70,000 രൂപയ്ക്ക് ഒരു മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റ് പിതാവ്
- Published by:Naseeba TC
- news18-malayalam
Last Updated:
ഒരാഴ്ച്ച മുമ്പാണ് കുഞ്ഞിനെ നൽകിയാൽ പണം നൽകാമെന്ന് വാഗ്ദാനം ചെയ്ത് ദമ്പതികൾ മാതാപിതാക്കളെ സമീപിച്ചത്.
ഹൈദരാബാദ്: ഒരു മാസം പ്രായമായ കുഞ്ഞിനെ പിതാവ് 70,000 രൂപയ്ക്ക് വിറ്റു. ഹൈദരാബാദിൽ തെരുവിൽ താമസിക്കുന്ന യുവാവാണ് കുഞ്ഞിനെ പണത്തിനായി മറ്റൊരു ദമ്പതികൾക്ക് വിറ്റത്. കുഞ്ഞിന്റെ അമ്മ നൽകിയ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ കുഞ്ഞിനെ കണ്ടെത്തി.
ഒരാഴ്ച്ച മുമ്പാണ് കുഞ്ഞിനെ നൽകിയാൽ പണം നൽകാമെന്ന് വാഗ്ദാനം ചെയ്ത് ദമ്പതികൾ മാതാപിതാക്കളെ സമീപിച്ചത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് കുഞ്ഞിനെ കണ്ടെത്തിയത്. ദാരിദ്ര്യം മൂലമാണ് കുഞ്ഞിനെ വിറ്റതെന്നാണ് സൂചന.
ഭിക്ഷയെടുത്താണ് കുഞ്ഞിന്റെ മാതാപിതാക്കൾ ജീവിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. ദിവസങ്ങളോളം ഇവരെ നിരീക്ഷിച്ചതിനു ശേഷമാണ് ദമ്പതികൾ കുഞ്ഞിനെ വിലക്കു വാങ്ങാനായി സമീപിച്ചത്. എഴുപതിനായിരം രൂപ വാഗ്ദാനം ചെയ്തതോടെ പിതാവിനെ നൽകാൻ കുഞ്ഞിന്റെ അച്ഛൻ സമ്മതിക്കുകയായിരുന്നു.
ശിശു സംരക്ഷണ നിയമപ്രകാരം കേസെടുത്ത പൊലീസ് കുഞ്ഞിനെ ശിശുസംരക്ഷണ സമിതിക്ക് കൈമാറി. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
Location :
First Published :
January 04, 2021 3:31 PM IST


