വൈദ്യുതികണക്ഷന് ഒന്നരലക്ഷം രൂപ കൈക്കൂലി; കെഎസ്ഇബി അസിസ്റ്റന്റ് എന്‍ജിനീയര്‍ വിജിലൻസ് പിടിയിൽ
- Published by:Sarika N
- news18-malayalam
Last Updated:
പ്രതി ബസ് സ്റ്റോപ്പിൽവെച്ച് പരാതിക്കാരനിൽ ആദ്യ ഗഡുവായ 90,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റ്
കൊച്ചി: വൈദ്യുതി കണക്ഷൻ സ്ഥിരപ്പെടുത്തുന്നതിനായി ഒന്നരലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട കേസിൽ കെ.എസ്.ഇ.ബി. അസിസ്റ്റന്റ് എൻജിനീയർ അറസ്റ്റിൽ. തേവര ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് അസിസ്റ്റന്റ് എൻജിനീയറും പാലാരിവട്ടം സ്വദേശിയുമായ എൻ. പ്രദീപനാണ് വിജിലൻസിന്റെ പിടിയിലായത്. ബുധനാഴ്ച ഉച്ചയോടെ തേവര ജങ്ഷനിലെ ബസ് സ്റ്റോപ്പിൽവെച്ച് പരാതിക്കാരനിൽ ആദ്യ ഗഡുവായ 90,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പ്രദീപനെ വിജിലൻസ് സംഘം പിടികൂടിയത്.
സ്വകാര്യ കെട്ടിട നിർമാണ കമ്പനിയിലെ അസിസ്റ്റന്റ് മാനേജരാണ് പ്രദീപൻ കൈക്കൂലി ആവശ്യപ്പെട്ടതായി കാണിച്ച് വിജിലൻസിനെ സമീപിച്ചത്. പനമ്പള്ളി നഗറിന് സമീപം കമ്പനി പണിത നാലുനില കെട്ടിടത്തിനായി നേരത്തെ താത്കാലിക വൈദ്യുതി കണക്ഷൻ എടുത്തിരുന്നു. ഇത് സ്ഥിരം കണക്ഷനായി മാറ്റാൻ കെട്ടിട ഉടമയും കമ്പനി അസിസ്റ്റന്റ് മാനേജരും കെഎസ്ഇബി ഓഫീസിലെത്തിയപ്പോൾ പ്രദീപനെ നേരിട്ട് കണ്ടാൽ മാത്രമേ കാര്യങ്ങൾ നടക്കുകയുള്ളൂ എന്ന് അറിയിപ്പ് ലഭിച്ചു.
തുടർന്ന് ഇരുവരും പ്രദീപനെ കാണുകയായിരുന്നു. സ്ഥിരം കണക്ഷൻ നൽകാനും മറ്റ് ബുദ്ധിമുട്ടുകളിൽനിന്ന് ഒഴിവാക്കാനുമായി പ്രദീപൻ 1,50,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. പണവുമായി ബുധനാഴ്ച ഉച്ചക്ക് എത്താൻ ആവശ്യപ്പെട്ടെങ്കിലും, ഈ വിവരം പരാതിക്കാരൻ വിജിലൻസിനെ അറിയിക്കുകയായിരുന്നു. വിജിലൻസിന്റെ നിർദേശപ്രകാരം പണം കൈമാറുന്നതിനിടെ പ്രദീപനെ കൈയോടെ പിടികൂടി. ഇയാളെക്കുറിച്ച് മുൻപും സമാനമായ പരാതികൾ ലഭിച്ചിരുന്നതായി വിജിലൻസ് വൃത്തങ്ങൾ അറിയിച്ചു. വൈദ്യുതി കണക്ഷൻ സംബന്ധിച്ച ഇടപാടുകൾക്ക് ഇയാൾ വലിയ തോതിൽ കൈക്കൂലി വാങ്ങിയിരുന്നതായാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്. അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥനെതിരെ കൂടുതൽ അന്വേഷണങ്ങൾ പുരോഗമിക്കുകയാണ്. പ്രതിയെ വ്യാഴാഴ്ച കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കുമെന്ന് അധികൃതർ അറിയിച്ചു.
Location :
Kochi [Cochin],Ernakulam,Kerala
First Published :
November 13, 2025 7:56 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
വൈദ്യുതികണക്ഷന് ഒന്നരലക്ഷം രൂപ കൈക്കൂലി; കെഎസ്ഇബി അസിസ്റ്റന്റ് എന്‍ജിനീയര്‍ വിജിലൻസ് പിടിയിൽ


