മലപ്പുറത്ത് ബസിൽവച്ച് 13 കാരനെ ലൈംഗികമായി ഉപദ്രവിച്ച മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ
- Published by:Nandu Krishnan
- news18-malayalam
Last Updated:
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്
മലപ്പുറം: ബസിൽ വച്ച് 13 വയസ്സുകാരനെ ലൈംഗികമായി ഉപദ്രവിച്ച മദ്രസ്സ അദ്ധ്യാപകൻ കൊണ്ടോട്ടിയിൽ അറസ്റ്റിൽ. മലപ്പുറം കിഴിശ്ശേരി സ്വദേശി അലി അസ്കർ പുത്തലൻ ആണ് ബസിൽ വച്ച് ലൈംഗിക പീഡനം നടത്തിയതിന് പിടിയിലായത്. ഇയാൾക്കെതിരെ നേരത്തേയും സമാന കുറ്റത്തിന് കേസ് ഉണ്ട്.
കഴിഞ്ഞ 20ന് വൈകിട്ട് കിഴിശ്ശേരിയിൽ നിന്നും ബസ് കയറിയ കുട്ടിയെയാണ് പ്രതി തന്റെ അടുത്തിരുത്തി ലൈംഗികമായി ഉപദ്രവിച്ചത്. ബസിറങ്ങി വീട്ടിലെത്തിയ കുട്ടി തന്നെ ഒരാൾ ഉപദ്രവിച്ചു എന്ന് വീട്ടുകാരോട് പറഞ്ഞു. തുടർന്ന് മാതാപിതാക്കൾ ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയും കൊണ്ടോട്ടി പോലീസ് പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു.
പ്രതി ആരാണെന്നു കുട്ടിക്ക് അറിയാത്തതും ബസിൽ സിസിടിവി ക്യാമറ ഇല്ലാത്തതും അന്വേഷണം ദുഷ്കരമാക്കിയിരുന്നു. എന്നാൽ കുട്ടി പറഞ്ഞ അടയാളവിവരങ്ങൾ മാത്രം സൂചനയായി കണ്ട് കിഴിശ്ശേരി മുതൽ മഞ്ചേരി വരെയുള്ള ബസ് സ്റ്റോപ്പുകളിലെ ക്യാമറ ദൃശ്യങ്ങൾ ശേഖരിച്ചു നടത്തിയ അന്വേഷണത്തിൽ പ്രതിയുടെ മുഖം തിരിച്ചറിയുകയായിരുന്നു. തുടർന്ന് കൊണ്ടോട്ടി പോലീസ് രഹസ്യമായി നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതിയുടെ മേൽവിലാസം കണ്ടെത്തി.
advertisement
വയനാട് മേപ്പാടിക്കടുത്തുള്ള പുതിയ ജോലി സ്ഥലത്ത് ഇന്നലെ എത്തിയ ഇയാളെ അവിടെ നിന്നും പിടികൂടുകയായിരുന്നു. 2020 ൽ കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ പോക്സോ നിയമപ്രകാരം ഇയാൾക്കെതിരെ കേസ് എടുത്തിട്ടുണ്ട്. ഈ കേസിൽ വിചാരണ നടക്കുകയാണ്. പ്രതിയെ മലപ്പുറം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതിയെ പിടികൂടിയ സംഘത്തിൽ കൊണ്ടോട്ടി പോലീസ് ഇൻസ്‌പെക്ടർ പി എം ഷമീർ, എസ് ഐ വി ജിഷിൽ, പ്രത്യേക അന്വേഷണ സംഘത്തിലുള്ള എസ് സി പി ഓ മാരായ അമർനാഥ്, ഋഷികേശ് എന്നിവരുണ്ടായിരുന്നു.
Location :
Malappuram,Kerala
First Published :
September 28, 2025 7:02 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
മലപ്പുറത്ത് ബസിൽവച്ച് 13 കാരനെ ലൈംഗികമായി ഉപദ്രവിച്ച മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