ഓഫീസിലെ പ്രണയപ്പകയിൽ HR മാനേജറെ തലയറുത്ത് കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ച 30കാരൻ പിടിയിൽ
- Published by:Rajesh V
- news18-malayalam
Last Updated:
ഓഫീസിൽ നിന്ന് ചാക്കിൽ കെട്ടിയ നിലയിൽ ഒരു മൃതദേഹം വലിച്ചിഴച്ചു കൊണ്ടുപോകുന്നതും പിന്നീട് സ്കൂട്ടറിൽ പാലത്തിന് നേരെ പോകുന്നതുമായ പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു
ഉത്തർപ്രദേശിലെ ആഗ്രയിൽ 30 വയസുകാരൻ തന്റെ ഓഫീസിലെ എച്ച് ആർ മാനേജറെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി യമുനാ നദിക്ക് കുറുകെയുള്ള പാലത്തിന് സമീപം ഉപേക്ഷിച്ചു. ജനുവരി 24നാണ് തലയില്ലാത്ത നിലയിൽ യുവതിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയായ വിനയ് സിംഗിനെ (30) പോലീസ് പിടികൂടി.
ആഗ്രയിലെ തേഡി ബാഗിയ സ്വദേശിനിയായ മിങ്കി ശർമയാണ് (32) കൊല്ലപ്പെട്ടത്. ജനുവരി 23ന് ഓഫീസിൽ പോയ മിങ്കി തിരികെ വരാത്തതിനെത്തുടർന്ന് കുടുംബം പരാതി നൽകിയിരുന്നു. ജനുവരി 24ന് പുലർച്ചെ ജവഹർ പാലത്തിന് സമീപം സംശയാസ്പദമായ രീതിയിൽ ഒരു ചാക്ക് കണ്ട നാട്ടുകാർ പോലീസിനെ വിവരമറിയിച്ചു. പരിശോധനയിൽ യുവതിയുടെ നഗ്നമായതും തലയറുത്തതുമായ മൃതദേഹം കണ്ടെത്തുകയായിരുന്നു. കാലുകളും മുറിച്ചുമാറ്റിയ നിലയിലായിരുന്നു.
അഞ്ച് പ്രത്യേക സംഘങ്ങൾ രൂപീകരിച്ച് നടത്തിയ അന്വേഷണത്തിൽ സിസിടിവി ദൃശ്യങ്ങൾ നിർണായകമായി. മിങ്കി ജോലി ചെയ്തിരുന്ന അതേ ഓഫീസിലെ കമ്പ്യൂട്ടർ ഓപ്പറേറ്ററായ വിനയ് സിംഗാണ് പ്രതിയെന്ന് പോലീസ് തിരിച്ചറിഞ്ഞു.
advertisement
ക്രൂരമായ കൊലപാതകം
ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. ഇരുവരും രണ്ട് വർഷമായി പ്രണയത്തിലായിരുന്നുവെന്നും എന്നാൽ മിങ്കിക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്ന് വിനയ് സംശയിച്ചിരുന്നതായും പോലീസ് പറഞ്ഞു. ഇത് സംബന്ധിച്ച തർക്കങ്ങൾ പതിവായിരുന്നു.
ജനുവരി 23ന് വിനയ് മിങ്കിയെ ഓഫീസിലേക്ക് വിളിച്ചുവരുത്തി. അവിടെ വെച്ചുണ്ടായ തർക്കത്തിനൊടുവിൽ കത്തി ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മൃതദേഹം വെട്ടിനുറുക്കി ചാക്കിലാക്കി. തല മറ്റൊരു ബാഗിലാക്കി. മിങ്കിയുടെ തന്നെ സ്കൂട്ടറിൽ മൃതദേഹം പാലത്തിൽ എത്തിച്ചു. നദിയിലേക്ക് എറിയാൻ ശ്രമിച്ചെങ്കിലും ഭാരം കാരണം സാധിച്ചില്ല. ആളുകൾ ശ്രദ്ധിക്കുന്നത് കണ്ട് ചാക്ക് പാലത്തിൽ ഉപേക്ഷിച്ചു. തലയും മൊബൈൽ ഫോണും വസ്ത്രങ്ങളും മറ്റൊരു ഓടയ്ക്ക് സമീപവും സ്കൂട്ടർ ആളൊഴിഞ്ഞ സ്ഥലത്തും ഉപേക്ഷിച്ചു.
advertisement
വിവാഹം കഴിക്കണമെന്ന വിനയ്‌യുടെ ആവശ്യം മിങ്കി നിരസിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് കരുതുന്നു. ഭാരതീയ ന്യായ സംഹിതയിലെ (BNS) കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകൾ പ്രകാരം പ്രതിക്കെതിരെ കേസെടുത്തു. കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും യുവതിയുടെ വസ്ത്രങ്ങളും പോലീസ് കണ്ടെടുത്തു.
Location :
Agra,Agra,Uttar Pradesh
First Published :
Jan 27, 2026 6:12 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഓഫീസിലെ പ്രണയപ്പകയിൽ HR മാനേജറെ തലയറുത്ത് കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ച 30കാരൻ പിടിയിൽ







