നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • സമാന്തര ടെലിഫോൺ എക്സ്ചേഞ്ച്: മുഖ്യ പ്രതികൾ കേരളം വിട്ടതായി പൊലീസ്

  സമാന്തര ടെലിഫോൺ എക്സ്ചേഞ്ച്: മുഖ്യ പ്രതികൾ കേരളം വിട്ടതായി പൊലീസ്

  ബംഗളുരു, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലായി സമാന്തര ടെലിഫോണ്‍ എക്‌സചേഞ്ചുകള്‍ സ്ഥാപിക്കുന്നതിനായി സംഘത്തിന് ഇതുവരെ ചെലവ് വന്നത് പത്ത് കോടി രൂപയാണ്

  telephone_exchange

  telephone_exchange

  • Share this:
  കോഴിക്കോട്: സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കേസിലെ ബുദ്ധികേന്ദ്രങ്ങളായ രണ്ട് മുഖ്യപ്രതികള്‍ കേരളം വിട്ടതായി പൊലീസ് സ്ഥിരീകരിച്ചു. കോഴിക്കോട് മൂര്യാട് സ്വദേശികളായ ഷബീര്‍, പ്രസാദ് എന്നിവരാണ് ബംഗളുരുവിലേക്ക് കടന്നതായി പൊലീസിന് വിവരം ലഭിച്ചത്. കോഴിക്കോട് സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കണ്ടെത്തിയതിന് പിന്നാലെ കൊളത്തറ സ്വദേശിയായ ജുറൈസിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. ജുറൈസിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബുദ്ധികേന്ദ്രങ്ങള്‍ ഷബീറും പ്രസാദുമാണെന്ന് സ്ഥിരീകരിച്ചത്.

  സംഘത്തിലെ മുഖ്യകണ്ണിയായ മലപ്പുറം സ്വദേശിയായ പുല്ലാട്ട് ഇബ്രാഹിമിനെ ബംഗളുരു ജയിലില്‍ നിന്ന് കേരള പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. ഇബ്രാഹിമിന്റെ മൊഴിയിലും ഷബീറിന്റെയും പ്രസാദിന്റെ പങ്ക് വ്യക്തമായതായി പൊലീസ് പറഞ്ഞു.

  ബംഗളുരു, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലായി സമാന്തര ടെലിഫോണ്‍ എക്‌സചേഞ്ചുകള്‍ സ്ഥാപിക്കുന്നതിനായി സംഘത്തിന് ഇതുവരെ ചെലവ് വന്നത് പത്ത് കോടി രൂപയാണ്. സ്വര്‍ണ്ണക്കടത്ത്-ഹവാല സംഘങ്ങളുമായി പ്രതികള്‍ക്ക് ബന്ധമുണ്ടെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. കള്ളപ്പണം ഉപയോഗിച്ചാണ് എക്‌സ്‌ചേഞ്ച് സ്ഥാപിച്ചതെന്ന് പിടിയിലായ ജുറൈസും ഇബ്രാഹിമും പൊലീസിനോട് പറഞ്ഞതായാണ് വിവരം.

  കേസന്വേഷണത്തിനായി ബംഗളുരുവിലേക്ക് തിരിച്ച അന്വേഷണസംഘം കഴിഞ്ഞദിവസമാണ് കേരളത്തില്‍ തിരിച്ചെത്തിയത്. കേരളം വിട്ട മുഖ്യപ്രതികള്‍ ബംഗളുരുവിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ലെന്നാണ് വിവരം.

  ഫോറന്‍സിക് പരിശോധനയുടെ ഫലം വരുന്ന മുറയ്ക്കാകും സംഭവത്തിന്റെ ദുരൂഹതകള്‍ ചുരുളഴിയുകയെന്നാണ് ഉന്നത പൊലീസ് വൃത്തങ്ങള്‍ പറയുന്നത്. സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുമായി ബന്ധപ്പെട്ട് ഭീകരവാദ ബന്ധങ്ങള്‍ എന്‍ഐഎ അന്വേഷണം തുടങ്ങിയിട്ടുണ്ട്. കൊച്ചിയില്‍ നിന്നുള്ള എന്‍ഐഎ സംഘം കഴിഞ്ഞദിവസം കോഴിക്കോടെത്തിയിരുന്നു.

