ആലപ്പുഴ വള്ളികുന്നത്ത് പത്തൊമ്പതുകാരി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച സംഭവം; സ്ത്രീധന പീഡനമെന്ന് പൊലീസ്
- Published by:Jayashankar AV
- news18-malayalam
Last Updated:
പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ട് സുചിത്രയെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നതായും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും പൊലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ആലപ്പുഴ: വള്ളികുന്നത്ത് 19 കാരി ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ ഭര്‍ത്താവിന്റെ മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കടുവിനാല്‍ ലക്ഷ്മി ഭവനത്തില്‍ സുലോചനയെയും ഉത്തമനെയുമാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂണ്‍ 22നാണ് സുചിത്രയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
വിവാഹം കഴിഞ്ഞ് മൂന്നു മാസം തികഞ്ഞതിന്റെ പിറ്റേ ദിവസമാണ് കൃഷ്ണപുരം സ്വദേശിയായ സുചിത്രയെ ഭര്‍ത്താവ് വിഷ്ണുവിന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.ഈ സമയം ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സൈനികനായ ഭര്‍ത്താവ് വിഷ്ണു അവധിക്ക് ശേഷം ജോലി സ്ഥലത്തേക്ക് മടങ്ങി പോയിരുന്നു.
അസ്വാഭാവിക മരണത്തിന് വള്ളികുന്നം പൊലീസ് കേസെടുത്തെങ്കിലും മകള്‍ ഭര്‍തൃവീട്ടില്‍ നിരന്തരം സ്ത്രീധന പീഡനത്തിനിരയതായി സുചിത്രയുടെ മാതാപിതാക്കള്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി. തുടര്‍ന്ന് കേസന്വേഷണം ചെങ്ങന്നൂര്‍ ഡി വൈ എസ്പി ക്ക് കൈമാറി. വിവാഹ സമയത്ത് നല്‍കിയ സ്വര്‍ണത്തിനും കാറിനും പുറമെ 10 ലക്ഷം കൂടി വിഷ്ണുവിന്റെ വീട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു. പിന്നീട് നല്‍കാമെന്ന് പറഞ്ഞെങ്കിലും പണം ആവശ്യപ്പെട്ട് ഭര്‍തൃവീട്ടുകാര്‍ നിരന്തരം മകളെ പീഡിപ്പിച്ചിരുന്നതായി സുചിത്രയുടെ മാതാപിതാക്കള്‍ മൊഴി നല്‍കി.
advertisement
വിഷ്ണുവിന് നേരത്തെ പറഞ്ഞുറപ്പിച്ച വിവാഹവും സ്ത്രീധനത്തിന്റെ പേരില്‍ മുടങ്ങിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. സ്ത്രീധന പീഡനത്തിന് കേസെടുത്ത പൊലീസ്
ഭര്‍ത്താവിന്റെ മാതാപിതാക്കളായ ഉത്തമന്‍, സുലോചന എന്നിവരെ അറസ്റ്റ് ചെയ്തു. ഇവര്‍ പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ട് സുചിത്രയെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നതായും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും പൊലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
വിഷ്ണുവിന്റെ സഹോദരിക്കായാണ് പത്ത് ലക്ഷം ആവശ്യപ്പെട്ടിരുന്നതായാണ് കുടുംബം പറയുന്നത്.വിവാഹം കഴിഞ്ഞതോടെ ഭര്‍തൃവീട്ടില്‍ സുചിത്രയ്ക്ക് കടുത്ത പീഡനമാണ് നേരിടേണ്ടിവന്നതെന്ന് സുചിത്രയുടെ മാതാപിതാക്കളായ സുനിലും സുനിതയും ആരോപിക്കുന്നു. രണ്ട് പെണ്‍മക്കളില്‍ മൂത്തയാളാണ് സുചിത്ര. പലസ്ഥലങ്ങളില്‍ നിന്നായി നിരവധി വിവാഹാലോചകള്‍ വന്നെങ്കിലും വീട്ടില്‍ നിന്ന് ഏറെ അകലെയല്ലാത്തതും സൈനികനാണ് എന്നതുമാണ് വള്ളികുന്നം സ്വദേശിയായ വിഷ്ണുവിന്റെ വിവാഹാലോചനയില്‍ സുചിത്രയുടെ വീട്ടുകാര്‍ ആകൃഷ്ടരാകാന്‍ കാരണം.
