ആലുവയിൽ ഭീകര വിരുദ്ധ സ്ക്വാഡിന്റെ പരിശോധന: വീട്ടിൽനിന്ന് 4 തോക്കുകൾ പിടികൂടി
- Published by:Rajesh V
- news18-malayalam
Last Updated:
ന്യൂസ് 18ന്റെ അന്വേഷണ പരമ്പരയുടെ അടിസ്ഥാനത്തിലാണ് പെരുമ്പാവൂരും ആലുവയും ഉൾപ്പെടെ കേന്ദ്രീകരിച്ച് വിവിധയിടങ്ങളിൽ റെയ്ഡ് നടത്തിയത്
കൊച്ചിയിലെ ഗുണ്ടാ നേതാവ് പെരുമ്പാവൂർ അനസ്സിനെയും സംഘത്തെയും പൂട്ടാൻ ഉറച്ച് പൊലീസും തീവ്രവാദ വിരുദ്ധ സ്ക്വാഡും. ന്യൂസ് 18ന്റെ അന്വേഷണ പരമ്പരയുടെ അടിസ്ഥാനത്തിൽ പെരുമ്പാവൂരും ആലുവയും ഉൾപ്പെടെ കേന്ദ്രീകരിച്ച് വിവിധയിടങ്ങളിൽ റെയ്ഡ് നടത്തി. അനസിന്റെ സംഘാംഗങ്ങളുടെ വീടുകളിലായിരുന്നു പൊലീസിന്റെയും ഭീകര വിരുദ്ധ സ്ക്വാഡിന്റെ സംയുക്ത പരിശോധന. അനസിന്റെ കൂട്ടാളി മാഞ്ഞാലി സ്വദേശി റിയാസിന്റെ വീട്ടിൽ നിന്ന് നാലു തോക്കുകളും പണവും പിടിച്ചെടുത്തു. റിയാസിനെ കസ്ഫഡിയിലെടുത്ത പൊലീസ്, വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ്.
കൊച്ചിയിലെ ഗുണ്ടാ നേതാവ് ഔറംഗസേബ് ന്യൂസ് 18 നോട് നടത്തിയ വെളിപ്പെടുത്തലിനെത്തുടർന്നാണ് തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെയും പൊലീസിന്റെയും സംയുക്ത പരിശോധന. ആലുവ വെസ്റ്റ് പൊലീസ്, എസ് പിയുടെ സ്പെഷ്യൽ സ്ക്വാഡ് എന്നിവരുടെ സഹായത്തോടെയായിരുന്നു റെയ്ഡ്. അനസിന്റെ സംഘത്തിലുള്ളവരുടെ വീടുകളിലാണ് റെയ്ഡ് നടത്തിയത്.
മാഞ്ഞാലി സ്വദേശി റിയാസ്, അനസിന്റെ വിശ്വസ്തനായ ഷാജി പാപ്പാൻ എന്നറിയപ്പെടുന്ന പെരുമ്പാവൂർ സ്വദേശി ഷാജി എന്നിവരുടെ വീടുകൾ, വയനാട് കൽപറ്റയിലെ ഒരു റിസോർട്ട് തുടങ്ങിയ ഇടങ്ങളിലാണ് പരിശോധന നടത്തിയത്. റിയാസിന്റെ വീട്ടിൽനിന്നും നാലുതോക്കുകളും 8 ലക്ഷത്തിലധികം രൂപയും പിടിച്ചെടുത്തതിനെ തുടർന്ന് റിയാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇരുപതോളം വെടിയുണ്ടകളും മറ്റ് ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
advertisement
ആലുവ റൂറല്‍ എസ്പി വൈഭവ് സക്‌സേനയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് തോക്കുകള്‍ പിടിച്ചെടുത്തത്. അനസ് അനധികൃതമായി നിരവധി തോക്കുകൾ കൈവശം വച്ചിട്ടുണ്ടെന്നെ രഹസ്യവിവരത്തെ തുടര്‍ന്നാണ് പരിശോധന. പെരുമ്പാവൂർ അനസിനെ കുറിച്ചുള്ള ന്യൂസ് 18 അന്വേഷണ പരമ്പരയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്. ഇതിലൂടെ പെരുമ്പാവൂർ അനസിലേക്കെത്താനുളള നീക്കമാണ് പൊലീസും എടിഎസും നടത്തുന്നതെന്നാണ് സൂചന.
പൊലീസ് പാസ്പോർട്ട് തടഞ്ഞുവച്ചതിനെ തുടർന്ന് പെരുമ്പാവൂർ അനസ് കർണാടത്തിൽ നിന്നും വ്യാജ പാസ്പോർട്ട് നിർമിച്ച് വിദേശത്തേക്ക് കടന്ന വിവരവും ന്യുസ് 18 പുറത്തുകൊണ്ടുവന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള അന്വേഷണവും കൊച്ചി സിറ്റി പൊലീസ് നടത്തുന്നുണ്ട്. ബെംഗളൂരുവിൽ വ്യാജ പാസ്പോർട്ട് നിർമിച്ചു നൽകുന്ന ഇടങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്നാണ് സൂചന.
Location :
Kochi,Ernakulam,Kerala
First Published :
May 06, 2024 9:11 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ആലുവയിൽ ഭീകര വിരുദ്ധ സ്ക്വാഡിന്റെ പരിശോധന: വീട്ടിൽനിന്ന് 4 തോക്കുകൾ പിടികൂടി