പാകിസ്ഥാനിലെ ജയിലില്‍ മരിച്ച പാലക്കാട് കപ്പൂര്‍ സ്വദേശി സുള്‍ഫിക്കര്‍ (48 ) ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിലെ അംഗങ്ങളുമായി ബന്ധപ്പെട്ടിരുന്നതായി റിപ്പോര്‍ട്ട്. ഐഎസ് അംഗങ്ങളുമായി ബന്ധം സ്ഥാപിച്ചിരുന്നത് സംബന്ധിച്ച് ഇയാൾക്കെതിരെ ഭീകരവാദ വിരുദ്ധ സേന (ആന്‍റി ടെററിസ്റ്റ് സ്ക്വാഡ്-എടിഎസ്) എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പാക്കിസ്ഥാന്‍ ജയിലിലടച്ച ഇയാള്‍ മരണപ്പെട്ടതായി കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു.
ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധം പുലര്‍ത്തിയവർക്ക് എതിരായി 2020ല്‍ രജിസ്റ്റര്‍ ചെയ്ത എഫ്ഐആറിലാണ് ഇയാളുടെ പേരുള്ളത്. സുള്‍ഫിക്കര്‍ ദീര്‍ഘകാലം ദുബായില്‍ ജോലി ചെയ്തിരുന്നു. 2018 ല്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരുന്നതിനായി അഫ്ഗാനിസ്ഥാനിലേക്ക് കടക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട് ഇയാള്‍ കേരളത്തിലെത്തിയിരുന്നു. കേരളത്തില്‍ നിന്നും വീണ്ടും ഇറാനിലേക്ക് പോകാന്‍ വിസയ്ക്ക് അപേക്ഷിച്ചപ്പോഴാണ് ഇയാള്‍ക്കെതിരെ കേന്ദ്ര രഹാസ്യാന്വേണ വിഭാഗവും പോലീസും അന്വേഷണം ആരംഭിച്ചത്.ഐഎസില്‍ ചേര്‍ന്നവരില്‍ ഏറെയും ഇറാന്‍ വഴിയാണ് അഫ്ഗാനിസ്ഥാനിലേക്ക് പോയിട്ടുള്ളതെന്നാണ് സൂചന.
പാകിസ്ഥാൻ പട്ടാളം അറസ്റ്റ് ചെയ്ത പാലക്കാട് സ്വദേശി കറാച്ചി ജയിലിൽ മരിച്ചു
2018 വരെയുള്ള കാലയളവില്‍ ഐഎസില്‍ ചേര്‍ന്ന മലയാളികളില്‍ പലരുമായി സുള്‍ഫിക്കര്‍ നിരന്തര സമ്പര്‍ക്കം പുലര്‍ത്തിയിരുന്നതായും അവരുടെ ആശയഗതികളുമായി അനുഭാവം പ്രകടിപ്പിച്ചിരുന്നതായും പോലീസിനും ഏജന്‍സികള്‍ക്കും ഈ ഘട്ടത്തിലാണ് വിവരം ലഭിച്ചത്. ഇതിന് ശേഷം ഖത്തറിലെത്തി വിസയെടുത്ത് ഇറാനിലേക്ക് പോയി . ഇതിന് ശേഷം സുള്‍ഫിക്കര്‍ക്ക് എന്ത് സംഭവിച്ചു എന്നത് സംബന്ധിച്ച് ഔദ്യോഗിക രേഖകളൊന്നും ലഭ്യമല്ല. പാകിസ്ഥാന്‍ ജയിലില്‍ വെച്ച് ഇയാള്‍ മരിച്ചതായി കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു.
കേരളത്തില്‍ നിന്ന് ഐഎസില്‍ ചേര്‍ന്നവരുമായി ഇയാള്‍ക്ക് സമ്പര്‍ക്കം ഉണ്ടായിരുന്നതായി കേന്ദ്ര ഏജന്‍സികള്‍ സ്ഥിരീകരിക്കുന്നു. അങ്ങനെ ഏതെങ്കിലും തരത്തില്‍ ഐഎസുമായി അനുഭാവവും ബന്ധവും ഉളളവരെ സംബന്ധിച്ച എഫ്ഐആറിലാണ് സുള്‍ഫിക്കറുടെ പേരുള്ളത്. ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ടവരും ജീവിച്ചിരുപ്പുണ്ടോ എന്ന് സ്ഥിരീകരിക്കാന്‍ കഴിയാത്തവരും ഈ പട്ടികയിലുണ്ട്. എന്നാല്‍ സുള്‍ഫിക്കര്‍ ഐഎസില്‍ ചേര്‍ന്നോ എന്നത് സംബന്ധിച്ച് വ്യക്തമായ തെളിവുകള്‍ ഇതുവരെ ലഭിച്ചിട്ടില്ല. അതിര്‍ത്തി ലംഘിച്ച് പാക്കിസ്ഥാനിലെത്തിയ ഇയാളെ പോലീസ് പിടികൂടി ജയിലിലടക്കുകയായിരുന്നു എന്നാണ് വിവരം.
തിങ്കളാഴ്ച പഞ്ചാബ് അതിർത്തിയായ അട്ടാറയിൽ എത്തിക്കുന്ന മൃതദേഹം ഏറ്റുവാങ്ങി ബന്ധുക്കൾക്ക് കൈമാറാനുള്ള നടപടി സ്വീകരിക്കാൻ ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിർദേശം നൽകിയിരുന്നു. എന്നാല്‍ മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ തയാറാകാതിരുന്നതോടെ അമൃത്സറില്‍ തന്നെ കബറടക്കാനാണ് സാധ്യത.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: ISIS, Islamic state, Pakistan, Palakkad