ടെലിഗ്രാം വഴി ഷെയർ ട്രേഡിങ് തട്ടിപ്പ് നടത്തി ഡൽഹി സ്വദേശിനിയിൽ നിന്നും 4 ലക്ഷം തട്ടിയ വയനാട് സ്വദേശി പിടിയിൽ
- Published by:Sarika N
- news18-malayalam
Last Updated:
കഴിഞ്ഞ സെപ്റ്റംബറിലാണ് ടെലിഗ്രാം വഴി ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ് സംഘം ഡൽഹി സ്വദേശിനിയെ കുടുക്കിയത്
കൽപ്പറ്റ: ഓൺലൈൻ ട്രേഡിങ് വഴി വൻ ലാഭം വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത സംഘത്തിലെ പ്രധാനി പിടിയിൽ. വയനാട് സൈബർ പോലീസാണ് പ്രതിയെ പിടികൂടിയത്. വെങ്ങപ്പള്ളി സ്വദേശി അഷ്‌കർ അലി(30)യെയാണ് ബെംഗളൂരുവിൽ വെച്ച് സൈബർ ക്രൈം പൊലീസ് ഇൻസ്‌പെക്ടർ ഷജു ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഡൽഹി സ്വദേശിനിയിൽ നിന്നും നാല് ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.
കഴിഞ്ഞ സെപ്റ്റംബറിലാണ് ടെലിഗ്രാം വഴി ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ് സംഘം ഡൽഹി സ്വദേശിനിയെ കുടുക്കിയത്. യുവതി കൈമാറിയ പണത്തിൽ ഒന്നര ലക്ഷം രൂപ വൈത്തിരി സ്വദേശിയായ വിഷ്ണുവിന്റെ അക്കൗണ്ടിലേക്കാണ് എത്തിയത്. വിഷ്ണു ഈ തുക ചെക്ക് വഴി പിൻവലിച്ച് അഷ്‌കർ അലിക്ക് കൈമാറുകയായിരുന്നു. സംഭവത്തെ വിഷ്ണുവിനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
വിഷ്ണു പിടിയിലായ വിവരമറിഞ്ഞ അഷ്‌കർ അലി ഉത്തരേന്ത്യയിലേക്ക് കടന്നിരുന്നു. പിന്നീട് ബെംഗളൂരുവിൽ എത്തിയ ഇയാളെക്കുറിച്ച് വയനാട് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘം അവിടെയെത്തി പ്രതിയെ വലയിലാക്കിയത്. പ്രതിയുടെ ഫോണിൽ നിന്ന് ഒട്ടേറെ പേരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
advertisement
ഇയാൾ കൂടുതൽ പേരെ സമാനമായ രീതിയിൽ തട്ടിപ്പിന് ഇരയാക്കിയതായി സൂചന ലഭിച്ചതായി പോലീസ് അറിയിച്ചു. കൽപ്പറ്റ സി.ജെ.എം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സംഘത്തിലെ മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു. എ.എസ്.ഐമാരായ കെ. റസാഖ്, പി. ഹാരിസ്, സി.പി.ഒമാരായ ജോജി ലൂക്ക, ജിനീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Location :
Wayanad,Kerala
First Published :
Jan 27, 2026 8:26 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ടെലിഗ്രാം വഴി ഷെയർ ട്രേഡിങ് തട്ടിപ്പ് നടത്തി ഡൽഹി സ്വദേശിനിയിൽ നിന്നും 4 ലക്ഷം തട്ടിയ വയനാട് സ്വദേശി പിടിയിൽ








