കന്നുകാലി കച്ചവടത്തിൽ നിന്ന് ലഹരി കടത്തിലേക്ക്; കോഴിക്കോട് എംഡിഎംഎയുമായി യുവതിയും യുവാവും അറസ്റ്റിൽ
- Published by:Sarika N
- news18-malayalam
Last Updated:
ഡൽഹിയിൽ നിന്ന് ലഹരിയുമായി പ്രതി നാട്ടിലെത്തിയെന്ന രഹസ്യവിവരത്തെത്തുടർന്നായിരുന്നു പോലീസിന്റെ നീക്കം
കോഴിക്കോട്: മുക്കത്ത് നിന്ന് വൻതോതിൽ എംഡിഎംഎയുമായി യുവാവിനെയും യുവതിയെയും റൂറൽ ഡാൻസാഫ് സംഘം പിടികൂടി. മുക്കം സ്വദേശി മുഹമ്മദ് ഹനീഫ (36), ബേപ്പൂർ സ്വദേശി റെയ്ഹാനത്ത് (45) എന്നിവരാണ് പോലീസ് അറസ്റ്റ് ചെയ്തത്. രാജ്യാന്തര വിപണിയിൽ കോടികൾ വിലമതിക്കുന്ന ഏകദേശം 2.7 കിലോ ഗ്രാം മാരക ലഹരിമരുന്നാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്.
മുക്കം മിനി സിവിൽ സ്റ്റേഷന് സമീപമുള്ള ബസ് സ്റ്റോപ്പിൽ വെച്ച് 517 ഗ്രാം എംഡിഎംഎയുമായാണ് ഹനീഫ ആദ്യം പിടിയിലായത്. കോഴിക്കോട് റൂറൽ എസ്പി ടി. ഫറാഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഇയാളെ ദീർഘനാളായി നിരീക്ഷിച്ചു വരികയായിരുന്നു. ഡൽഹിയിൽ നിന്ന് ലഹരിയുമായി ഹനീഫ നാട്ടിലെത്തിയെന്ന രഹസ്യവിവരത്തെത്തുടർന്നായിരുന്നു പോലീസിന്റെ നീക്കം.
ഹനീഫയെ ചോദ്യം ചെയ്തതിനെത്തുടർന്ന് മണാശ്ശേരി കയ്യേരിക്കലിൽ ഇയാൾ വാടകയ്‌ക്കെടുത്ത വീട്ടിൽ നടത്തിയ പരിശോധനയിലാണ് റെയ്ഹാനത്ത് പിടിയിലാവുന്നത്. ഈ വീട്ടിൽ ഒളിപ്പിച്ച നിലയിൽ 2.286 കിലോഗ്രാം എംഡിഎംഎ കൂടി പോലീസ് കണ്ടെടുത്തു. ലഹരിമരുന്ന് ഇടപാടുകൾക്കായി മാത്രം വാടകയ്‌ക്കെടുത്ത ഈ വീട്ടിൽ നിന്ന് നോട്ടെണ്ണുന്ന മെഷീൻ, ലഹരി പാക്ക് ചെയ്യുന്നതിനുള്ള കവറുകൾ, ഡിജിറ്റൽ ത്രാസുകൾ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.
advertisement
ഡൽഹി, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്ന് വിമാനമാർഗ്ഗം ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് ഹനീഫയെന്ന് പോലീസ് പറഞ്ഞു. വിമാനത്തിൽ ഡൽഹിയിലേക്ക് പോവുകയും തിരിച്ച് ട്രെയിൻ മാർഗ്ഗം ലഹരിമരുന്ന് കേരളത്തിൽ എത്തിക്കുകയുമായിരുന്നു ഇയാളുടെ രീതി. വർഷങ്ങളായി ഒഡീഷയിൽനിന്നും കന്നുകാലികളെ ഇറക്കി ആന്ധ്രയിലും മറ്റും വിൽപന നടത്തിയിരുന്ന ഹനീഫ പിന്നീട് വൻ ലാഭം ലക്ഷ്യമിട്ട് ലഹരി മാഫിയയിലേക്ക് മാറുകയായിരുന്നു. തുച്ഛമായ പ്രതിഫലം നൽകിയാണ് ഇയാൾ റെയ്ഹാനത്തിനെ സംഘത്തിൽ ഉൾപ്പെടുത്തിയത്.
നർകോട്ടിക് സെൽ ഡിവൈഎസ്പി ഉത്തംദാസ്, താമരശ്ശേരി ഡിവൈഎസ്പി വിനോദ് കുമാർ എന്നിവരുടെ നിർദ്ദേശപ്രകാരം ഡാൻസാഫ് എസ്ഐമാരായ വിനീത് വിജയൻ, രാജീവ് ബാബു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ കുടുക്കിയത്. ലഹരി ശൃംഖലയിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരികയാണെന്നും പോലീസ് വ്യക്തമാക്കി.
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
Apr 03, 2026 8:10 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കന്നുകാലി കച്ചവടത്തിൽ നിന്ന് ലഹരി കടത്തിലേക്ക്; കോഴിക്കോട് എംഡിഎംഎയുമായി യുവതിയും യുവാവും അറസ്റ്റിൽ









