അവധി നിഷേധിച്ചു; ബംഗാളിൽ സർക്കാർ ഉദ്യോഗസ്ഥൻ നാല് സഹപ്രവർത്തകരെ കുത്തിപ്പരിക്കേൽപ്പിച്ചു
- Published by:Nandu Krishnan
- news18-malayalam
Last Updated:
സഹപ്രവർത്തകരെ കുത്തിയ ശേഷം രക്തംപുരണ്ട കത്തിയുമായി ഒരു ബാഗും തൂക്കി പ്രതി നടന്നു പോകുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു
അവധി നിഷേധിച്ചതിന്റെ പേരിൽ ബംഗാളിൽ സർക്കാർ ഉദ്യോഗസ്ഥൻ നാല് സഹപ്രവർത്തകരെ കുത്തി പരിക്കേൽപ്പിച്ചു. കൊൽക്കത്തയിലെ ന്യൂടൌൺ ഏരിയയിലുള്ള കരിഗരി ഭവനിലെ ടെക്നിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്ടമെന്റിലെ ജീവനക്കാരനായ അമിത് കുമാർ സർക്കാർ എന്നയാളാണ് അവധിയെടുക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തിൽ തന്റെ നാല് സഹപ്രവർത്തകരെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചത്.
സംഭവത്തിനുശേഷം രക്തംപുരണ്ട കത്തിയുമായി ഒരു ബാഗും തൂക്കി ഇയാൾ നടന്നു പോകുന്നതിന്റെ ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ആരും അടുത്തേക്ക് വരരുതെന്ന് ഇയാൾ പറയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
നോർത്ത് 24 പർഗാനാസ് ജില്ലയിലെ സോഡെപൂരിലെ ഘോളയിൽ താമസിക്കുന്ന അമിത്കുമാർ സർക്കാർ അവധിയെടുക്കുന്നതിനെച്ചൊല്ലി സഹപ്രവർത്തകരുമായി ഉണ്ടായ തർക്കത്തെത്തുടർന്ന് കത്തി ഉപയോഗിച്ച് അവരെ ആക്രമിച്ച ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ചു എന്ന് ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
advertisement
പരിക്കേറ്റ സഹപ്രവർത്തകരായ ജയ്ദേബ് ചക്രവർത്തി, ശാന്തനു സാഹ, സാർത്ത ലേറ്റ്, ഷെയ്ഖ് സതാബുൾ എന്നിവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ലീവ് നിഷേധിച്ചപ്പോൾ സർക്കാർ ദേഷ്യപ്പെട്ടുവെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ എന്തുകൊണ്ടാണ് ലീവ് നിഷേധിച്ചതെന്ന് വ്യക്തമല്ല.
സര്‍ക്കാരിനെ അറസ്റ്റ് ചെയ്തതായും കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇയാൾക്ക് മാനസികാരോഗ്യ പ്രശ്‌നങ്ങളുണ്ടാകാമെന്ന് പോലീസ് സംശയിക്കുന്നു.
Location :
West Bengal
First Published :
February 07, 2025 4:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
അവധി നിഷേധിച്ചു; ബംഗാളിൽ സർക്കാർ ഉദ്യോഗസ്ഥൻ നാല് സഹപ്രവർത്തകരെ കുത്തിപ്പരിക്കേൽപ്പിച്ചു