ഏഴ് മാസം ഗർഭിണിയായ ഭാര്യയെ വിവാഹം കഴിഞ്ഞിട്ട് എട്ടാം മാസം കുത്തിക്കൊലപ്പെടുത്തിയ ഭർത്താവ് പിടിയിൽ
- Published by:Sarika N
- news18-malayalam
Last Updated:
പ്രതി തന്നെയാണ് കൊലപാതകവിവരം പോലീസിനെ അറിയിച്ചത്
ഉത്തർപ്രദേശ്: ഏഴ് മാസം ഗർഭിണിയായ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ മീററ്റിൽ ആണ് സംഭവം. സപ്ന (25) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് രവിശങ്കറിനെ (28) പോലീസ് അറസ്റ്റ് ചെയ്തു. യുവതിയെ ഭർത്താവ് മുറിയിൽ പൂട്ടിയിട്ട ശേഷം കത്തികൊണ്ട് കുത്തികൊലപ്പെടുത്തിയതായി പോലീസ് അറിയിച്ചു. പ്രതി തന്നെയാണ് കൊലപാതകവിവരം പോലീസിനെ അറിയിച്ചത്.
ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. പോലീസ് പറയുന്നതനുസരിച്ച് സപ്ന കഴിഞ്ഞ അഞ്ച് മാസമായി അംഹേരയിലെ സഹോദരി പിങ്കിയുടെ ഭർതൃവീട്ടിലാണ് താമസിച്ചിരുന്നത്. ഈ വർഷം ജനുവരിയിൽ ആണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. ഭർത്താവുമായുള്ള തുടർച്ചയായ തർക്കത്തെ തുടർന്ന് യുവതി സഹോദരിയുടെ വീട്ടിലേക്ക് താമസം മാറുകയായിരുന്നു എന്ന് പോലീസ് അറിയിച്ചു.
കൃത്യം നടന്ന ദിവസം യുവതിയെ കാണാൻ പ്രതി സഹോദരിയുടെ വീട്ടിലെത്തിയിരുന്നു. സപ്നയോട് തനിച്ച് സംസാരിക്കണം എന്നുപറഞ്ഞ് മുറിയിൽ കയറി വാതിലടച്ചു. എന്നാൽ അൽപസമയത്തിനകം മുറിയിൽ നിന്ന് നിലവിളി കേൾക്കാൻ തുടങ്ങി. വീട്ടുകാർ വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും അത് ഉള്ളിൽ നിന്ന് പൂട്ടിയിരുന്നു. മുറിക്കുള്ളിൽ വച്ച് ആദ്യം രവിശങ്കർ സപ്നയുടെ കഴുത്തറുത്തു. പിന്നാലെ നിരവധി തവണ കുത്തി അവളുടെ മരണം ഉറപ്പാക്കി.
advertisement
അതേസമയം, യുവതിയുടെ മരണം ഉറപ്പാക്കിയ ശേഷം പ്രതി പോലീസിനെ വിളിച്ചു. വിവരം ലഭിച്ചയുടൻ പോലീസ് സ്ഥലത്തെത്തി. മുറിയുടെ വാതിൽ പൊളിച്ചാണ് പോലീസ് അകത്ത് പ്രവേശിച്ചത്. മുറിക്കുള്ളിലെത്തിയപ്പോൾ രക്തം പുരണ്ട കത്തിയുമായി സപ്നയുടെ മൃതദേഹത്തിനടുത്തിരിക്കുന്ന രവിശങ്കറിനെയാണ് പോലീസ് കണ്ടത്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത പോലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. യുവതിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു. കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.
Location :
Uttar Pradesh
First Published :
August 03, 2025 9:33 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഏഴ് മാസം ഗർഭിണിയായ ഭാര്യയെ വിവാഹം കഴിഞ്ഞിട്ട് എട്ടാം മാസം കുത്തിക്കൊലപ്പെടുത്തിയ ഭർത്താവ് പിടിയിൽ