advertisement
സ്ത്രീധനമായി 51 പവനും സ്‌കൂട്ടറുമായിരുന്നു സുചിത്രയുടെ വീട്ടുകാര്‍ വാഗ്ദാനം ചെയ്തത്. എന്നാല്‍ പിന്നീട് സ്‌കൂട്ടര്‍ പോര കാര്‍ വേണമെന്ന വിഷ്ണുവിന്റെ ആവശ്യത്തിനും വഴങ്ങുകയും ചെയ്തു. . സ്‌കൂട്ടറിന് പകരം കാര്‍ വേണമെന്ന ആവശ്യം പരിഗണിച്ചതോടെ സുചിത്രയുടെ ഏത് ആഗ്രഹത്തിനും വീട്ടുകാര്‍ വഴങ്ങുമെന്ന് വിഷ്ണുവിന്റെ വീട്ടുകാര്‍ക്ക് ബോദ്ധ്യപ്പെട്ടു. മകളെ വിവാഹം കഴിപ്പിച്ചയച്ച വകയില്‍ സ്ത്രീധനമായി നല്‍കാനുള്ള പത്ത് ലക്ഷം രൂപ സുചിത്രയുടെ വീട്ടുകാരില്‍ നിന്ന് ഈടാക്കാമെന്നായിരുന്നു വിഷ്ണുവിന്റെ മാതാപിതാക്കളുടെ പ്‌ളാന്‍.
advertisement
ഇതനുസരിച്ച് 10 ലക്ഷം രൂപ കൂടി സ്ത്രീധനമായി വേണമെന്ന് വിഷ്ണുവിന്റെ വീട്ടുകാര്‍ പറഞ്ഞു. എന്നാല്‍ പെട്ടെന്ന് അത്രയും പണം നല്‍കാന്‍ ബുദ്ധിമുട്ടാണെന്ന് സുനിലും സുനിതയും അറിയിച്ചതോടെ വിഷ്ണുവിന്റെ വീട്ടുകാര്‍ കുറച്ച് സ്വര്‍ണ്ണമെടുത്ത് പണയംവച്ചു. ബാക്കി സ്വര്‍ണ്ണം ലോക്കറില്‍വയ്ക്കാന്‍ സുനില്‍ വിഷ്ണുവിന്റെ വീട്ടുകാരോട് ആവശ്യപ്പെട്ടത് വീട്ടുകാര്‍ക്ക് ഇഷ്ടപ്പെട്ടില്ല. പീന്നീട് ആവശ്യപ്പെട്ട പണം നല്‍കാന്‍ സുചിത്രയുടെ വീട്ടുകാരും തയ്യാറായില്ല. വിവാഹത്തിന് നാട്ടിലെത്തിയവിഷ്ണു അവധി കഴിഞ്ഞ് ജോലി സ്ഥലത്തേക്ക് മടങ്ങിയപ്പോഴാണ് സുചിത്ര കൂടുതല്‍ പ്രതിസന്ധിയിലായതെന്ന് മാതാവ് സുനിത പറയുന്നു.
advertisement
സുചിത്രയുമായുള്ള വിവാഹം ഉറപ്പിക്കും മുമ്പ് വിഷ്ണുവിന് ഉറപ്പിച്ചിരുന്ന മറ്റൊരു വിവാഹം മുടങ്ങിയിരുന്നു. കല്യാണത്തിന് ഓഡിറ്റോറിയം ബുക്ക് ചെയ്യുകയും വിവാഹ വസ്ത്രങ്ങള്‍ വാങ്ങുകയും ചെയ്ത ശേഷം 80 പവന്‍ സ്വര്‍ണ്ണവും 10 ലക്ഷം രൂപ സ്ത്രീധനവും ആവശ്യപ്പെട്ടതോടെ പെണ്‍വീട്ടുകാര്‍ പിന്‍മാറുകയായിരുന്നു. ഇക്കാര്യങ്ങളും പൊലീസിനെ അറിയിച്ചിട്ടുണ്ടെന്ന് സുചിത്രയുടെ വീട്ടുകാര്‍ പറഞ്ഞു.
Location :
First Published :
July 26, 2021 7:03 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ആലപ്പുഴ വള്ളികുന്നത്ത് പത്തൊമ്പതുകാരി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച സംഭവം; സ്ത്രീധന പീഡനമെന്ന് പൊലീസ്