  സ്വര്‍ണ്ണക്കടത്ത് സംഘത്തിന് സമാന്തര എക്‌സ്‌ചേഞ്ചുമായി ബന്ധമുണ്ടെന്ന പൊലീസ് നിഗമനം ശരിവെയ്ക്കുന്നുണ്ട് എന്‍ഐഎയും. കേന്ദ്ര ഇന്റലിജന്‍സും ഭീകര വിരുദ്ധ സ്‌ക്വാഡും അന്വേഷണം തുടരുന്നുണ്ട്. ബംഗളൂരു, കോഴിക്കോട്് ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കേസുകളും എന്‍ഐഎയ്ക്ക് വിടാനാണ് സാധ്യതയെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

  കൊച്ചിയിലും സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കണ്ടെത്തിയിരുന്നു. തൃക്കാക്കരയിലും മറൈന്‍ ഡ്രൈവിലുമുള്ള റൂമുകളില്‍ നടത്തിയ പരിശോധനയില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉള്‍പ്പെടെ പൊലീസ് പിടിച്ചെടുത്തു.കൊച്ചി നഗരത്തില്‍ സമാന്തര എക്‌സ്‌ചേഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നതായി ടെലികോം വകുപ്പ് നല്‍കിയവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കൊച്ചിയിലെ ഫ്‌ളാറ്റില്‍ നടത്തിയ പരിശോധനയില്‍ വിവിധ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഫ്‌ളാറ്റില്‍ ഉണ്ടായിരുന്ന മലപ്പുറം കൊണ്ടോട്ടി സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

  സമാനമായ മറ്റൊരു സംഭവത്തില്‍ കണ്ണൂരിലും കഴിഞ്ഞവര്‍ഷം ഇത് പോലെ സമാന്തര എക്‌സ്‌ചേഞ്ചുകള്‍ കണ്ടെത്തിയിരുന്നു. സംഭവത്തില്‍ കാക്കേയങ്ങാട് സ്വദേശിയായ 34കാരനെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. കാക്കയങ്ങാട് കവലയില്‍ വിവോ സെന്റ്റോ ഷോപ്പിങ് കോംപ്ലെക്‌സിന്റെ ഒന്നാം നിലയില്‍ സിപ്പ് സോഫ്റ്റ് ടെക്‌നോളജി എന്ന ഷോപ്പിലാണ് സമാന്തര ടെലിഫോണ്‍ എക്‌സ്‌ചെയ്ഞ്ച് പ്രവര്‍ത്തിപ്പിച്ചിരുന്നത്. ഇവിടെ റെയ്ഡ് നടത്തിയ പൊലീസ് 256 ഓളം സിം കാര്‍ഡുകള്‍ ഉപയോഗിക്കാവുന്ന സിം കിറ്റ്, മൊബൈല്‍ ഫോണ്‍, 80 ഓളം സിം കാര്‍ഡുകള്‍, 3 മോഡം എന്നിവ റെയ്ഡില്‍ പിടികൂടിയിരുന്നു.

  വിദേശത്തു നിന്നും വരുന്ന ടെലിഫോണ്‍ കോളുകള്‍ ഇന്‍ര്‍നെറ്റ് സഹായത്തോടെ ലോക്കല്‍ നമ്പറില്‍ നിന്നും ലഭിക്കുന്ന രീതിയിലേക്ക് പ്രതികള്‍ മാറ്റി നല്‍കിയിരുന്നു. ഇന്റര്‍നെറ്റ് ഉപയോഗിച്ച് കോള്‍ റൂട്ട് ചെയ്ത് ചെറിയ വാടകയ്ക്ക് ഉപഭോക്താക്കള്‍ക്ക് നല്‍കി വന്‍ ലാഭമുണ്ടാക്കുന്ന സംവിധാനമാണ് സമാന്തര എക്‌സ്‌ചേഞ്ചുകള്‍. വിവിധ സര്‍വ്വീസ് പ്രൊവൈഡര്‍മാര്‍ക്ക് ലഭിക്കേണ്ട വാടക തുക ഇതുവഴി നഷ്ടമാകും.
  Published by:Anuraj GR
  First published:
  )}