Drug case|മൂന്ന് വർഷമായി ദുബായിലാണെന്ന് കരുതിയ മകൻ കഞ്ചാവ് കേസിൽ പിടിയിൽ; വിശ്വസിക്കാനാകാതെ വീട്ടുകാർ
- Published by:Naseeba TC
- news18-malayalam
Last Updated:
വീട്ടുകാർ ദുബായിലാണെന്ന് കരുതിയിരുന്ന ഷിഹാബ് നാട്ടിലെ കഞ്ചാവ് കടത്ത് സംഘത്തിലെ പ്രധാനി
പാലക്കാട്: ഇന്നലെയാണ് പാലക്കാട് കഞ്ചിക്കോട് (Kanjikkode)എക്സൈസിനെ (Excise) വെട്ടിച്ചോടിയ കാറിൽ നിന്ന് 54 കിലോ കഞ്ചാവ് (Ganja Seized)പിടികൂടിയത്. കേസിൽ തിരൂരങ്ങാടി സ്വദേശി രഞ്ജിത്, തിരൂർ സ്വദേശി ഷിഹാബ് എന്നിവരെ അറസ്റ്റു ചെയ്തു. ഇതിൽ ഷിഹാബിന്റെ അറസ്റ്റ് വിവരം വീട്ടിലറിയ്ക്കാനായി എക്സൈസ് വിളിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരം പുറത്തായത്.
തിരൂർ കന്മനം സ്വദേശി ഷിഹാബ് ദുബായിലാണെന്നായിരുന്നു വീട്ടുകാർ കരുതിയിരുന്നത്. നിങ്ങൾക്ക് ആളുമാറിയിട്ടുണ്ടാവും എന്നായിരുന്നു ഷിഹാബിന്റെ പിതാവ് എക്സൈസിനോട് പറഞ്ഞത്. ഇതോടെ എക്സൈസിനും ആശയക്കുഴപ്പമായി. അവർ ഷിഹാബിന്റെ ഫോട്ടോ വീട്ടിലേക്ക് അയച്ചുകൊടുത്തതോടെയാണ് മകൻ ഇത്രയും നാൾ ദുബായിലാണെന്ന് പറഞ്ഞത് നുണയായിരുന്നുവെന്ന് ബോധ്യമായത്. ഇയാൾ കഴിഞ്ഞ മൂന്ന് വർഷത്തോളമായി വിദേശത്താണ് എന്നായിരുന്നു വീട്ടുകാരും നാട്ടുകാരും കരുതിയിരുന്നത്.
ദിവസവും ശിഹാബ് ദുബായിൽ നിന്നാണെന്ന് പറഞ്ഞ് ഫോൺ ചെയ്യാറുണ്ടായിരുന്നു. അവിടെ സൂപ്പർ മാർക്കറ്റിലാണു ജോലിയെന്നാണ് ഇയാൾ വീട്ടുകാരോട് പറഞ്ഞിരുന്നത്. ഇതുകൊണ്ടാണ് ഷിഹാബ് അറസ്റ്റിലാണെന്ന് പറഞ്ഞിട്ടും വീട്ടുകാർ വിശ്വസിക്കാതിരിക്കാൻ കാരണം. ഷിഹാബിന്റെ കൈവശം ഇന്തോനേഷ്യൻ സിം ഉണ്ടായിരുന്നുവെന്നും ഇതുപയോഗിച്ച് ഇന്റർനെറ്റ് കോളാണ് ഇയാൾ ചെയ്തിരുന്നതെന്നും എക്സൈസ് പറഞ്ഞു.
advertisement
ദുബായിൽ നിന്നാണെന്ന രീതിയിൽ എല്ലാ മാസവും മുടങ്ങാതെ പണം അയക്കാറുണ്ടെന്നും വീട്ടുകാർ പറയുന്നു. തുടർന്ന് ഷിഹാബിനെ ചോദ്യം ചെയ്തതോടെയാണ് വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ച കഥ പുറത്തായത്. നാട്ടിൽ നിന്നും മാറിയ ഇയാൾ ഏറെയും തമിഴ്നാട്ടിലായിയിരുന്നു കഴിഞ്ഞിരുന്നത്. ഇടയ്ക്ക് മലപ്പുറത്തും വന്ന് പോവാറുണ്ടായിരുന്നു. കഞ്ചാവ് ഉൾപ്പടെയുള്ള ലഹരി കടത്തിലൂടെ ലഭിച്ചിരുന്ന പണമാണ് ഇയാൾ വീട്ടിലേക്ക് അയച്ചിരുന്നതെന്നും കണ്ടെത്തി.
advertisement
അന്തർ സംസ്ഥാന ലഹരി കടത്ത് സംഘത്തിലെ പ്രധാന പ്രതിയാണ് ഷിഹാബ്. ഷിഹാബിനെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. കഞ്ചിക്കോട് ദേശീയ പാതയിൽ ഇന്നലെ രാവിലെയാണ് എക്സൈസ് നടത്തിയ വാഹന പരിശോധനക്കിടെ രണ്ടു കാറുകൾ നിർത്താതെ പോയത്. ഇതോടെ സംശയം തോന്നി പിന്തുടർന്നപ്പോഴാണ് കാറിൽ നിന്നും അമ്പത് കിലോയോളം കഞ്ചാവ് പിടികൂടിയത്.
അമിത വേഗതയിൽ പോയ കാർ കഞ്ചിക്കോട് വെച്ച് ലോറിയിടിച്ച് അപകടമുണ്ടായി. വാഹനത്തിൽ നിന്നും ഇറങ്ങിയോടാൻ ശ്രമിച്ച രണ്ടു പേരെ എക്സൈസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് കാറിൽ പരിശോധന നടത്തിയപ്പോഴാണ് മൂന്നു ചാക്കുകളിലായി കഞ്ചാവ് കണ്ടെത്തിയത്. കേസിൽ തിരൂരങ്ങാടി സ്വദേശി രഞ്ജിത്, തിരൂർ സ്വദേശി ഷിഹാബ് എന്നിവരെ അറസ്റ്റു ചെയ്തു.
advertisement
ഇവരോടൊപ്പം ഉണ്ടായിരുന്ന മറ്റൊരു കാർ എക്സൈസിനെ വെട്ടിച്ച് കടന്നുകളഞ്ഞതായി അധികൃതർ പറഞ്ഞു. ചെന്നൈയിൽ നിന്നും തിരൂരിലേക്കാണ് കഞ്ചാവ് കടത്തിയതെന്ന് പ്രതികൾ മൊഴി നൽകി. മുൻപും ഇവർ കഞ്ചാവ് കടത്തിയിട്ടുണ്ടെന്നും എക്സൈസ് വ്യക്തമാക്കി.
കഞ്ചാവ് കടത്ത് വ്യാപകമായതോടെ പരിശോധന ശക്തമാക്കിയതായി അധികൃതർ പറഞ്ഞു. കഴിഞ്ഞ ദിവസം മണ്ണാര്‍ക്കാട് നിന്നും കാറിൽ കടത്തുകയായിരുന്ന ഇരുന്നൂറ് കിലോ കഞ്ചാവും 357 ഗ്രാം ഹാഷിഷും പിടികൂടിയിരുന്നു.
Location :
First Published :
Nov 07, 2021 1:40 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Drug case|മൂന്ന് വർഷമായി ദുബായിലാണെന്ന് കരുതിയ മകൻ കഞ്ചാവ് കേസിൽ പിടിയിൽ; വിശ്വസിക്കാനാകാതെ വീട്ടുകാർ










