അറസ്റ്റിലായ സീരിയൽ താരം കരൺ മേഹ്റയ്ക്കെതിരെ ഭാര്യ നൽകിയ പരാതിയിൽ പറഞ്ഞിരിക്കുന്നത് വിവാഹേതര ബന്ധവും ഗാർഹിക പീഡനവും. കഴിഞ്ഞ ദിവസമാണ് പ്രമുഖ ഹിന്ദി സീരിയൽ താരമായ കരൺ മേഹ്റയെ ഭാര്യയും നടിയുമായ
നിഷ റാവൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്തത്. മാധ്യമങ്ങൾക്ക് മുന്നിലാണ് കരണിനെതിരെ നിഷ നിരവധി ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്.
മകന് വേണ്ടി മാത്രമാണ് താൻ ഇപ്പോൾ ഇവിടെ നിൽക്കുന്നതെന്നും പതിനാല് വർഷത്തെ ദാമ്പത്യത്തിനിടയിൽ ഒരുപാട് കാര്യങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും ഇതൊന്നും ആർക്കും അറിയില്ലെന്നുമാണ് നിഷ റാവൽ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്.
മറ്റൊരു സ്ത്രീയുമായി ഭർത്താവിന് ബന്ധമുണ്ടായിരുന്നുവെന്നും തനിക്ക് ഇതിനെ കുറിച്ച് അറിയില്ലായിരുന്നുവെന്നും നിഷ പറയുന്നു. താൻ ഇതേ കുറിച്ച് അറിഞ്ഞതോടെ ബന്ധത്തെ കുറിച്ച് കരണും സമ്മതിച്ചു. സ്ത്രീയുമായി ശാരീരിക ബന്ധമുണ്ടായിരുന്നോ എന്നും ബന്ധം ഗൗരവമുള്ളതുമാണോ എന്ന് ചോദിച്ചപ്പോൾ ആ പെൺകുട്ടിയെ താൻ സ്നേഹിക്കുന്നുവെന്നും ശാരീരിക ബന്ധമുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന‍്റെ മറുപടി.
ഡൽഹിയിലുളള സ്ത്രീയുമായാണ് കരണിന് അടുപ്പമുണ്ടായിരുന്നത്. ടിവി പരിപാടിക്കായി ഛണ്ഡീഗഡിൽ പോയി താമസം തുടങ്ങിയതോടെയാണ് ഭർത്താവ് ആ സ്ത്രീയുമായി അടുപ്പം ആരംഭിച്ചത്. ഏറെ ഞെട്ടലുണ്ടാക്കുന്ന കാര്യമായിരുന്നു ഇത്. എങ്ങനെ പ്രതികരിക്കണമെന്നു പോലും അറിയാൻ പറ്റാത്ത അവസ്ഥ.
ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നറിഞ്ഞാൽ സാധാരണ ഭാര്യമാർ അക്രമാസക്തരായേക്കും. പക്ഷേ താൻ അങ്ങനെ ചെയ്തില്ല. അദ്ദേഹത്തോട് സംസാരിക്കാമെന്നാണ് താൻ പറഞ്ഞത്. അടുത്ത ദിവസം അദ്ദേഹത്തിന്റെ മാതാപിതാക്കളെ കണ്ട് കാര്യങ്ങൾ പറഞ്ഞു. പരസ്പരം സംസാരിച്ച് പ്രശ്നം പരിഹരിക്കാനായിരുന്നു അവർ നിർദേശിച്ചത്. കരൺ മാപ്പ് പറഞ്ഞ് താനുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹിക്കുകയും ചെയ്യുന്നെങ്കിൽ താൻ ശ്രമിക്കാമെന്നാണ് അവർക്ക് മറുപടി നൽകിയത്.
പക്ഷേ, അതിന് ശേഷം അദ്ദേഹത്തിന്റെ ഭാഗത്തു നിന്ന് യാതൊരു ശ്രമവും ഉണ്ടായില്ല, താൻ ഒരുപാട് പരിശ്രമിക്കുകയും ചെയ്തു. കഴിഞ്ഞ പതിനാല് വർഷമായി കരണിന്റെ സ്വഭാവം അറിയാം. അതിനാൽ തന്നെ ഇത് പുതിയ കാര്യമല്ല. അദ്ദേഹത്തിന്റെ പ്രതിച്ഛായയ്ക്ക് കോട്ടം തട്ടാതിരിക്കാൻ താൻ ശ്രമിച്ചു. കാരണം തങ്ങൾ രണ്ടുപേരും അഭിനേതാക്കളാണ്. തങ്ങളുടെ കരിയറിനെ ഇത് ബാധിച്ചേക്കാം. മാത്രമല്ല, ഒരു മകനുമുണ്ട്.
ഓരോ തവണയും അദ്ദേഹം ക്ഷമാപണം നടത്തുമ്പോൾ താൻ ക്ഷമിക്കും. അദ്ദേഹത്തെ വിശ്വസിക്കാനായിരുന്നു താത്പര്യം. പക്ഷേ, ഗാർഹിക പീഡനം ക്ഷമിക്കാവുന്നതല്ലെന്നും നിഷ റാവൽ മാധ്യമങ്ങളുടെ മുന്നിൽ പറഞ്ഞു.
ഹിന്ദി സീരിയൽ രംഗത്ത് ഏറെ പ്രശസ്തരായ താരദമ്പതികളായിരുന്നു കരൺ മേഹ്റയും നിഷ റാവത്തും. യേ രിഷ്താ ക്യാ കെഹ്ലാതാ എന്ന സീരിയലിലൂടെ ശ്രദ്ധേയനായ താരമാണ് കരൺ. നിരവധി ആരാധകരും ഈ സീരിയലിലൂടെ കരൺ നേടിയിരുന്നു. ഇരുവരും ഒന്നിച്ച് റിയാലിറ്റി ഷോയിലും പങ്കെടുത്തിട്ടുണ്ട്.
മെയ് ആദ്യമാണ് താരദമ്പതികൾ തമ്മിൽ സംഘർഷമുള്ളതായി ആദ്യം വാർത്തകൾ വരുന്നത്. എന്നാൽ ഈ വാർത്തകൾ കരൺ തള്ളിക്കളഞ്ഞിരുന്നു. എവിടെ നിന്നാണ് ഇത്തരം വാർത്തകൾ പ്രചരിക്കുന്നതെന്ന് അറിയില്ലെന്നും വാർത്തകൾ വന്നതിന് പിന്നാലെ നിരവധി ഫോൺ കോളുകളാണ് തനിക്ക് വന്നുകൊണ്ടിരിക്കുന്നതെന്നുമായിരുന്നു കരൺ അന്ന് പ്രതികരിച്ചത്. നിഷ റാവത്തും വാർത്ത നിഷേധിച്ച് രംഗത്തെത്തിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.