൊലപാതകത്തിന് വധശിക്ഷയും ഒരു ലക്ഷം രൂപ പിഴയും ആഭരണങ്ങൾ കവർന്നതിന് 5 വർഷം കഠിനതടവും 25000 രൂപ പിഴയുമാണ് വിധിച്ചത്. പിഴത്തുക കൊല്ലപ്പെട്ട റഹീനയുടെ മാതാവ് സൂബൈദയ്ക്ക് നൽകണം. റഹീനയുടെ മകനും മാതാവിനും സര്‍ക്കാരിന്റെ വിക്ടിം കോംപന്‍സേഷന്‍ ഫണ്ടില്‍നിന്ന് മതിയായ നഷ്ടപരിഹാരംലഭ്യമാക്കാൻ ജില്ലാ ലീഗൽ സർവീസ് അതോറിട്ടിയോട് കോടതി നിർദ്ദേശിച്ചു.
Location :
Malappuram,Kerala
First Published :
May 31, 2025 12:11 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
മലപ്പുറത്ത് സംശയത്തിൻ്റെ പേരിൽ ഭാര്യയെ കശാപ്പുശാലയിൽ കഴുത്തറുത്ത് കൊന്ന ഭര്‍ത്താവിന് വധശിക്ഷ