കൽപറ്റയിൽ 16-കാരനെ മർദിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ; അറസ്റ്റിലായത് ആശുപത്രിയിൽ ചികിത്സ തേടുന്നതിനിടെ
- Published by:Sarika N
- news18-malayalam
Last Updated:
സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു
വയനാട്: കൽപറ്റയിൽ പതിനാറുകാരനെ ഒരുകൂട്ടം വിദ്യാർത്ഥികൾ ചേർന്ന് അതിക്രൂരമായി മർദിച്ച സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ. കൽപറ്റ സ്വദേശി നാഫിൽ (18) ആണ് അറസ്റ്റിലായത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം മൂന്നായി. നേരത്തെ സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
പതിനാറുകാരനെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ നാഫിൽ ഒളിവിൽ പോയിരുന്നു. പിന്നീട് മേപ്പാടിയിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയ ഇയാളെ ആശുപത്രി പരിസരത്ത് വെച്ചാണ് പോലീസ് പിടികൂടിയത്. കസ്റ്റഡിയിലായ മറ്റ് രണ്ട് വിദ്യാർത്ഥികളെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി കൗൺസിലിംഗിനായി ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് കൈമാറി.
അതേസമയം, ഇരട്ടപ്പേര് വിളിച്ചെന്നും മോശം വാക്കുകൾ ഉപയോഗിച്ചെന്നും ആരോപിച്ചാണ് പതിനാറുകാരനെ പ്രതികൾ ഫോണിലൂടെ വിളിച്ചുവരുത്തി വടികൊണ്ടും മറ്റും മുഖത്തും തലയിലും ക്രൂരമായി മർദിച്ചത്. മർദനമേറ്റ കുട്ടിയെക്കൊണ്ട് കാലിൽ പിടിപ്പിച്ച് മാപ്പ് പറയിപ്പിക്കുന്നതും വീഡിയോയിൽ കാണാം. ആക്രമണം സഹിക്കവയ്യാതെ കുട്ടി കാലുപിടിച്ച് മാപ്പ് പറഞ്ഞിട്ടും പ്രതികൾ അടി തുടരുന്നത് ദൃശ്യങ്ങളിലുണ്ട്. കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം ഉണ്ടായതെന്നാണ് സൂചന. 5 മിനിറ്റോളം നീണ്ട മർദനദൃശ്യങ്ങൾ ഉൾപ്പെടെ പരാതി ലഭിച്ചതിനു പിന്നാലെയാണ് കൽപറ്റ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
Location :
Wayanad,Kerala
First Published :
Jan 27, 2026 8:59 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കൽപറ്റയിൽ 16-കാരനെ മർദിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ; അറസ്റ്റിലായത് ആശുപത്രിയിൽ ചികിത്സ തേടുന്നതിനിടെ










