ന്യൂഡൽഹി: നിര്‍ഭയക്കേസ് പ്രതികളുടെ വധശിക്ഷ വെവ്വേറെ നടപ്പാക്കാന്‍ ഉത്തരവിടണമെന്ന കേന്ദ്രസർക്കാരിന്റെ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. പ്രതികൾക്ക് ശിക്ഷ ഒരുമിച്ചു നൽകണമെന്നും കോടതി ഉത്തരവിട്ടു. നിയമ നടപടികൾ തീർക്കാൻ പ്രതികൾക്ക് ഒരാഴ്ച സമയം അനുവദിച്ചു. ഒരാഴ്ചയ്ക്കു ശേഷം വധശിക്ഷയ്ക്കുള്ള നടപടികൾ ആരംഭിക്കുമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് സുരേഷ് കെയ്ത് അധ്യക്ഷനായ ബെഞ്ചാണ് കേസിൽ വിധി പറഞ്ഞത്. കുറ്റവാളികളുടെ വധശിക്ഷയ്‍ക്കുള്ള മരണവാറന്റ് സ്റ്റേ ചെയ്തതിനെതിരെയാണ് കേന്ദ്ര സർക്കാരും തിഹാർ ജയിൽ അധികൃതരും ഹര്‍ജി നല്‍കിയത്.
ദയാഹര്‍ജികള്‍ തള്ളപ്പെട്ട പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ ഉത്തരവിടണമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദത്തിനിടെ ആവശ്യപ്പെട്ടിരുന്നു. അനിവാര്യമായത് നീട്ടിക്കൊണ്ടു പോകുകയാണ് പ്രതികളുടെ തന്ത്രമെന്നും നിയമപോംവഴിക്കു പ്രതികൾ കാലതാമസം വരുത്തുകയും രാജ്യത്തിന്റെ ക്ഷമ പരീക്ഷിക്കുകയും ചെയ്യുന്നതായും സോളിസിറ്റർ ജനറൽ വാദിച്ചിരുന്നു. എന്നാൽ ജയിൽച്ചട്ടം പ്രകാരം ഒരേ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികളുടെ വധശിക്ഷ ഒന്നിച്ചേ നടപ്പാക്കാൻ കഴിയുവെന്നു പ്രതിഭാഗം ചൂണ്ടിക്കാട്ടി.
കേസിലെ പ്രതി വിനയ്കുമാറിന്റെയും ദയാഹർജി തള്ളിയതിന് പിന്നാലെയാണ് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. മണിക്കൂറുകൾക്കകം മറ്റൊരു പ്രതിയായ അക്ഷയ് കുമാർ ദയാഹർജി സമർപ്പിച്ചു. മുകേഷ് കുമാർ സിങ്ങിന്റെ ഹർജി നേരത്തേ തള്ളിയിരുന്നു. പവൻ ഗുപ്തയാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മറ്റൊരു പ്രതി. അഭിഭാഷകൻ എ പി സിങ്ങാണ് അക്ഷയ്കുമാർ, പവൻ ഗുപ്ത, വിനയ്‌കുമാർ എന്നിവർക്കു വേണ്ടി ഹാജരായത്. മുതിർന്ന അഭിഭാഷക റെബേക്കാ ജോണാണ് മുകേഷ് കുമാറിനു വേണ്ടി ഹാജരായത്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.