Gold Smuggling Case | സ്വർണ്ണക്കടത്ത് കേസിൽ 4 പേർ കൂടി അറസ്റ്റിൽ; വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് NIA
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് എൻ.ഐ.എ അറസ്റ്റു ചെയ്ത പ്രതികളുടെ എണ്ണം 24 ആയി.
കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ എൻ.ഐ.എയുടെ അറസ്റ്റ് തുടരുന്നു. ബുധനാഴ്ച നാലു പേരെയാണ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് സ്വദേശികളായ ജിഫ്സൽ, മുഹമ്മദ് അബ്ദു ഷമീം, മലപ്പുറം സ്വദേശികളായ അബൂബക്കർ , അബ്ദുൾ ഹമീദ് പി.എം എന്നിവരാണ് അറസ്റ്റിലായത്. സ്വർണ്ണക്കടത്തിന് പണം നൽകുക, കടത്തിയ സ്വർണ്ണം വിറ്റഴിക്കുക തുടങ്ങിയവയാണ് ഇവരുടെ പേരിലുള്ള കുറ്റം. പ്രതികളുടെ വീടുകളിലും സ്ഥാപനങ്ങളിലും എൻ.ഐ.എ.റെയ്ഡ് നടത്തി.
ഇന്ന് അറസ്റ്റിലായ അബുബക്കറുടെ ഉടമസ്ഥതയിലുള്ള മലബാർ ജ്വല്ലറി, അബ്ദുൾ ഹമീദിൻ്റെ ഉടമസ്ഥതയിലുള്ള അമീൻ ജ്വല്ലറി, ഷംസുദീൻ്റെ ഉടമസ്ഥതയിലുള്ള അംബി ജ്വല്ലറി എന്നിവിടങ്ങളിലും എൻ.ഐ.എ. റെയ്ഡ് നടത്തി. നിരവധി രേഖകളും ഡിജിറ്റൽ തെളിവുകളും ഇവിടെ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഇതോടെ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് 24 പ്രതികളെ എൻ.ഐ.എ.അറസ്റ്റ് ചെയ്തു.
ഈ മാസം 14 ന് നാല് പ്രതികളെ എൻ.ഐ.എ.അറസ്റ്റ് ചെയ്തിരുന്നു. മലപ്പുറം സ്വദേശികളായ മുഹമ്മദ് അൻവർ ടി.എം, ഹംസദ് അബ്ദു സലാം, ഹംജദ് അലി, കോഴിക്കോട് സ്വദേശി സംജു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കസ്റ്റംസ് നേരത്തെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. മലപ്പുറത്തും കോഴിക്കോടും പ്രതികളുടെ വീട് ഉൾപ്പടെ 6 സ്ഥലത്ത് എൻ.ഐ.എ.റെയ്ഡ് നടത്തി ഡിജിറ്റൽ ഉപകരണങ്ങളും രേഖകളും പിടിച്ചെടുത്തു.
advertisement
നേരത്തെ അറസ്റ്റ് ചെയ്ത എ.എം.ജലാൽ, മുഹമ്മദ് ഷാഫി, സെയ്ദ് അലവി, അബ്ദു പി.ടി.എന്നിവരെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് മുഹമ്മദ് അൻവർ ടി.എം, ഹംസദ് അബ്ദു സലാം, ഹംജദ് അലി, സംജു എന്നിവരെ അറസ്റ്റ് ചെയ്തത്. ഇവരാണ് രാജ്യത്തേക്ക് സ്വർണ്ണം കടത്താൻ പണം നൽകിയതെന്ന് എൻ.ഐ.എ. വെളിപ്പെടുത്തി. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകും.
ഇപ്പോൾ വിദേശത്ത് കഴിയുന്ന ഫൈസൽ ഫരീദ്, റബിൻസ് എന്നിവരെ നാട്ടിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് എൻ.ഐ.എ. ഡിപ്ലോമാറ്റിക് ബാഗേജ് വഴി 21 തവണ ഇവർ സ്വർണം കടത്തിയെന്നാണ് എൻ.ഐ.എ.യുടെ നിഗമനം. അവസാന രണ്ട് തവണ മാത്രമാണ് ഫൈസൽ ഫരിദ് സ്വന്തം മേൽവിലാസത്തിൽ നിന്ന് സ്വർണ്ണം അയച്ചത്. ഇവർ അറസ്റ്റിലാകുന്നതോടെ സ്വർണ്ണക്കടത്തിലെ തീവ്രവാദ ബന്ധം സംബന്ധിച്ച് കൂടുതൽ സൂചനകൾ ലഭിക്കുമെന്നാണ് പ്രതീക്ഷ.
Location :
First Published :
August 26, 2020 9:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Gold Smuggling Case | സ്വർണ്ണക്കടത്ത് കേസിൽ 4 പേർ കൂടി അറസ്റ്റിൽ; വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് NIA