സിഗരറ്റ് കുറ്റികൊണ്ട് കുത്തി; 7 വാരിയെല്ലൊടിച്ചു; മലപ്പുറത്തെ രണ്ടരവയസുകാരിയെ ക്രൂരമായ ഉപദ്രവിച്ച പിതാവിനെതിരെ കൊലക്കുറ്റം
- Published by:Rajesh V
- news18-malayalam
Last Updated:
ഒരാഴ്ചയോളം നീണ്ട ക്രൂരമർദനത്തെ തുടർന്നാണ് കുഞ്ഞിന്റെ മരണമെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോർട്ടിൽ പറയുന്നത്. കുഞ്ഞിന്റെ 7 വാരിയെല്ലുകൾ തകർന്നതായും തലച്ചോറിൽ രക്തസ്രാവമുണ്ടെന്നും ശരീരത്തിൽ അറുപതോളം ക്ഷതങ്ങളുള്ളതായുമാണ് പോസ്റ്റ് മോർട്ടത്തിലെ കണ്ടെത്തൽ.
മലപ്പുറം കാളികാവ് ഉദിരംപൊയിലിലെ രണ്ടര വയസുകാരി ഫാത്തിമ നസ്റിൻ ക്രൂരമായ മർദനത്തിന് ഇരയായിരുന്നതായി പോസ്റ്റ് മോർട്ടം റിപ്പോർട്ട്. കുഞ്ഞിന്റെ ശരീരത്തിൽ പഴയതും പുതിയതുമായി നിരവധി മുറിവുകൾ ഉണ്ടായിരുന്നെന്നും സിഗരറ്റുകുറ്റി കൊണ്ട് കുത്തിയ മുറിവുകളും കുട്ടിയുടെ ശരീരത്ത് ഉണ്ടായിരുന്നതായും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. മരിച്ചതിനു ശേഷമാണ് കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിൽ കുഞ്ഞിന്റെ പിതാവ് കോന്തത്തൊടിക ഫായിസി(24) നെതിരെ കൊലക്കുറ്റം ചുമത്തി. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും കേസെടുത്തു.
ഒരാഴ്ചയോളം നീണ്ട ക്രൂരമർദനത്തെ തുടർന്നാണ് കുഞ്ഞിന്റെ മരണമെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോർട്ടിൽ പറയുന്നത്. കുഞ്ഞിന്റെ 7 വാരിയെല്ലുകൾ തകർന്നതായും തലച്ചോറിൽ രക്തസ്രാവമുണ്ടെന്നും ശരീരത്തിൽ അറുപതോളം ക്ഷതങ്ങളുള്ളതായുമാണ് പോസ്റ്റ് മോർട്ടത്തിലെ കണ്ടെത്തൽ. ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയതാണെന്നു പറഞ്ഞതിനു തെളിവുമില്ല.
നസ്റിനെ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് അനക്കമില്ലാത്ത നിലയിൽ കാളികാവിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയതാണെന്നാണ് പിതാവ് പറഞ്ഞത്. എന്നാൽ, ബന്ധുക്കൾ ഇക്കാര്യത്തിൽ സംശയമുന്നയിച്ചിരുന്നു. അവിടെനിന്ന് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചാണ് മരണം സ്ഥിരീകരിച്ചത്. ഡോക്ടർമാർ കുട്ടിയുടെ ശരീരത്തിൽ മുറിവുകൾ കണ്ടതോടെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിന് അയച്ചു.
advertisement
രാത്രി 7.30ന് പ്രാഥമിക റിപ്പോർട്ട് ലഭിച്ചതോടെയാണ് ക്രൂരമായ മർദനത്തിന്റെ വിവരങ്ങൾ പുറത്തായത്. കുട്ടിയെ കട്ടിലിൽ എടുത്ത് അടിച്ചും ശരീരത്തിൽ പരുക്കേൽപ്പിച്ചുമാണ് കൊന്നതെന്ന് കുട്ടിയുടെ മാതാവും ബന്ധുക്കളും മൊഴിനൽകിയിട്ടുണ്ട്.
കരുളായി സ്വദേശിയായ കുഞ്ഞിന്റെ മാതാവുമായി നാലുവർഷം മുൻപ് വാട്സാപ്പിലൂടെയാണ് ഫായിസ് പരിചയപ്പെട്ടത്. പ്രണയകാലത്തു ഗർഭിണിയായി. എന്നാൽ, ഫായിസിന് വിവാഹപ്രായമാകാതിരുന്നതിനാൽ കല്യാണം നടന്നില്ല. പിന്നീട് നസ്റിൻ ജനിച്ചശേഷം, കഴിഞ്ഞ വർഷമാണ് വിവാഹം നടന്നത്.
കുടുംബജീവിതത്തിൽ പ്രശ്നങ്ങളായിരുന്നെന്നും മരിച്ച കുട്ടിയും മാതാവും നിരന്തരം പീഡനത്തിനിരയായിരുന്നെന്നും ബന്ധുക്കൾ പറഞ്ഞു. ഫായിസിനെതിരെ നേരത്തേയുള്ള പീഡനക്കേസും നിലവിലുണ്ട്. ഇവർക്ക് 3 മാസമായ ഒരു കുട്ടികൂടിയുണ്ട്. നസ്റിന്റെ കബറടക്കം ഇന്നലെ രാത്രി നടത്തി. ഉദിരംപൊയിലിലെ ഫായിസിന്റെ വീട് പൊലീസ് സീൽ ചെയ്‌തിട്ടുണ്ട്.
Location :
Malappuram,Malappuram,Kerala
First Published :
March 26, 2024 12:20 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
സിഗരറ്റ് കുറ്റികൊണ്ട് കുത്തി; 7 വാരിയെല്ലൊടിച്ചു; മലപ്പുറത്തെ രണ്ടരവയസുകാരിയെ ക്രൂരമായ ഉപദ്രവിച്ച പിതാവിനെതിരെ കൊലക്കുറ്റം