മലപ്പുറം: രണ്ട് പോക്സോ കേസുകളിലെ പ്രതികളെ കോടതി ശിക്ഷിച്ചു. പ്രണയം നിരസിച്ച 14 കാരിയേ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയായ 23 കാരനും 11 കാരനെ ലൈംഗികമായി പീഡിപ്പിച്ച 56 കാരനായ മദ്രസ അധ്യാപകനും ആണ് ശിക്ഷിക്കപ്പെട്ടത്.
11 വയസുകാരനെ പള്ളിയിലെ മുറിയിൽ വച്ച് നിർബന്ധിപ്പിച്ച് പുക വലിപ്പിച്ചു, ലൈംഗിക പീഡനം നടത്തി എന്നീ കുറ്റങ്ങൾക്ക് ആണ് മദ്രസ അധ്യാപകനായ മഞ്ചേരി എളങ്കൂർ സ്വദേശി സുലൈമാനെ കോടതി ശിക്ഷിച്ചത്. മുപ്പത്തിയേഴര വര്‍ഷം കഠിന തടവിനും 80,000 രൂപ പിഴ അടയ്ക്കാനും തിരൂർഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് സി ആർ ദിനേഷ് വിധിച്ചു. പിഴ അടച്ചില്ലെങ്കില്‍ 34 മാസം കഠിന തടവും അനുഭവിക്കണം. പിഴ അടച്ചാല്‍ 70000 രൂപ കേസ്സിലെ ഇരയായ കുട്ടിക്ക് നല്‍കാനും ഉത്തരവായി.
2015 ഏപ്രിലിൽ ആണ് കേസിന് ആസ്പദമായ സംഭവം. വളാഞ്ചേരി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരായിരുന്ന. കെ എം സുലൈമാന്‍, എം കെ ഷാജി എന്നിവരായിരുന്നു അന്വേഷണ ഉദ്യോഗസ്ഥര്‍.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസീക്യൂട്ടര്‍മാരായ ആയിഷ പി ജമാല്‍, അശ്വിനി കുമാര്‍ എന്നിവര്‍ ഹാജരായി. തിരൂര്‍ സ്റ്റേഷനിലെ അസി. സബ് ഇന്‍സ്പെക്ടര്‍ എന്‍ പി സീമ പ്രോസീക്യൂഷനെ സഹായിച്ചു. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലേക്ക് അയച്ചു.
പ്രണയം നിരസിച്ച 14 കാരിയെ കുത്തിക്കൊല്ലാൻ ശ്രമം; 23 കാരന് ഏഴുവർഷം കഠിന തടവ്
പതിനാലുകാരിയെ കൊല്ലാൻ ശ്രമിച്ച കേസിൽ പെരിന്തൽമണ്ണ മണ്ണാർ മല സ്വദേശി ജിനേഷ് (23) ആണ് ശിക്ഷിക്കപ്പെട്ടത്. പെരിന്തൽമണ്ണ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് അനിൽ കുമാർ ആണ് 7 വർഷം കഠിന തടവിനും 22000 രൂപ പിഴയും ആണ് ശിക്ഷയായി വിധിച്ചത്.
ഐപിസി 307, 341 വകുപ്പുകളും പോക്സോ ആക്ട് പ്രകാരവുമാണ് ശിക്ഷ വിധിച്ചത്.
2022 ൽ ആണ് കേസിന് ആസ്പദമായ സംഭവം. പ്രതിയുടെ തുടർച്ചയായുള്ള പ്രണയാഭ്യർത്ഥന പെൺകുട്ടി നിരസിച്ചിരുന്നു. ഇതിലുള്ള വിരോധം കാരണം ജൂലൈ 7 ന് രാവിലെ ട്യൂഷൻ സെൻ്ററിൽ പോകുകയായിരുന്ന പെൺകുട്ടിയെ പ്രതി പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു.
കൈയിൽ കരുതിയ കത്തി ഉപയോഗിച്ച് പെൺകുട്ടിയുടെ വയറിനും കഴുത്തിനും കുത്തിയ പ്രതിയെ പെരിന്തൽമണ്ണ പോലീസ് വളരെ വേഗം പിടികൂടി. പെരിന്തൽമണ്ണ സി ഐ സി കെ നൗഷാദ് , സി അലവി എന്നിവരാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ സപ്ന പി പരമേശ്വരത് ഹാജരായി, സിവിൽ പോലീസ് ഓഫീസർ സൗജത്ത് പ്രോസീക്യൂഷനെ സഹായിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.