ഇലന്തൂര്‍ നരബലി: 'മുറിച്ചത് സന്ധികൾ കൃത്യമായി മനസിലാക്കി'; മോർച്ചറിയിൽ ജോലി ചെയ്തിട്ടുണ്ടെന്ന് മുഹമ്മദ് ഷാഫി
- Published by:Rajesh V
- news18-malayalam
Last Updated:
പെരുമ്പാവൂരിൽ താമസിച്ച സമയത്ത് മോർച്ചറിയിൽ സഹായിയായി ജോലി ചെയ്തിട്ടുണ്ടെന്നാണ് ഷാഫി പറയുന്നത്. ഈ സമയത്ത് പോസ്റ്റുമോർട്ടം നടപടികൾ ഉൾപ്പെടെ കണ്ടുപഠിച്ചിട്ടുണ്ടോയെന്ന കാര്യമാണ് അന്വേഷിക്കുന്നത്
പത്തനംതിട്ട: ഇലന്തൂർ നരബലിക്കേസിലെ ഇരയായ പത്മയുടെ മൃതദേഹം സംസ്കരിക്കും മുൻപ് അവയവങ്ങൾ വേർപെടുത്തിയത് ശാസ്ത്രീയ രീതിയിലാണെന്ന് ഫോറൻസിക് വിദഗ്ധരുടെ പ്രാഥമിക നിഗമനം. പ്രതികളായ ഭഗവൽസിങ്ങിനും ഭാര്യ ലൈലയ്ക്കും ഇത്തരത്തിൽ അവയവങ്ങൾ വേർപെടുത്താനുള്ള കഴിവുണ്ടെന്നു പൊലീസ് കരുതുന്നില്ല. മൃതദേഹം 56 ഭാഗങ്ങളാക്കി സംസ്കരിച്ചത് ഒന്നാം പ്രതി ഷാഫിയാണെന്നാണു മൊഴിയെങ്കിലും ഇക്കാര്യം പൂർണമായി വിശ്വസിക്കാൻ കഴിയില്ലെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്.
ഒന്നിൽ കൂടുതൽ കത്തികൾ കുറ്റകൃത്യത്തിനു വേണ്ടി ഉപയോഗിച്ചിട്ടുണ്ട്. മനുഷ്യ ശരീരത്തിലെ എളുപ്പം വേർപെടുത്താവുന്ന സന്ധികൾ ഏതെല്ലാമെന്നു മനസ്സിലാക്കിയാണു കത്തി പ്രയോഗിച്ചിരിക്കുന്നത്. ശരീരത്തിന്റെ ഘടന കൃത്യമായി അറിയാവുന്നവർക്കു മാത്രമാണ് ഇതിനു കഴിയുക. ഇതു സംബന്ധിച്ച ചോദ്യത്തിനു മുൻപ് മോർച്ചറിയിൽ ജോലി ചെയ്തിട്ടുണ്ടെന്ന മറുപടിയാണു ഷാഫി നൽകിയത്.
പെരുമ്പാവൂരിൽ താമസിച്ച സമയത്ത് മോർച്ചറിയിൽ സഹായിയായി ജോലി ചെയ്തിട്ടുണ്ടെന്നാണ് ഷാഫി പറയുന്നത്. ഈ സമയത്ത് പോസ്റ്റുമോർട്ടം നടപടികൾ ഉൾപ്പെടെ കണ്ടുപഠിച്ചിട്ടുണ്ടോയെന്ന കാര്യമാണ് അന്വേഷിക്കുന്നത്. നരബലിക്കിരയായ സ്ത്രീകളുടെ ശരീരം വെട്ടിമുറിക്കാൻ മറ്റ് പ്രതികളായ ഭഗവൽ സിങ്ങിനും ലൈലക്കും നിർദേശങ്ങൾ നൽകിയത് ഷാഫിയായിരുന്നു. പലതരം വൈകൃതങ്ങൾക്കടിമയാണ് ഷാഫിയെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.
advertisement
മൃതദേഹങ്ങൾ വെട്ടിമുറിക്കാൻ ഷാഫിയാണ് ആവശ്യമായ നിർദേശങ്ങൾ നൽകിയതെന്നാണ് പ്രതികളുടെ മൊഴി. ആന്തരാവയവങ്ങൾ ഉൾപ്പെടെ ചില ശരീരഭാഗങ്ങൾ വെട്ടിയെടുത്ത് 10 ദിവസത്തോളം ഫ്രിഡ്ജിൽ സൂക്ഷിച്ചു. ഇവയിൽ ചിലത് കുക്കറിൽ വേവിച്ചതായും പ്രതികൾ മൊഴി നൽകി. അവയവങ്ങൾ കൃത്യമായി വെട്ടിമുറിക്കാനുള്ള നിർദേശം നൽകാൻ ഷാഫിക്ക് എങ്ങനെ കഴിഞ്ഞുവെന്നത് അന്വേഷിക്കും.
advertisement
വീട്ടിനുള്ളിൽ നിന്ന് ഷാഫിയുടേത് ഉൾപ്പെടെ വിരലടയാളങ്ങളും ഫ്രിഡ്ജിനുള്ളിൽ നിന്ന് രക്തക്കറയും കണ്ടെത്തിയിട്ടുണ്ട്. മാംസം സൂക്ഷിച്ചതിന്റെ തെളിവാണ് ഇതെന്നാണ് പ്രാഥമിക നിഗമനം. ഇതിന്റെ സാംപിളുകൾ വിശദമായ പരിശോധനക്ക് അയക്കും. ആയുധങ്ങളും കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചു. നാല് കറിക്കത്തിയും ഒരു വെട്ടുകത്തിയുമാണ് കണ്ടെത്തിയത്.
പൊലീസ് നായ്ക്കളെ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ വീട്ടുവളപ്പിൽ നിന്ന് അസ്ഥിക്കഷണം ലഭിച്ചിരുന്നു. ഇത് മനുഷ്യന്‍റേതാണോയെന്ന് സ്ഥിരീകരിക്കാൻ പരിശോധനക്ക് അയക്കും. ഡമ്മി ഉപയോഗിച്ച് കൊല നടത്തിയ രീതിയും പൊലീസ് അവലോകനം ചെയ്യും.
Location :
First Published :
October 16, 2022 10:30 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഇലന്തൂര്‍ നരബലി: 'മുറിച്ചത് സന്ധികൾ കൃത്യമായി മനസിലാക്കി'; മോർച്ചറിയിൽ ജോലി ചെയ്തിട്ടുണ്ടെന്ന് മുഹമ്മദ് ഷാഫി